1. മനുഷ്യരാശി ഏറ്റവും വലിയ ദുരന്തം നേരിടുന്ന ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയരുത് എന്ന് ആഗ്രഹിച്ചവരാണ് ഞങ്ങള്‍. കോവിഡ് രോഗ വ്യാപനം തടയുന്നതിനും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കുന്നതിനും ശ്രമിച്ചവരാണ് ഞങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നിബന്ധനകളും അക്ഷരംപ്രതി പാലിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ അഭിപ്രായ ഭിന്നത മറന്ന് അദ്ദേഹത്തോടൊപ്പമിരുന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ അഭിസംബോധന ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് ആയിരക്കണക്കിനാളുകള്‍ക്ക് സഹായം എത്തിച്ചു. സര്‍ക്കാരുമായി തോളോടുതോള്‍ ചേര്‍ന്നാണ് ലോക് ഡൗണ് കാലത്ത് പ്രതിപക്ഷം പ്രവര്‍ത്തിച്ചു.
2. മഹാ ദുരന്തം വരുമ്പോള്‍ എല്ലാം മറന്നു ഒരുമിക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറയുന്നു. ശരിയാണ്, പക്ഷേ ഒരുമയുടെ അന്തരീക്ഷം തകര്‍ത്തു കോവിഡ് കാലത്ത് രാഷ്ട്രീയം കളിച്ചത് ആരാണ് ? സര്‍ക്കാരും സി.പി.എമ്മുമല്ലേ? കമ്മ്യൂണിറ്റി കിച്ചനുകളില്‍ സിപിഎമ്മുകാര്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതില്‍ അത് തുടങ്ങി. തുടര്‍ന്ന് എല്ലാത്തിലും സര്‍ക്കാര്‍ രാഷ്ട്രീയം കൊണ്ടു വന്നു.
3. കോവിഡ് പ്രതിരോധത്തെ തുരങ്കം വയ്ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു എന്ന് മുഖ്യമന്ത്രി പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏത് പ്രതിരോധ പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാന്‍ ആണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറയണം. സർക്കാരിന്റെ എല്ലാ ഉദ്യമങ്ങളോടും സഹകരിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. പക്ഷേ കോവിഡിന്റെ മറവിലെ അഴിമതികളെ ഞങ്ങള്‍ തുരങ്കം വച്ചു എന്നത് ശരിയാണ്. അതാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിക്കുന്നത്.
4. പ്രളയകാലത്തെ പോലെ യോജിപ്പിന്റെ അന്തരീക്ഷം തകര്‍ക്കാനുള്ള ഹീനമായ ശ്രമമാണ് ആദ്യമേ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ശമ്പളത്തില്‍ നിന്ന് തങ്ങള്‍ക്ക് കഴിയുന്ന വിഹിതം കോവിഡ് പ്രതിരോധത്തിന് സ്വമനസാലേ നല്‍കാന്‍ തയ്യാറായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സന്തോഷപൂര്‍വ്വം അത് വാങ്ങുന്നതിനു പകരം അവരില്‍നിന്ന് അത് തട്ടിപ്പറിച്ച് എടുത്തേ തീരൂ എന്ന ശാഠ്യമാണ് സാലറി ചലഞ്ചിനെ കോടതി കയറ്റിയത്. അതുകാരണം ജീവനക്കാര്‍ രണ്ടു തട്ടിലായി.
5. പ്രളയകാലത്ത് ഇതേപോലെ ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക ആരുടെയൊക്കെ കൈകളില്‍ ആണെത്തിയത് എന്ന് പിന്നീട് നമ്മള്‍ കണ്ടതാണ്. കോടിക്കണക്കിന് രൂപയാണ് സി.പി.എം. സഖാക്കള്‍ തട്ടിയെടുത്തത്. ആ അനുഭവം ഉള്ളതു കൊണ്ടല്ലേ ഇത്തവണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മടിച്ചത്? ഉദ്യോഗസ്ഥരും നല്ലവരായ ജനങ്ങളും ദുരിതാശ്വാസപ്രവര്ത്തനങ്ങള്ക് ക് നല്‍കുന്ന തുക അര്‍ഹമായ കൈകളില്‍ തന്നെ എത്തുന്നതിന് പ്രത്യേക ഫണ്ട് ആരംഭിക്കണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശം തള്ളിയത് എന്തിനായിരുന്നു? അവസാനം പ്രതിപക്ഷത്തിന്റെ നിര്‍ബന്ധം സഹിക്കാതെ പ്രത്യേക ഹെഡ് ആക്കി.
സര്‍ക്കാര്‍ എന്തു ചെയ്തു?
——–
6. കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും കുടുങ്ങിപ്പോയ നമ്മുടെ സഹോദരങ്ങളെ മടക്കി കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോ? ഒരു ബസ് എങ്കിലും അയച്ചോ? ഒരു ട്രെയിന്‍ എങ്കിലും ഏര്‍പ്പാട് ചെയ്തോ? ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ മുടക്കുകയാണ് ചെയ്തത്. സംസ്ഥാന അതിര്‍ത്തിയിലേക്ക് ജീവനും കയ്യില്‍പിടിച്ച് ഓടി വന്ന നമ്മുടെ സഹോദരങ്ങളെ ചെക്കു പോസ്റ്റുകളില്‍ പീഢിപ്പിച്ചില്ലേ? അവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ചു കൊടുത്തതിന് ജനപ്രതിനിധികളെ ക്വാറന്റയിനിലയച്ചില്ലേ?
7. യഥാര്‍ത്ഥത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയ മലയാളികളെ കേന്ദ്രസര്‍ക്കാരിനെകൊണ്ട് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യിച്ച് മടക്കിക്കൊണ്ടുവരാന്‍ മുന്‍കൈ എടുക്കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരാണ്. അവര്‍ ചെയ്തില്ലെന്ന് മാത്രമല്ല, ഗള്‍ഫില്‍ സന്നദ്ധസംഘടനകള്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളെ തടയാന്‍ നീചശ്രമം നടത്തുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണോ ഒരു ഭരണകൂടം ആപത്ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത്?
8. കേരളത്തിന്റെ വികസനത്തിന് അമൂല്യ സംഭാവനയായി നല്കികൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളികളെ മരണത്തിലേക്ക് തള്ളിവിടുന്നത് പൊറുക്കാനാവാത്ത പാതകമാണ്. ഈ മനുഷ്യത്വഹീനമായ നടപടികള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പുലഭ്യം പറയുന്നത്.
മിറ്റിഗേഷന്‍
———–
9. കോവിഡ് നേരിടാന്‍ മിറ്റിഗേഷന്‍ സ്ട്രാറ്റജിയാണ് അഭികാമ്യമെന്ന് ഞാന്‍ ഇപ്പോഴും പറയുമോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.
പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പിന്നെ എന്താണ്? സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇപ്പോള്‍ ഇല്ലല്ലോ? ഹോട്ട്സ്പോട്ടുകളില്‍ മാത്രമായി അത് ചുരുങ്ങിയില്ലേ? ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും, പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളും അവസാനിപ്പിച്ച് ഹോം ക്വാറന്റീനും റൂം ക്വാറന്റീനുമാക്കിയില്ലേ? ഇതുതന്നെയാണ് മിറ്റിഗേഷന്‍ മെത്തേഡ്. 10 വയസ്സിനു താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ള വരെയും വീടുകളില്‍ സുരക്ഷിതരായി ഇരുത്തുകയും മറ്റുള്ളവരെ ജോലിചെയ്യാന്‍ അനുവദിക്കുകയുമാണ് ഇപ്പോള്‍ നാം ചെയ്യുന്നത്. അതാണ മിറ്റിഗേഷന്‍ രീതി. അത് തന്നെയാണ് ഞാന്‍ നിയമസഭയില്‍ പറഞ്ഞത്. ഞാന്‍ അന്ന് പറഞ്ഞത് ഇന്ന് കേരളത്തിലും ഇന്ത്യയിലും നടപ്പാവുന്നു. അതു മനസ്സിലാക്കാതെ സിപിഎമ്മിനെ സൈബര്‍ പോരാളികളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുത്.
കോവിഡ് കാലത്തെ അഴിമതികള്‍
———–
10. കോവിഡ് കാലത്ത് ജനങ്ങള്‍ ഭയവിഹ്വലരായി കഴിയുമ്പോള്‍ അത് തന്നെ തക്കം എന്ന നിലയില്‍ അഴിമതിയും കൊള്ളയും നടത്താന്‍ ആയിരുന്നില്ലേ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഏതെങ്കിലും സര്‍ക്കാര്‍ ചെയ്യുന്ന കാര്യമാണ് ഇത്?
11. ക്വാറന്റീനില്‍ കഴിയുന്നവരുടെയുടെയും ബന്ധുക്കളുടെയും ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിന് മറിച്ചു വിറ്റ് കോടികള്‍ തട്ടാന്‍ ഉള്ള ശ്രമം പ്രതിപക്ഷം കോടതിയില്‍ തടഞ്ഞില്ലേ?
12. പമ്പാ ത്രിവേണിയിലെ 200 കോടിയുടെ മണല്‍ കോവിഡിന്റെ മറവില്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷം പൊളിച്ചില്ലേ?
മദ്യ വിതരണത്തിന് വെബ്ക്യൂ ആപ്പ് ഉണ്ടാക്കിയപ്പോള്‍ അതിലും കോടികള്‍ തട്ടാന്‍ ശ്രമിച്ചില്ല?
വൈദ്യുതിചാര്‍ജിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷം തടഞ്ഞില്ല?
13. ലോകം മഹാദുരന്തം നേരിടുമ്പോള്‍, ജനങ്ങള്‍ ജീവനുവേണ്ടി പിടയുമ്പോള്‍, സര്‍ക്കാരിന്റെ കണ്ണ് അഴിമതിയില്‍ ആയിരുന്നു. ഒരു മഹാദുരന്തത്തിനിടയില്‍ ഇത്രയും അഴിമതിക്ക് ശ്രമിച്ച മറ്റൊരു സര്‍ക്കാരില്ല. അത് കയ്യോടെ പിടിച്ചതിന്റെ പുലഭ്യം പറച്ചില്‍ ആയിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടത്.
മുല്ലപ്പള്ളിയുടെ പരാമര്‍ശങ്ങള്‍
———–
14. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് വല്ലാതെ രോക്ഷം കൊള്ളുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വ്യക്തിപരമായി താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അത് തന്റെ രാഷ്ട്രീയശൈലി അല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നയമല്ല. ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തത്.
15. എന്നാല്‍, പിണറായി വിജയന്‍ ഇതിന്റെ പേരില്‍ രോക്ഷം കൊള്ളുന്നത് തമാശയാണ്. ആരാധ്യനായ ബിഷപ്പിനെ നികൃഷ്ടജീവി എന്ന വിളിച്ച മുഖ്യമന്ത്ിരയല്ലേ? പരനാറി, ചെറ്റ, കുലംകുത്തി തുടങ്ങിയ കോമള സുന്ദരപദങ്ങളാണല്ലോ അദ്ദേഹം ഉപയോഗിക്കാറ്.
16. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രമ്യാ ഹരിദാസ് എന്ന പാവപ്പെട്ട പെണ്‍കുട്ടിയെ അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന ഒറ്റ കാരണത്തിന് പൊതുജനമധ്യത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ വാക്കുകള്‍കൊണ്ട് വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ ധാര്‍മ്മികരോഷം എവിടെയായിരുന്നു. സാരി ഉടുത്തുവരും പക്ഷേ മറ്റേ പണിയാണെന്ന് ഒരു മന്ത്രി പൊതുജനമധ്യത്തില്‍ ഒരു വനിതയെ ആക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രി എവിടെയായിരുന്നു. തിരഞ്ഞെടുപ്പിന് ഷാനിമോള്‍ ഉസ്മാനെ പുതന എന്ന് വിളിച്ചത് ആരാണ്? മൂന്നാറില്‍ ഐതിഹാസിക സമരം നടത്തിയ പെമ്പിളൈ ഒരുമയിലെ വനിതകളെ മറ്റൊരു ബഹുമാന്യനായ മന്ത്രി അശ്ലീലം കൊണ്ട് കുളിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി എവിടെയായിരുന്നു. ഫോണില്‍ ഒരു വനിതയോട് അശ്ലീലം പറഞ്ഞതിന് രാജിവയ്ക്കേണ്ടിവന്ന മന്ത്രിയെ പിന്നീടും പിടിച്ചു കൂടെയിരുത്തി കൊണ്ടാണ് മുഖ്യമന്ത്രി സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പ്രഭാഷണം നടത്തുന്നത്.
സെക്രട്ടേറിയറ്റിന് മുന്നിലെ ഉപവാസം
———-
17. പ്രവാസികളെ മടക്കി വരുന്ന വരവ് തടയുന്ന സംസ്ഥാന സര്‍ക്കാരിന്റെ കൊടും ക്രൂരതയ്ക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ ഞാന്‍ നടത്തിയ ഉപവാസം മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചി രിക്കുകയാണെന്ന് തോന്നുന്നു. ഈ കോവിഡ് കാലത്ത് സത്യാഗ്രഹം ഇരിക്കേണ്ടി വന്നത് എനിക്കും തീരെ സന്തോഷമുണ്ടാക്കുന്ന കാര്യമല്ല. പക്ഷേ ഗള്‍ഫ് നാടുകളില്‍ ദിനംപ്രതി നമ്മുടെ സഹോദരങ്ങള്‍ മരിച്ചു വീഴുമ്പോള്‍, മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ നൂറുകണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കാനുള്ള കഠിന ഹൃദയം മുഖ്യമന്ത്രിക്ക് ഉണ്ടാകുമായിരിക്കും. പക്ഷെ എനിക്കില്ല. ഇതിനകം 280 ഓളം പേരാണ് ഗള്‍ഫില്‍ മരണമടഞ്ഞത്. ആത്മഹത്യ ചെയ്തവര്‍ അഞ്ഞൂറിലേറെയാണ്.
18. ഗള്‍ഫില്‍ നിന്ന് ജീവന്‍ രക്ഷിക്കണം എന്ന് നിലവിളിക്കുന്ന ജനങ്ങളുടെ ദൈന്യതയും വേദനയും കണ്ടു ഞങ്ങള്‍ വെറുതെ ഇരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നത്? കേരളത്തിലെ അവരുടെ ബന്ധുക്കളുടെ തോരാ കണ്ണീര്‍ കണ്ടു ഞങ്ങള്‍ വെറുതെ ഇരിക്കണോ? ജീവന്‍ രക്ഷിക്കാന്‍ യാചിക്കുന്നവരെ കൈവിടുന്നതാണോ മനുഷ്യത്വം. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് അവരുടെ വരവ് തടയാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം അത് അനുവദിച്ചു കൊടുക്കണമോ?
19. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരണമെങ്കില്‍ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ വരവ് തടയുന്നതിനു വേണ്ടി മാത്രമാണ്. ഗള്‍ഫ് രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇന്ത്യക്കകത്ത് തന്നെ വന്‍ തോതില്‍ കോവിഡ് പടര്‍ന്നുപിടിച്ച മുംബൈ, ഡല്‍ഹി, ചെന്നൈ, തുടങ്ങിയ റെഡ് സോളുകളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇവിടെനിന്ന് ട്രെയിനുകളില്‍ വരുന്ന പതിനായിരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണ്ട. രോഗമുള്ളവരും ഇല്ലാത്തവരും ഇടകലര്‍ന്നാണ് ഇതിലും വരുന്നത്. രോഗവ്യാപനം ഉണ്ടാകില്ലേ? ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ മാത്രമേ രോഗം പരത്തുകയുള്ളോ?
20. ഗള്‍ഫ് നാടുകളില്‍ കോവിഡ് പരിശോധനയ്ക്ക് മതിയായ സൗകര്യങ്ങളില്ല. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് പരിശോധനയും നടത്തുന്നില്ല. ഇപ്പോള്‍ പറയുന്നത് കേരളം ട്രൂനാറ്റ് കിറ്റ് എത്തിക്കുമെന്നാണ്. അതും പ്രായോഗികമല്ല. കേരളത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി ഇവിടെ രോഗവ്യാപനം തടയാന്‍ കഴിയാത്തവരാണോ ഗള്‍ഫ് നാടുകളില്‍ കിറ്റുകള്‍ അയക്കാന്‍ പോകുന്നത്.
21. സെക്രട്ടറിയേറ്റിനു മുന്നിലെ എന്റെ ഉപവാസത്തിന് എത്തിയ യുഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും സാമൂഹിക അകലം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. വൈകാരികമായ ഒരു വിഷയമായതിനാല്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവര്‍ക്കെതിരെ കേസെടുക്കുമെന്ന് പറയുന്നു. ഇത് ഞങ്ങള്‍ നേരിട്ട് കൊള്ളാം.
22. എന്നാല്‍ കേരളം കണ്ട ഏറ്റവും നീചമായ കൊലകേസിലെ പ്രതിയായ കുഞ്ഞനന്തന്റെ ശവസംസ്‌കാരത്തിന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത് സാമൂഹികഅകലം പാലിച്ചിട്ടാണോ? രണ്ടായിരത്തിലേറെ പേരാണ് ഒരു നിയന്ത്രണവുമില്ലാതെ അവിടെ തടിച്ചു കൂടിയത്. പോത്തന്‍കോട് സ്‌കൂളില്‍ പിഞ്ചുകുഞ്ഞുങ്ങളെ സംഘടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടകം കളിച്ചിട്ട് കേസെടുത്തോ? കോവിഡ് രോഗികളോട് അടുത്ത് പെരുമാറിയ മന്ത്രി എ.സി മൊയ്തീനെതിരെ എന്ത് നടപടി എടുത്തു. നാട്ടിലുടനീളം ഓടിനടന്ന് ക്വാറന്റീന്‍ ലംഘനം നടത്തുന്ന മന്ത്രി സുനില്‍കുമാറിനെതിരെ എന്ത് നടപടി എടുത്തു? അതേസമയം യു ഡി എഫ് നേതാക്കളുടെ പ്രതിഷേധത്തിനെതിരെ നിരക്കെ കേസെടുക്കുകയും ചെയ്യുന്നു.
23. ഇടുക്കി പീരുമേട്ടില്‍ കോവിഡ് ഡ്യൂട്ടി വിട്ടുവീഴ്ചയില്ലാതെ ചെയ്തതിന് സി.പി.എമ്മുകാര്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും പൊലീസുകാരെ തെറി പറയുകയും ചെയ്തു. മുഖ്യമന്ത്രി എന്തു ചെയ്തു?
24. ക്യാമറയുടെ ഒരു ഫ്രെയിമില്‍ വന്നു പെടാനുള്ള ശ്രമങ്ങളെ കുറിച്ച് മുഖ്യമന്ത്രി പറയുന്നു. ഈ അടുത്ത കാലത്ത് ഒരു കല്യാണം നടന്നു. ഫോട്ടോ നിങ്ങളൊക്കെ കണ്ടു കാണും. പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഒറ്റ ഫ്രെയിമില്‍ വധുവരന്മാരോടും മാതാപിതാക്കളോടും ഒപ്പം ഒറ്റ ഫ്രെയിമില്‍ തിക്കിത്തിരക്കി നില്‍ക്കുന്നു. ആരും സാമൂഹിക അകലം പാലിച്ചിട്ടില്ല. മാസ്‌ക് പോലും ധരിച്ചിട്ടില്ല. നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമല്ലേ.
സാമൂഹ്യ വ്യാപന ഭീഷണിക്കു
ഉത്തരവാദി സര്‍ക്കാര്‍
————-
25.. കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തില്‍ മേനി നടക്കുന്നതിന് കോവിഡ് ടെസ്റ്റുകള്‍ നടത്താതിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയില്‍ ഏറ്റവും കുറച്ച് കോവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതുവരെ 1,78,599 ടെസ്റ്റുകള്‍ മാത്രമേ കേരളം നടത്തിയിട്ടുള്ളു. ഇന്ത്യയില്‍ ഒരു കോടിയിലധികം ജനസംഖ്യയുള്ള 21 സംസ്ഥാനങ്ങളില്‍ ടെസ്റ്റിന്റെ കാര്യത്തില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. ഡല്‍ഹി മൂന്നര ലക്ഷവും മഹാരാഷ്ട്ര ആറരലക്ഷവും ടെസ്റ്റുകള്‍ നടത്തി.
26. ഒരു ലക്ഷം ആളുകള്‍ക്ക് 520 ടെസ്റ്റുകള്‍ മാത്രമാണ് കേരളം ഇപ്പോഴും നടത്തുന്നത്. വ്യാപകമായി ടെസ്റ്റ് ടെസ്റ്റിംഗ് നട്തതുന്നതായി കേരളം ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴും ദിവസവും അയ്യായിരത്തിന് താഴെ ടെസ്റ്റുകളേ നടത്തുന്നുള്ളൂ. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട് 30,000 ടെസ്റ്റുകളും കര്‍ണാടക 10000 ടെസ്റ്റുകളും ആന്ധ്രപ്രദേശ് 17000 ടെസ്റ്റുകളും നടത്തുന്നു.
27. കേരളം സാമൂഹ്യവാഹനത്തിന്റെ വക്കിലെത്തിയത് ടെസ്റ്റുകള്‍ നടത്തുന്നതില്‍ സംസ്ഥാനം കാണിച്ച അലംഭാവം കാരണമാണ്. ഇതുകാരണം ജനങ്ങള്‍ക്കിടയില്‍ രോഗബാധ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയി. കണ്ണൂരില്‍ ചക്ക തലയില്‍ വീണു ആശുപത്രിയിലായ ആള്‍ക്കും, തിരുവനന്തപുരത്ത് വാഹന അപകടത്തില്‍പെട്ടവര്‍ക്കും, കളവു കേസില്‍ പോലീസ് പിടിയലായവര്‍ക്കും കോവിഡ് പോസിറ്റീവായത് സംസ്ഥാനത്ത് തിരിച്ചറിയപ്പെടാത്ത കോവിഡ് രോഗികള്‍ ഉണ്ട് എന്നതിന് തെളിവാണ്. സംസ്ഥാനത്ത് രോഗം ബാധിച്ചവരില്‍ 87 പേര്‍ക്ക് ഇപ്പോഴും ഉറവിടം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല . കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് പോസിറ്റീവ് ആകുന്നതായി ആ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെത്തിയ 47 കേരളീയര്‍ക്ക് കോവിഡ് പോസിറ്റീവായെന്ന് കണ്ടെത്തിയതായി തമിഴ്നാട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
28. കേരളത്തില്‍ രോഗികളുടെ വിവരം മറച്ചുവയ്ക്കുന്നത് ക്രെഡിറ്റ് അടിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ? പേര് കിട്ടാനായി ജനങ്ങളുടെ ജീവന്‍വച്ച് പന്താടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ സ്പ്രിംഗ്ളറെ കൊണ്ടുവന്നത് തന്നെ പി.ആര്‍ വര്‍ക്കിന് വേണ്ടിയാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അിറയാം. വിദേശ മാധ്യങ്ങളില്‍ പി.ആര്‍. ഏജന്‍സികളെ കൊണ്ട് വാര്‍ത്ത ചമപ്പിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. കേരളത്തില്‍ സമഗ്രമായ ടെസ്റ്റ് നടത്തിയ ജനങ്ങളെ രോഗഭീതിയില്‍നിന്ന് ഒഴിവാക്കണം. പുറത്തുള്ള നമ്മുടെ സഹോദരങ്ങളെ മടക്കി കൊണ്ടുവരികയും വേണം. അത് തടഞ്ഞ സര്‍ക്കാരിന് മാപ്പില്ല.
എക്സൈസ് ഉദ്യോഗസ്ഥന്റെ മരണം
———-
29. ‘എനിക്ക് ശ്വാസം കിട്ടുന്നില്ല. ഞാന്‍ ഇവിടെ കിടന്നു ചാവും. മനപ്പൂര്‍വ്വം അവര്‍ ചികിത്സ തരുന്നില്ല’… കണ്ണൂരില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ 28 വയസ്സുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍ സുനില്‍ സഹോദരന് അയച്ച വോയിസ് മെസേജാണിത്. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ മരിക്കാന്‍ സമയത്ത് പറഞ്ഞ പിച്ചും പേയും എന്ന മട്ടിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എത്ര ക്രൂരമായിട്ടാണ് അദ്ദേഹം അത് പറഞ്ഞത്. മരണസമയത്ത് ഓക്സിജന്‍ പോലും കൊടുക്കാത്ത വീഴ്ചയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നതാണ്. ഇതാണോ കോവിഡ് പ്രതിരോധത്തിലെ നമ്പര്‍ വണ്‍ രീതി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2 രോഗികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തു. അതും നമ്പര്‍ വണ്‍ ആണോ?
ചൈനയുടെ കാര്യം മിണ്ടാത്തതെന്തേ?
————
30. പത്രസമ്മേളത്തില്‍ അതാത് ദിവസത്തെ പ്രധാന കാര്യങ്ങളൊക്കെ വിട്ടുപോകാതെ പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ചൈനീസ് അതിക്രമത്തെക്കുറിച്ച് പറയാതിരുന്നത്. 20 ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗത്തെക്കുറിച്ച് ഒരക്ഷരം പറയാതിരുന്നത് എന്തുകൊണ്ടാണ്?