ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ മോദി ഭക്തര്‍ തീര്‍ത്തും പ്രകോപിതരായാണ് കാണപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് സമാനമായ രീതിയില്‍ ആഞ്ഞടിക്കണമെന്നാണ് വികാരവിക്ഷോഭിതരായ മോദി ഭക്തരുടെ ആവശ്യം. എന്തായാലും ഭക്തരെ തൃപ്‌തിപ്പെടുത്തും വിധം മോദി അത്രയേറെ വികാരാധീനനായി ഈ പ്രശ്‌നത്തെ സമീപിക്കുമെന്ന് തോന്നുന്നില്ല. ഒന്നാമത്, ഒരു തിരഞ്ഞെടുപ്പ് അടുത്തൊന്നും വരാനിരിക്കുന്നില്ല. രണ്ടാമത്, മറുപക്ഷത്ത് നിലകൊള്ളുന്നത് ഇന്ത്യയേക്കാള്‍ ദുര്‍ബലമായ രാജ്യമായ പാകിസ്ഥാനല്ല, ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയാണ്.
പ്രകോപനങ്ങള്‍ യുദ്ധങ്ങള്‍ക്ക് വഴിവെക്കുകയാണെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കനത്തതായിരിക്കും. ആണവായുധം കൈവശം വെക്കുന്ന പാകിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷമുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വരാതിരുന്നത് അവിടെ ഇമ്രാന്‍ഖാനെ പോലെ വകതിരിവുള്ള ഒരു ഭരണാധികാരിയാണ് ഭരണം കൈയാളുന്നത് എന്നതുകൊണ്ടാണ്. ഇമ്രാന്‍ഖാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഏതൊരു യുദ്ധകൊതിയന്റെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഉത്തര കൊറിയന്‍ ഏകാധിപതിയായ കിമ്മിനെ പോലുള്ള ഒരു നരാധമനാണ് മറുപക്ഷത്ത് ഭരണം കൈയാളുന്നതെങ്കില്‍ ഇന്ത്യയുടെ ആണവശക്തിയായ പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടല്‍ ചരിത്രം രേഖപ്പെടുത്തിയ വിധം അവസാനിക്കുമായിരുന്നുവോയെന്ന് സംശയമാണ്. ശത്രു രാജ്യത്തിന്റെ പ്രഹരശേഷി മാത്രമല്ല, അവരുടെ ഭരണതലവന്റെ ധാര്‍മിക ബോധവും സഹിഷ്‌ണുതയുമെല്ലാം ഏറ്റുമുട്ടലുകളില്‍ എത്രത്തോളം പോകാമെന്നതിന്റെ അളവുകോലുകള്‍ കൂടിയാണ്.
പേരിലെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമായ പാകിസ്ഥാന്‍ പോലെയല്ല ചൈന. അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീണ്ട കാലമായുള്ള ഏകാധിപത്യമാണ് നിലനില്‍ക്കുന്നത്. ഷി ജിങ് പിങ് രാജഭരണം നിലവിലുള്ള രാജ്യങ്ങളിലേതു പോലെ മരണം വരെ അധികാരത്തില്‍ തുടരാന്‍ നിയോഗിതനാണ്. ലോകകപ്പ് വിജയം നേടികൊടുത്ത ക്രിക്കറ്റ് ക്യാപ്‌റ്റനില്‍ നിന്നും പ്രധാനമന്ത്രിയായി വളര്‍ന്ന, അത്യപൂര്‍വമായ ഒരു കരിയറിന് ഉടമയായ ഇമ്രാന്‍ഖാന്റെ സാമാന്യബോധവും യുക്തിചിന്തയുമൊന്നും സമാനമായ അളവില്‍ ഏകാധിപതിയായ ഷി ജിങ് പിങിന് ഉണ്ടാകണമെന്നില്ല. കോവിഡ്-19 ലോകം മുഴുവന്‍ പടര്‍ത്തിയതിന്റെ പേരില്‍ ആഗോള തലത്തില്‍ തന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്നതിന്റെ `കലിപ്പ്’ കൂടി അവര്‍ക്കുണ്ട്.
പാകിസ്ഥാനെ തകര്‍ക്കാന്‍ തനിക്ക് ഏഴ് ദിവസം മതിയെന്നാണ് നേരത്തെ മോദി ഒരു പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരുടെ രക്തത്തിന് പകരം ചോദിക്കണമെന്ന മോദി ഭക്തരുടെ വികാരം ഉള്‍ക്കൊണ്ട് ചൈനയ്‌ക്കെതിരെ സമാനമായ ഭാഷയില്‍ സംസാരിക്കാന്‍ മോദി ഒരിക്കലും തുനിയാന്‍ സാധ്യതയില്ല. കാരണം രാജ്യത്തിനകത്തെ ഭരണ പരാജയങ്ങള്‍ മറയ്‌ക്കാന്‍ മോദിക്ക് ഇടയ്‌ക്കിടെ കൊട്ടാവുന്ന ചെണ്ട പോലെ പാകത്തിന് മുന്നില്‍ നില്‍ക്കുന്ന പാകിസ്ഥാനെ പോലെയല്ല ചൈന. അവര്‍ക്കെതിരെ സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന വിപത്തിനെ പറ്റി മോദിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് അതിര്‍ത്തിയില്‍ ഉണ്ടായ അരുംകൊലയോട് വൈകാരികമായി പ്രതികരിക്കാതെ അദ്ദേഹം ഉടന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. കൊറോണയും ലോക്ക് ഡൗണും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കു മേല്‍ കനത്ത ആഘാതം ഏല്‍പ്പിച്ച സാഹചര്യത്തില്‍ അതിനെ നേരിടാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി സര്‍വക്ഷിയോഗം വിളിക്കണമെന്ന ആവശ്യത്തിന് ചെവികൊടുക്കാതിരുന്നയാളാണ് മോദി. പക്ഷേ അതിര്‍ത്തിയില്‍ ചൈന ഒരിക്കല്‍ കൂടി തനിനിറം പുറത്തെടുത്തപ്പോള്‍ അത് സ്വന്തം നിലയില്‍ പൊടുന്നനെയുള്ള തീരുമാനങ്ങളിലൂടെ കൈകാര്യം ചെയ്യാവുന്നതിന് അപ്പുറമാണ് എന്ന തിരിച്ചറിവ് മോദിക്കുണ്ട്.