തൃശൂർ ∙ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്നു ജൂബിലി മിഷൻ ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചു വരുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടായത്
സച്ചിയുടെ വേർപാടിൽ ഞെട്ടി നിൽക്കുകയാണ് സിനിമാലോകം, സാംസ്‌കാരിക വകുപ്പു മന്ത്രി എകെ ബാലൻ അനുശോചനം രേഖപ്പെടുത്തി
2007 ൽ പൃഥ്വിരാജ് ചിത്രം ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. പിന്നീട് റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അവർ വഴി പിരിഞ്ഞു.
റൺ ബേബി റൺ എന്ന മോഹൻലാൽ ചിത്രത്തിനാണ് സച്ചി ആദ്യം തനിയെ തിരക്കഥയൊരുക്കിയത്. പിന്നീട് അനാർക്കലി എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു. ദിലീപ് നായകനായ രാമലീലയുടെ തിരക്കഥ, പൃഥ്വി രാജ്, സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നീ സൂപ്പർഹിറ്റുകളും സച്ചിയുടെ തൂലികയിൽ പിറന്നു.
സച്ചിയുടെ രണ്ടാം വരവായ അയ്യപ്പനും കോശിയും, ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ബിജുമേനോനും, പ്രിത്വിരാജും തകർത്താടിയ ഈ സിനിമ സച്ചിയുടെ കരിയറിലെ പൊൻതൂവലായി. ഈ സിനിമ മുന്നോട്ടു വെച്ച രാഷ്ട്രീയവും ഏറെ ചർച്ചയായി. തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും ഈ സിനിമയുടെ റീമേക് ചർച്ചകൾ നടക്കുന്ന വേളയിലാണ് ഈ ചെറിയ പ്രായത്തിൽ ഒരു വലിയ പ്രതിഭ യാത്രയാകുന്നത്. ഇനിയും ഒരുപാടു കഥാപാത്രങ്ങൾ ആ തൂലികയിൽ ബാക്കി വെച്ചു, ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേയ്ക്ക് യാത്രയായ സച്ചിക്കു
വിട…….