യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡാനന്തര കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് കേരള സര്‍വകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള സര്‍വകലാശാല പോലെ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം തന്നെ ഇത്തരമൊരു ബൃഹദ് പദ്ധതിയുമായി കൈകോര്‍ക്കുമ്പോള്‍ ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനാകും. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ കുറിച്ചും കാര്‍ഷിക മേഖലയെ കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇത്തരമൊരു ചുവടുവെപ്പ് സ്വാഭാവികമായും വഴിവെക്കും. അത് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ നൂതന രീതികള്‍ അവലംബിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധികളെ സാധ്യതകളാക്കി കൂടി മാറ്റാന്‍ കഴിയുന്നവരാണ് അതിജീവിക്കുക. കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്താന്‍ നാം ആവിഷ്കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഒറ്റവര്‍ഷം കൊണ്ട് 3860 കോടി രൂപയാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ചെലവിടാന്‍ ഉദ്ദേശിക്കുന്നത്. കൃഷിക്കു മാത്രം 1449 കോടി രൂപ ചെലവിടും. 25,000 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ചെയ്യും.
ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷമായി ചിട്ടയോടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. നാടിന്‍റെ ഹരിതാഭ വര്‍ധിപ്പിക്കാന്‍ തുടക്കം കുറിച്ച ഹരിതകേരളം മിഷനിലൂടെ ജലസ്രോതസ്സുകള്‍ ശുചീകരിക്കാനും ഒട്ടേറെ കൃഷിയിടങ്ങള്‍ വീണ്ടെടുക്കാനും നമുക്ക് സാധിച്ചു. വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു. വീടുകളോട് അനുബന്ധമായി കിച്ചന്‍ ഗാര്‍ഡനുകള്‍ യാഥാര്‍ത്ഥ്യമായി. ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കിയതോടെ മിക്ക വീടുകളിലും സ്വന്തമായി പച്ചക്കറി ഉല്‍പാദനം നടത്തുന്ന സംസ്കാരത്തിലേക്ക് നാം മാറി.
ഇറച്ചിക്കോഴി, മുട്ട എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരള ചിക്കന്‍ പദ്ധതി ആവിഷ്കരിച്ചു. പാലിന്‍റെ കാര്യത്തില്‍ ഏറെക്കുറെ സ്വയംപര്യാപ്തമായി. കാര്‍ഷിക മേഖലയില്‍, പ്രളയത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ പോലും നെല്ലുല്‍പാദനത്തില്‍ റെക്കോര്‍ഡ് കൈവരിച്ചു. ഇതിന്‍റെ അടുത്ത പടിയായാണ് ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഉദ്ദേശിച്ചുള്ള സുഭിക്ഷ കേരളം പദ്ധതി. ഇത് കൃഷിയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. വലിയ ജനകീയ കാമ്പയിന്‍ ആയി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി വിജയിപ്പിക്കാന്‍ മുഴുവന്‍ ആളുകളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, പ്രൊഫ. സി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.