ഇറ്റലി :വത്തിക്കാൻ സിറ്റിയിലെ അവസാന രോഗിയും രോഗമുക്തി നേടിയതോടെ വത്തിക്കാന്‍ കോവിഡ് വിമുക്തമായി. ആകെ പന്ത്രണ്ടു പേര്‍ക്കാണ് വത്തിക്കാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 22നു മുന്‍പാണ് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച അവസാന വ്യക്തിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മാര്‍ച്ച് ആറിനാണ് വത്തിക്കാനില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും വത്തിക്കാന്‍ ജീവനക്കാരായിരിന്നു. നിരവധി മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വത്തിക്കാനിൽ താമസിക്കുന്നുണ്ട്. രോഗവിമുക്ത വാർത്ത എല്ലാവരിലും ആശ്വാസം പകർന്നിട്ടുണ്ട്.