ടെലിവിഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്കായുള്ള അയൽപക്ക പഠനകേന്ദ്രങ്ങൾ കെ.എസ്.എഫ്.ഇ സ്പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലിവിഷനുകൾ വാങ്ങുന്നതിനുള്ള ചെലവിന്റെ 75% കെ.എസ്.എഫ്.ഇ സബ്സിഡിയായി നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയതിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. അങ്ങനെ ഈ പഠനകേന്ദ്രങ്ങളെല്ലാം കെ.എസ്.എഫ്.ഇ സ്പോൺസർ ചെയ്യും. ടെലിവിഷന്റെ 25% ചെലവും കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകളും തദ്ദേശഭരണ സ്ഥാപനങ്ങളോ സ്പോൺസർമാരെയോ കണ്ടെത്തണം.
ഓരോ പഞ്ചായത്തിലും വീട്ടിൽ സ്വന്തമായി ടെലിവിഷൻ ഇല്ലാത്ത കുട്ടികളുടെ ലിസ്റ്റുകൾ പഞ്ചായത്തുകൾ അടിയന്തിരമായി തയ്യാറാക്കണം. ഇവരുടെ അയൽപക്കത്തു തന്നെ ഇവർക്ക് ടെലിവിഷൻ പ്രക്ഷേപണം കാണുന്നതിനുള്ള പൊതുകേന്ദ്രങ്ങൾ കണ്ടെത്തണം. ഇവ വായനശാലകളോ അങ്കണവാടികളോ സഹകരണ സ്ഥാപനങ്ങളോ അങ്ങനെയുള്ള ഏതു കേന്ദ്രവുമാകാം. കേന്ദ്രങ്ങളുടെ ലിസ്റ്റും അപേക്ഷ ഫാറവും പൂരിപ്പിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ കെ.എസ്.എഫ്.ഇ ഓഫീസുകളിൽ എത്തിക്കുകയാണ് വേണ്ടത്. ഇവയുടെയെല്ലാം വിശദാംശങ്ങൾ അടങ്ങിയ ഉത്തരവ് രണ്ടു ദിവസത്തിനുള്ളിൽ തദ്ദേശഭരണ വകുപ്പ് പുറപ്പെടുവിക്കും.
കുടുംബശ്രീ വഴി ലാപ്ടോപ്പുകൾ വാങ്ങുന്നതിനുള്ള ഒരു സ്കീമിനു കെ.എസ്.എഫ്.ഇ രൂപം നൽകുന്നുണ്ട്. കെ.എസ്.എഫ്.ഇ യുടെ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സിഡിഎസുകളിലാണ് ഈ സ്കീം നടപ്പാക്കുക. ഇതു സംബന്ധിച്ച് കോക്കോണിക്സും കുടുംബശ്രീയുമായി കെ.എസ്.എഫ്.ഇ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് പലതരം ആശങ്കളാണ് വായിക്കാൻ കഴിഞ്ഞത്. സ്കൂൾ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് പകരം ഇനി ഓൺലൈൻ വിദ്യാഭ്യാസമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഇന്നിപ്പോൾ ഇതേ കഴിയൂ എന്ന അവസ്ഥയെക്കുറിച്ച് ആർക്കെങ്കിലും തർക്കമുണ്ടോ? ഇനി അടുത്ത രണ്ട്-മൂന്ന് മാസം ഓരോ ദിവസവും രോഗവ്യാപനം വർദ്ധിക്കുകയേയുള്ളൂ. അതുവരെ ഓൺലൈൻ സമ്പ്രദായം സ്വീകരിക്കുകയേ മാർഗ്ഗമുള്ളൂ.
ഒരു കുട്ടിക്ക് ഒരു ദിവസത്തെ വിക്ടേഴ്സ് ചാനൽ ക്ലാസ്സുകൊണ്ട് എവിടെ എത്താൻ എന്നാണ് മറ്റുചിലരുടെ സംശയം. പോര. ഇപ്പോൾ ഇങ്ങനെ തുടങ്ങാം. താമസിയാതെ കൂടുതൽ ചാനലുകളിൽ ഏർപ്പാട് ചെയ്യാം. ചാനൽ സംപ്രേഷണത്തിനു പുറത്ത് മറ്റു ഓൺലൈൻ സൗകര്യങ്ങളുമുണ്ടാക്കും.
സ്കൂൾ കേന്ദ്രീകൃതമായി പരിഹാരബോധനത്തിനും സംശയനിവാരണത്തിനും എല്ലാമുള്ള ഏർപ്പാടുകൾ വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നുണ്ട്. ഇതിന് അനുബന്ധമായി ഓരോ പ്രദേശത്തുമുള്ള വിദ്യാഭ്യാസ പ്രവർത്തകർ, ലോക്കൽ ചാനലുകൾ, വാട്സാപ്പ് ഗ്രൂപ്പുകൾ, സമ്പർക്ക ക്ലാസുകൾ തുടങ്ങിയവ വഴിയും പിന്തുണ നൽകിയാൽ കൊവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല.
കടപ്പാട് Dr.T.M Thomas Isaac