കൊച്ചി: കൊവിഡ് കാലത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പഠന പദ്ധതിയുമായി എയർടെൽ, ജിയോ ടി.വി എന്നിവ സഹകരിക്കും. ഓൺലൈൻ പഠനം സാദ്ധ്യമാക്കുന്ന വിക്‌ടേഴ്‌സ് ചാനൽ എയർടെല്ലും ജിയോയും ലഭ്യമാക്കിത്തുടങ്ങി.
വിക്ടേഴ്‌സ് ചാനൽ നിലവിൽ എയർടെൽ ഡി.ടി.എച്ച്, എയർടെൽ എക്സ്സ്ട്രീം ആപ്ലിക്കേഷൻ എന്നിവയിൽ ലഭ്യമാക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ് റൂം പ്ലാറ്റ്‌ഫോമായ കൈറ്റ് വിക്ടേഴ്‌സ് എയർടെൽ ഡി.ടി.എച്ച്, എയർടെൽ എക്‌സ്ട്രീം ആപ്പ് എന്നിവയിലും ലഭ്യമാക്കി. ഇതോടെ, ഒരു വീട്ടിലെ കുട്ടികൾക്ക് ടെലിവിഷൻ പ്രക്ഷേപണം വഴിയോ ആപ്ലിക്കേഷനിലൂടെയോ ഒരേസമയം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുമെന്ന് എയർടെൽ അറിയിച്ചു.
സർക്കാരിന്റെ ഓൺലൈൻ ക്ലാസുകൾ നടത്തുന്ന വിക്‌ടേഴ്‌സ് ചാനൽ ജിയോ ടി.വി ആപ്പിൽ സൗജന്യമായി ലഭ്യമാണ്. കേരളത്തിലെ 90 ലക്ഷം ജിയോ ഉപഭോക്താക്കൾക്ക് വിക്‌ടേഴ്‌സ് ചാനൽ ജിയോ ടി.വി ആപ്പ് വഴി കാണാൻ സാധിക്കും. ഇതിൽ ഏഴു ദിവസം മുൻപുള്ള ക്ലാസ്സുകളും തിരികെ പോയി പഠിക്കാൻ കഴിയുമെന്ന് ജിയോ വക്താവ് അറിയിച്ചു.