English हिंदी

Blog

world-bank

കോവിഡ്‌-19 സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്‌ടിച്ച പ്രത്യാഘാതങ്ങളെ തുടര്‍ന്ന്‌ നടപ്പു സാമ്പത്തിക വര്‍ഷം 3.2 ശതമാനം താഴുമെന്നാണ്‌ ലോക ബാങ്കിന്‍റെ പ്രവചനം. പക്ഷേ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ ഫലപ്രദമായ ഇടപെടലുകളൊന്നും കേന്ദ്രസര്‍ക്കാരിന്റെന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്‌ വിവിധ സാമ്പത്തിക വിദഗ്‌ധര്‍ ഇതിനകം പല നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചു കഴിഞ്ഞു. പക്ഷേ ഈ നിര്‍ദേശങ്ങളെല്ലാം ബധിര കര്‍ണങ്ങളിലാണ്‌ പതിച്ചത്‌.

പ്രധാനമന്ത്രിയുടെ ഓഫീസിന്‌ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാവുന്നതിനപ്പുറമാണ്‌ നാം നേരിടുന്ന സാമ്പത്തിക ദുരന്തമെന്നാണ്‌ മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുമ്പോള്‍ നാം നേരിടുന്ന പ്രതിസന്ധിയുടെ വലിപ്പമാണ്‌ വ്യക്തമാകുന്നത്‌. സാമ്പത്തിക പ്രതിസന്ധിയെ നേരിടാനായി 20 ലക്ഷം കോടി രൂപയുടെ പാക്കേജ്‌ എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ മാത്രം നടത്തിയ സര്‍ക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌.

Also read:  ലൈംഗികാതിക്രമ കേസ്; അദ്ധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍; രണ്ട് വിദ്യാര്‍ത്ഥിനികള്‍ പൊലീസിന് മൊഴി നല്‍കി

സര്‍ക്കാരിന്‌ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ട്‌ പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തുകയാണ്‌ ചെയ്യേണ്ടതെന്നാണ്‌ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടത്‌. ആവശ്യമെങ്കില്‍ മുന്‍ ധനമന്ത്രിമാരുടെ വൈദഗ്‌ധ്യം കൂടി ഈ അവസരത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന്‌ അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. ഇപ്പോഴത്തെ നമ്മുടെ ധനമന്ത്രി സാമ്പത്തിക നില വിലയിരുത്തി ഉചിതമായ തീരുമാനങ്ങളെടുക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്ന്‌ തുടര്‍ച്ചയായി തെളിയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ രഘുറാം രാജന്‍റെ ഈ നിര്‍ദേശം. യാതൊരു നടപടിയും തുടര്‍ന്ന്‌ സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നാല്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ മുമ്പുണ്ടായിരുന്നതിന്‍റെ നിഴല്‍ മാത്രമായിരിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുന്നു.

Also read:  കോവിഡ് 19: സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

നോബല്‍ സമ്മാന ജേതാവായ അഭിജിത്‌ ബാനര്‍ജി അമിതമായ ശുഭാപ്‌തിവിശ്വാസത്തിന്‍റെ യുക്തിരാഹിത്യമാണ്‌ ചൂണ്ടികാട്ടുന്നത്‌. കോവിഡിനെ തുടര്‍ന്ന്‌ ചൈനയെ അകറ്റിനിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ താല്‍പ്പര്യപ്പെടുമ്പോള്‍ ഇന്ത്യക്ക്‌ അത്‌ പുതിയ അവസരം സൃഷ്‌ടിക്കുമെന്ന വാദത്തില്‍ എത്രത്തോളം കഴമ്പുണ്ടെന്നാണ്‌ അദ്ദേഹം ചോദിക്കുന്നത്‌. ചൈന തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചാല്‍ ആഗോള വിപണിയില്‍ തുടര്‍ന്നും അവയുടെ ഡിമാന്റ്‌ ശക്തമായി തുടരുമെന്ന്‌ അദ്ദേഹം ചൂണ്ടികാട്ടുന്നു. അതുകൊണ്ടുതന്നെ പുതിയ അവസരങ്ങളെ കുറിച്ച്‌ അമിത ആവേശം കൊള്ളുന്നതിന്‌ പകരം നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ വിള്ളലുകള്‍ അടക്കാനാണ്‌ ആദ്യം ശ്രമിക്കേണ്ടത്‌.

Also read:  ബിജെപിയില്‍ ഭിന്നതയും വിവാദങ്ങളും മുറുകുന്നു; സംസ്ഥാന കമ്മറ്റിയോഗം നാളെ

ധനകമ്മിയെ കുറിച്ച്‌ വേവലാതിപ്പെടേണ്ട സമയമല്ല ഇതെന്ന്‌ രഘുറാം രാജന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്‌. സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവിടേണ്ട സമയമാണ്‌ ഇതെന്നും ധനകമ്മി കൂടിയാല്‍ റേറ്റിംഗ്‌ ഏജന്‍സികള്‍ എന്തു ചെയ്യുമെന്നതിനെ കുറിച്ച്‌ ആശങ്കപ്പെടുകയല്ല ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറയുമ്പോള്‍ സന്ദേശം വ്യക്തമാണ്‌. പക്ഷേ 20 ലക്ഷം കോടി രൂപയുടെ പാക്കേജ്‌ എന്ന്‌ മേനി നടിക്കുകയും ഫലത്തില്‍ അതിന്‍റെ പത്ത്‌ ശതമാനം മാത്രം ചെലവിടുകയും ചെയ്യുന്ന, പ്രതിസന്ധി കാലത്ത്‌ `കള്ളക്കണക്കെഴുതി കണ്ണില്‍ പൊടിയിടാന്‍’ ശ്രമിക്കുന്ന ഒരു സര്‍ക്കാരിന്‍റെ ബധിരകര്‍ണങ്ങളിലാണ്‌ ഇത്തരം മുന്നറിയിപ്പുകളെല്ലാം പതിക്കുന്നത്‌ എന്നതാണ്‌ നിര്‍ഭാഗ്യകരം.