സുമിത്രാ സത്യൻ
ലോകം മുഴുവനും വ്യാപിച്ച മഹാമാരി കോവിഡ് 19 പ്രതിരോധിക്കാൻ ഇന്ത്യ നടപ്പിലാക്കിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ലോകത്തിനു തന്നെ മാതൃകയാണെന്ന് ഐ ബി എം സി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ അഭിപ്രായപ്പെട്ടു. ഈ മാസം മുതൽ ഇന്ത്യയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും സജീവമാവുകയും ഇന്ത്യയുടെ സാമ്പത്തിക മേഖല പൂർവ്വാധികം ശക്തി പ്രാപിക്കുകയും ചെയ്യുമെന്നത് പ്രത്യാശ നൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
20 ലക്ഷം കോടി രൂപയുടെ അടിയന്തിര സാമ്പത്തിക സുരക്ഷാ പാക്കേജും ബാങ്ക് പലിശ നിരക്കുകളിൽ വൻ കുറവുകളും വരുംകാലങ്ങളിൽ വിപണികൾക്ക് ശക്തി പകരും. അതുകൊണ്ട് തന്നെ , അന്താരാഷ്ട്ര നിക്ഷേപകർ അടക്കമുള്ള വൻ ബിസിനസ് ഗ്രൂപ്പുകളും ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ ഉറ്റു നോക്കുകയാണ്. മാത്രമല്ല, കോവിഡ് 19 നെതിരെ കേരളത്തിന്‍റെ ആരോഗ്യമേഖല നടത്തിയ ധീരവും ശക്തവുമായ പ്രതിരോധ നടപടികളും നമ്മുടെ നാട്ടിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടു വരാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമായി മാറി കഴിഞ്ഞു. എന്നാൽ കേരളത്തിലേക്ക് മടങ്ങി ചെല്ലുന്നതടക്കം എല്ലാ പ്രവാസികളും സാമ്പത്തികപരമായി ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി .
1) കെഎസ്എഫ്ഇ പ്രവാസി സൗഹൃദ സ്വർണ്ണ പണയ വായ്പ
തിരിച്ചു വരുന്ന പ്രവാസി മലയാളികൾക്ക് സഹായമായി കെഎസ്എഫ്ഇ 3% മാത്രം പലിശനിരക്കിൽ സ്വർണ്ണ പണയ വായ്പ മെയ് 25 മുതൽ 600 ൽ പരം ശാഖകൾ വഴി ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ കോവിഡ് 19 നോടനുബന്ധിച്ച് ജോലി നഷ്ടപ്പെട്ടോ ആരോഗ്യകരമായ പ്രശ്നങ്ങളാലോ ബിസിനസ് സംബന്ധമായ പ്രശ്നങ്ങളാലോ തിരിച്ചെത്തിയവർക്കും, 2020 ജൂൺ 30 നു മുൻപ് എത്തുന്ന പ്രവാസികൾക്കോ ലളിതമായ പലിശനിരക്കിൽ സ്വർണ്ണ വായ്പ ലഭ്യമാക്കാം.
കേരള സർക്കാരിന്‍റെ ഈ നടപടി തിരിച്ചെത്തുന്ന പ്രവാസി മലയാളികൾക്ക് സാമ്പത്തികമായി ഏറെ സഹായകരമാണ്. സാധാരണ സ്വർണ വായ്പാ പലിശ വർഷത്തിൽ 8.5 % മുതൽ 9.5% നിലവിലുള്ള സാഹചര്യത്തിൽ മൂന്ന് ശതമാനം പലിശയിൽ നാല് മാസത്തേക്ക് ലഭിക്കുന്ന വായ്പാ വഴി പ്രവാസികൾക്ക് സ്വന്തം ആവശ്യങ്ങൾക്കോ കുടുംബ സംബന്ധമായ കാര്യങ്ങളോ, ബിസിനസ് തുടങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾക്കായോ നാട്ടിൽ ചെല്ലുന്ന സമയത്ത് തന്നെ സമയതടസ്സം ഇല്ലാതെ താൽക്കാലിക ലോണെടുത്ത് നടത്താവുന്നതാണ്. തിരിച്ചു വരുന്ന പ്രവാസികൾ ക്വാറന്റൈനിൽ പോകുന്ന സാഹചര്യത്തിൽ ഓതറൈസേഷൻ ലെറ്റർ ബന്ധുക്കൾക്ക് നൽകിയാലും സ്വർണ വായ്പ ലഭ്യമാക്കാം.
2) പ്രവാസികളും ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളും
പ്രവാസികൾ എക്കാലവും കേരള സമ്പത്ത്ഘടനയുടെ നട്ടെല്ല് തന്നെയാണ്. അതിൽ ഒരു പ്രധാന പങ്കു ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റ് തന്നെയാണ്. ചെറുതും വലുതുമായും ചുരുങ്ങിയ കാലത്തേക്കും നീണ്ട കാലത്തേക്കുമായി പതിറ്റാണ്ടുകളായി നിക്ഷേപ സമ്പ്രദായം പ്രവാസികൾ തുടർന്നുവരുന്നു. എന്നാൽ കഴിഞ്ഞകാലങ്ങളിലെ ബാങ്ക് പലിശ നിരക്കുകളിൽ ഉണ്ടായ താഴ്ച ഫിക്സഡ് ഡിപോസ്റ്റുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രവാസികളെ സംബന്ധിച്ച് വരുമാനത്തിൽ വൻ കുറവാണ് വരുന്നത്. എങ്കിലും ഇനിയും ബാങ്ക് പലിശ നിരക്കുകൾ കുറയും എന്ന റിപ്പോർട്ടുകൾ വളരെ ഗൗരവമായി കാണേണ്ട ഒന്നാണ്.പല പ്രവാസി മലയാളികളും ഫിക്സഡ് ഡിപ്പോസിറ്റ് പലിശ കുടുംബ കാര്യങ്ങൾക്കും കുട്ടികളുടെ പഠനത്തിനായും മാതാപിതാക്കളുടെ ചെലവുൾക്കായും മാറ്റിവച്ചു വരുന്നുണ്ട്. 2019 ആദ്യഘട്ടത്തിൽ 8.4 % പലിശ കിട്ടിയിരുന്നത് ഒരു ഘട്ടത്തിൽ 7.5 ശതമാനമായി 7 ശതമാനമായും 6.75 ശതമാനമായും തുടർന്ന് ഒരു വർഷത്തേക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റ് 5.5 ശതമാനം വരെ താഴ്ന്നതു പ്രവാസികളുടെ നാട്ടിലെ വരുമാനത്തിന്‍റെ താളം തെറ്റിക്കുന്നു. വരുമാനത്തിൽ 22% മാണ് ഇതുവരെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ 2021 മാർച്ച് മാസം ആകുമ്പോൾ ഇന്ത്യയിലെ ബാങ്ക് പലിശ നിരക്ക് മൂന്ന് ശതമാനം വരെ ആകാം എന്നത് ഓരോ പലിശ ലഭ്യമാക്കുന്ന നിക്ഷേപങ്ങളിലേക്ക് അവസരോചിതമായി മാറേണ്ടത് അനിവാര്യമായിരിക്കുകയാണ്
3) മൈക്രോ ചെറുകിട – ഇടത്തരം സംരംഭങ്ങളിൽ പ്രവാസികൾക്ക് അവസരങ്ങൾ
ഇന്ത്യയുടെ കോവിഡ് 19 സഹായ പാക്കേജിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയ ഒരു മേഖലയാണ് എംഎസ്എംഇ.കേരള സർക്കാരും എംഎസ്എംഇ മേഖലയുടെ ഉന്നമനത്തിനു പലവിധ പാക്കേജുകളും കോവിഡ് 19 അടിസ്ഥാനപ്പെടുത്തി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
എംഎസ്എംഇ : പുതിയ സാദ്ധ്യതകൾ
എംഎസ്എംഇ ക്കു പുതിയ വ്യാഖ്യാനമാണ് കോവിഡ് 19 നോടനുബന്ധിച്ചു ഉണ്ടായിരിക്കുന്നത് . ലോകമൊട്ടാകേ ചെറുകിട – ഇടത്തരം സംരംഭകങ്ങൾക്ക് ആണ് കൂടുതൽ മുൻഗണന നൽകുന്നത്. അതിനു പ്രധാന കാരണം ലോകമെമ്പാടും രാജ്യങ്ങളുടെ വളർച്ചാ നിരക്കുകളിൽ പ്രധാനപങ്ക് എംഎസ്എംഇ മേഖലകളിൽ നിന്നായിരിക്കും എന്നതിനാലാണ് . . ഇന്ത്യയിൽ നിർമാണമേഖലയായും സർവീസ് മേഖലയായും രണ്ടായി തരം തിരിച്ചിരിക്കുന്നത് ഒന്നാക്കി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത .. നേരത്തെ നിർമാണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യവും സർവീസ് മേഖലയ്ക്ക് കുറവ് പ്രാധാന്യവുമാണ് ഉണ്ടായിരുന്നത്. ഇതു നോക്കിയത് മൂലം എംഎസ്എംഇ മേഖല ഇന്ത്യയിൽ കൂടുതൽ ശക്തമാകും. ഇന്ത്യയിലെ നിക്ഷേപപരിധി ഇരട്ടിയാക്കി എന്നതാണ് മറ്റൊരു സവിശേഷത. ഇതോടെ എംഎസ്എംഇ സംരംഭകങ്ങൾക്ക് 20 കോടി രൂപ വരെയായി മൂലധനം ഉയർത്താം.
തിരിച്ചുപോകുന്ന പ്രവാസികൾക്ക് പുതിയ സംരംഭം തുടങ്ങുകയോ നിലവിലുള്ള സംരംഭകങ്ങളിൽ പങ്കാളികളാകാനോ സാധിക്കും.
പ്രവാസികൾക്ക് ആദ്യം മൈക്രോ തലത്തിൽ സംരംഭങ്ങൾ 4 വർഷം വരെയുള്ള വായ്പയെടുത്ത് തുടങ്ങാവുന്നതാണ്.ഇതിൽ ആദ്യത്തെ വർഷത്തിൽ തിരിച്ചടവ് വേണ്ട എന്നതാണ് പ്രത്യേകത .മൈക്രോ തലത്തിലെ പല സംരംഭങ്ങളും ചിട്ട പ്രകാരം ആയിരിക്കണം എന്നില്ല. എന്നാൽ, അടുത്ത പടിയായി മൈക്രോ യൂണിറ്റ് സ്മാൾ യൂണിറ്റാക്കി മാറ്റം. അത് കഴിഞ്ഞു സ്മാൾ യൂണിറ്റായി സംരംഭത്തെ ഉയർത്തി, ലോണുകളുടെ സഹായത്താൽ സംരംഭം ഉയർത്തി കൊണ്ട് വരാവുന്നതാണ്.
( തുടരും )