1990ലെ ഗള്‍ഫ് യുദ്ധ കാലത്ത് കുവൈത്തില്‍ കുടുങ്ങി പോയ ഒന്നര ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരെ വി.പി.സിംഗ് സര്‍ക്കാര്‍ നാട്ടിലേക്ക് എത്തിക്കാനായി നിര്‍വഹിച്ച അസാധാരണമായ ദൗത്യം ഒരു പക്ഷേ സ്വതന്ത്രേന്ത്യയുടെ നയതന്ത്ര ബന്ധങ്ങളുടെ ചരിത്രത്തില്‍ എക്കാലവും തിളങ്ങുന്ന ഒരു അധ്യായമായിരിക്കും. അന്ന് 59 ദിനങ്ങള്‍ കൊണ്ടാണ് ഒന്നര ലക്ഷത്തിലധികം പേരെഇന്ത്യയിലേക്ക് എത്തിച്ചത്. തന്ത്രജ്ഞതയും സമയോചിതമായി ഇടപെടാനുള്ള ബുദ്ധികൂര്‍മതയും കൊണ്ട് സാധ്യമാക്കിയ ഈ ദൗത്യം പൂര്‍ത്തീകരിക്കുമ്പോള്‍ ഒരു ചില്ലി കാശ് പോലും സര്‍ക്കാര്‍ വിദേശ ഇന്ത്യക്കാരില്‍ നിന്നും വാങ്ങിയിരുന്നില്ല.
30 വര്‍ഷം മുമ്പത്തെ ഈ ദൗത്യത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുന്നത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങി പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന തികഞ്ഞ അലംഭാവത്തിന്റെ പശ്ചാത്തലത്തിലാണ്. കൊറോണയുമായി മല്ലിടുന്ന മനുഷ്യരെ നാട്ടിലെത്തിക്കാന്‍ യുദ്ധകാലത്തേതിന് സമാനമായ സന്നാഹങ്ങള്‍ സര്‍ക്കാര്‍ ഒരുക്കേണ്ട സമയത്താണ് ഈ തികഞ്ഞ അലംഭാവം കാണിക്കുന്നത് എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
ഗള്‍ഫ് യുദ്ധ കാലത്ത് പ്രവാസികളുമായി അഞ്ഞൂറോളം തവണ വിമാനങ്ങള്‍ നാട്ടിലേക്ക് പറന്നപ്പോള്‍ അതില്‍ സഞ്ചരിച്ചവരെ സര്‍ക്കാര്‍ ചെലവിലാണ് നാട്ടില്‍ തിരിച്ചെത്തിച്ചത്. സമാനമാം വിധം സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇപ്പോഴും സാധിക്കും. എമിഗ്രേഷന്‍ ഫീസ് ഇനത്തിലും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വളരെ വലിയ തുകയാണ് പ്രവാസികളില്‍ നിന്നും ഈടാക്കിയിട്ടുള്ളത്. ഈ തുക മറ്റൊരു ആവശ്യത്തിനും വിനിയോഗിക്കുന്നില്ല. ഇതുപോലുള്ള അടിയന്തിര സാഹചര്യങ്ങളിലാണ് പ്രവാസികളുടെ കൈയില്‍ നിന്നും വിവിധ ഇനങ്ങളിലായി പതിറ്റാണ്ടുകളായി പിരിച്ചെടുത്ത തുക വിനിയോഗിക്കേണ്ടത്.
പ്രവാസികളോട് ഒരു സൗജന്യവും സര്‍ക്കാര്‍ കാട്ടേണ്ടതില്ല. അവരില്‍ നിന്നും ശേഖരിച്ച തുക തന്നെ ഉപയോഗിച്ച് ഈ ദൗത്യം പൂര്‍ത്തിയാക്കാവുന്നതാണ്. പക്ഷേ വി.പി.സിംഗും അന്നത്തെ വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്‌റാളും കാട്ടിയ ഉദാര മനോഭാവവും തന്ത്രജ്ഞതയും മോദിയുടെയും രാജ്‌നാഥ് സിംഗിന്റെയും സമീപനത്തില്‍ ശകലം പോലും പ്രകടമാകുന്നില്ല.
കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്താന്‍ ഭരണതലത്തിലുള്ള ആരും തയാറാകുന്നില്ല. ഇതിനായി യാതൊരു വിധത്തിലുള്ള സമ്മര്‍ദവും കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുന്നില്ല. ഇടയ്‌ക്കിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം വാ തുറയ്‌ക്കുന്നത്. എന്തിനാണ് ഇങ്ങനെയൊരു കേന്ദ്രമന്ത്രി എന്ന് ചോദിക്കേണ്ട ഗതികേട്.
സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും. നോര്‍ക്ക പോലുള്ള ഏജന്‍സികളുമായി സഹകരിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ അവിടുത്തെ മലയാളികളായ വ്യവസായികള്‍ തയാറാകുമെന്നാണ് പ്രതീക്ഷ. അതിന് പക്ഷേ അവരുടെയൊക്കെ സുഹൃത്ത് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. പക്ഷേ പ്രവാസികളോട് സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകുന്നില്ല.
പ്രവാസികളോട് യാതൊരു അനുഭാവവുമില്ലാത്ത സമീപനം ഇത്തരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത് അവര്‍ ഒരു വോട്ട് ബാങ്ക് അല്ല എന്നതു കൊണ്ടു മാത്രമാണ്. വോട്ടവകാശം ഇല്ലാത്തവന് സഹായം നല്‍കിയിട്ട് എന്തു പ്രയോജനം എന്ന ചിന്ത സര്‍ക്കാര്‍ നേതൃത്വങ്ങളെ ഭരിക്കുന്നുണ്ടാകണം. മനുഷ്യത്വ ഹീനമായ സമീപനമാണ് ഇതെന്നേ പറയാനാകൂ….