സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി.
പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് കോവിഡ് . പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 177033 പേരാണ് സംസ്ഥാനത്ത് എത്തിയത്. 30363 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,46670 പേര്‍ വന്നു. ഇവരില്‍ 93783 പേര്‍ തീവ്രരോഗവ്യാപന മുള്ള മേഖലയില്‍ നിന്ന് എത്തിയവരാണ്. 63 ശതമാനം പേര്‍. റോഡ് വഴി 79 ശതമാനവും റെയില്‍ വഴി 10.81, വിമാനം വഴി 9.41 ശതമാനം പേരും വന്നു. തമിഴ്‍നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍ വന്നത്, 37 ശതമാനം. കര്‍ണാടക 26.9, മഹാരാഷ്ട്ര 14 ശതമാനം. വിദേശത്തുള്ളവരില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയത്, 47.8 ശതമാനം. ഒമാന്‍ 11 .6 , കുവൈറ്റ് 7.6 ശതമാനം. വന്നവരില് 680 പേര്‍ക്കാണ് ഇന്നുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 343 പേര്‍ വിദേശങ്ങളില്‍ നിന്നും 337 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് മഹാരാഷ്ട്രയില്‍ നിന്നാണ്.
ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനം ആയി. പതിനാലായിരം പരിശോധന കിറ്റുകൾ ഐസിഎംഐര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകൾ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ജൂൺ എട്ട് മുതൽ കൂടുതൽ ഇളവുകൾ വരികയാണ്. കേന്ദ്രം ഇതിനായി നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രായം ചെന്നവരും കുട്ടികളും ഗര്‍ഭിണികളും അടക്കമുള്ളവര്‍ പൊതു സ്ഥലങ്ങളിൽ എത്തരുതെന്ന കേന്ദ്ര നിര്‍ദ്ദേശവും ആരാധനാലയങ്ങൾ നടപ്പാക്കണം .ആരാധനാലയങ്ങളിൽ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം. ആറടി അകലം പാലിക്കണം, കൈകക്ഷ സോപ്പിട്ട് കഴുകണം. പൊതുവായ സ്ഥലത്തുനിന്ന് വെള്ളം എടുക്കരുത്.
വെള്ളമെടുക്കാൻ ടാപ്പുകൾ തന്നെ ഉപയോഗിക്കണം. പൊതു സ്ഥലത്ത് തുപ്പുന്നത് അടക്കമുള്ള കാര്യങ്ങൾ കര്‍ശനമായി നടപ്പാക്കണം. കൊവിഡ് മുൻകരുതൽ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തിൽ പ്രദര്‍ശിപ്പിക്കുകയും ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തി വക്കുകയും ചെയ്യണം. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. പായ വിരിപ്പ് എന്നിവ പ്രാര്‍ത്ഥനക്ക് എത്തുന്നവര്‍ കൊണ്ടുവരണം. ഭക്തിഗാനങ്ങൾ പാടുന്നതിന് പകരം റെക്കോര്‍ഡ് ചെയ്‌ത് കേൾപ്പിക്കണം. അസുഖമുള്ള വ്യക്തി ആരാധനാലയത്തിലെത്തിയാൽ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കാര്യത്തിൽ കേന്ദ്ര നിര്‍ദ്ദേശം അതേപടി നടപ്പാക്കും.
ഹോട്ടൽ ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകൾക്കും ഷോപ്പിംഗ് മാളുകൾക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കും . അതിഥിയുടെ യാത്രാ ചരിത്രവും ആരോഗ്യ സ്ഥിതിയും റിസപ്ഷനിൽ ഏൽപ്പിക്കണം.