മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് 83 പോയിന്റ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 34370.58പോയിന്റിലായിരുന്നു സെന്‍സെക്‌സ്. ഒരു ഘട്ടത്തില്‍ 34,927.80 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 25 പോയിന്റ് നേട്ടത്തോടെ 10,167.45ല്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 10,328.50 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
ഗെയില്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഗെയില്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍ എന്നിവ ഏഴ് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.
സൂചിക നേട്ടത്തിലായിരുന്നെങ്കിലും നിഫ്‌റ്റിയിലെ പകുതി ഓഹരികളും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി ഫാര്‍മ സൂചിക 1.41 ശതമാനം ഇടിവ് നേരിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഫാര്‍മ ഓഹരികളിലുണ്ടായ കുതിപ്പ് ഇന്ന് നിലനിര്‍ത്താനായില്ല.
അതേ സമയം ബാങ്കുകള്‍ നേട്ടമുണ്ടാക്കി. നിഫ്‌റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 1.28 ശതമാനം നേട്ടമുണ്ടാക്കി. നിഫ്‌റ്റി എനര്‍ജി സൂചികയും നേട്ടത്തിലായിരുന്നു.
യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗം ജൂണ്‍ 9,10 തീയതികളിലായാണ് നടക്കുന്നത്. യോഗ തീരുമാനങ്ങള്‍ ഓഹരി വിപണിക്ക് നിര്‍ണായകമാകും.