കൊച്ചി: കോവിഡ് 19 നെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‌കുകൾ സംസ്‌കരിക്കാനുള്ള യന്ത്രസംവിധനം കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി. മൊബിലിറ്റി സൊല്യൂഷൻസ് പുറത്തിറക്കി. യു.വി. ലൈറ്റ് അധിഷ്ഠിത വിവിധോദ്ദേശ അണുനാശക സംവിധാനമായ യു.വി. സ്‌പോട്ടും വി.എസ്.ടി. പുറത്തിറക്കി.
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ (എസ്.സി.ടി. ഐ.എം.എസ്.ടി.) വികസിപ്പിച്ച ചിത്ര യു.വി. അടിസ്ഥാനമാക്കിയ ഫെയ്‌സ് മാസ്‌ക് ഡിസ്‌പോസൽ ബിൻ സാങ്കേതികവിദ്യയാണ് ബിൻ 19 എന്ന് പേരുള്ള മാസ്‌ക് സംസ്‌കരണ സംവിധാനത്തിൽ ഉപയോഗിക്കുന്നത്.
ഉപയോഗിച്ച മാസ്‌ക് ശേഖരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ബിൻ19 ഉപയോഗിക്കാം. ഉപയോഗിച്ച മാസ്‌കുകൾ ബിന്നിലെ ഒരു കണ്ടെയ്‌നറിനുള്ളിൽ നിക്ഷേപിച്ച് പ്രത്യേക പ്രക്രിയയിലൂടെ അണുവിമുക്തമാക്കാൻ സാധിക്കുമെന്ന് വി.എസ്.ടി. സി.ഇ.ഒ. ആൽവിൻ ജോർജ് പറഞ്ഞു. മാസ്‌ക് ഉപയോഗശേഷം ഉപേക്ഷിക്കുന്ന വ്യക്തിക്ക് ബിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസറിന്റെ സഹായത്തോടെ കൈകൾ വൃത്തിയാക്കാനും കഴിയും. എല്ലാ പ്രവർത്തനങ്ങളും കൈകൾ തൊടാതെ തന്നെ പൂർത്തിയാക്കാൻ കഴിയും.
ഓട്ടോ സാനിറ്റൈസർ ഡിസ്‌പെൻസർ ശൂന്യമാണെങ്കിൽ അറിയിക്കുന്നതിനുള്ള മുന്നറിയിപ്പ്, ബിൻ 19 കണ്ടെത്താനുള്ള മൊബൈൽ ആപ്ലിക്കേഷൻ, ഉപകരണത്തിന്റെ തൽസ്ഥിതി അറിയുന്നതിനുള്ള മുന്നറിയിപ്പുകൾ നൽകാനുള്ള വെബ് പോർട്ടൽ, ഉപകരണം തുറക്കുമ്പോഴുള്ള മുന്നറിയിപ്പുകൾ, എന്നിവയാണ് ബിൻ 19 ന്റെ ഇന്റർനെറ്റ് അധിഷ്ഠിത സവിശേഷതകൾ.
തങ്ങളുടെ സാങ്കേതിക ജ്ഞാനവും പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഉപകരണങ്ങളും പ്രായോഗികതലത്തിൽ വി.എസ്.ടി യാഥാർത്ഥ്യമാക്കിയെന്ന് എസ്.സി.ടി.ഐ.എം.എസ്.ടി. ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു. ഓഫീസുകളിലും വീടുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സൗകര്യപ്രദമായി ഉപയോഗിക്കാം. രണ്ട് ഉപകരണങ്ങളും ശ്രീചിത്ര ലാബിൽ മൈക്രോബയോളജിക്കൽ പരിശോധനകൾക്ക് വിധേയമാക്കി വിജയം ഉറപ്പാക്കിയിരുന്നു. എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉപകരണങ്ങൾ പുറത്തിറക്കി.
