കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ചൊരിഞ്ഞ സ്‌ത്രിവിരുദ്ധത കലര്‍ന്ന നിന്ദയെ കുറിച്ച് കഴിഞ്ഞ ദിവസം മലയാള മനോരമയുടെ ഏറെ ചര്‍ച്ചാവിഷയമായ `രാഷ്‌ട്രീയ നാവിന്റെ വേലിചാട്ടം’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ പേജില്‍ അതിനേക്കാള്‍ വലിയ തലകെട്ടോടെ `പരിശോധന ഇതു പോരാ’ എന്ന എന്‍.എസ്.മാധവന്റെ ഒരു ലേഖനമുണ്ട്. തത്സമയം എന്ന പ്രതിവാര പംക്തിയില്‍ അദ്ദേഹം എഴുതിയ ഈ ലേഖനത്തിന്റെ ആദ്യ പകുതി കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തെ ഫലപ്രദമായി നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ വരുത്തുന്ന വീഴ്‌ചകളെ കുറിച്ചാണ്.
പരിശോധന കുറഞ്ഞ സംസ്ഥാനങ്ങളിലാണ് നേരത്തെ കോവിഡ് അതിവേഗം പരന്നതെന്നും ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ പരിശോധന കൂട്ടിയപ്പോള്‍ കേരളം അതില്‍ ബഹുദൂരം പിറകോട്ടു പോയെന്നുമാണ് മാധവന്‍ ചൂണ്ടികാണിക്കുന്നത്. ശരാശരി പരിശോധനകളുടെ എണ്ണത്തില്‍ 20-ാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനമെന്നും ഇന്ത്യയുടേ ശരാശരിയേക്കാള്‍ താഴെയാണ് കേരളത്തില്‍ നടക്കുന്ന പരിശോധനകളുടെ എണ്ണമെന്നും അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.
കേരളം കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ കാണിക്കുന്ന ഇത്തരം അലംഭാവം കണക്കുകള്‍ നിരത്തി മുന്‍ ഐഎഎസ് ഓഫീസര്‍ കൂടിയായ പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ ചൂണ്ടികാണിക്കുമ്പോള്‍ അതേറ്റെടുക്കാനോ, ജനശ്രദ്ധയില്‍ പെടുത്തുന്ന ഒരു വിഷയമായി അവതരിപ്പിക്കാനോ പ്രതിപക്ഷത്തെ ഒരു നേതാവ് പോലും മുന്നോട്ടു വന്നില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആകട്ടെ കേരളം മുഖ്യധാരാ മാധ്യമങ്ങള്‍ മുഖപ്രസംഗം പോലും എഴുതി ചൂണ്ടിക്കാട്ടിയ ഒരു പിഴവ് തിരുത്താന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ `റോക്ക് ഡാന്‍സര്‍’ പോലുള്ള വിശേഷണങ്ങളിലൂടെ കൂടുതല്‍ അധിക്ഷേപങ്ങള്‍ ചൊരിയുകയാണ് ചെയ്‌തത്. പോസിറ്റീവ് പൊളിറ്റിക്‌സ് എന്നത് കേരളത്തിലെ പ്രതിപക്ഷം മറന്നുപോയിരിക്കുന്നു എന്നാണ് ഇതൊക്കെ കാണിക്കുന്നത്.
കോവിഡിനെ നേരിടാന്‍ കേരളം നടത്തിയ ആസൂത്രണത്തിന്റെ ക്രെഡിറ്റ് സര്‍ക്കാരും എല്‍ഡിഎഫും ഒറ്റയടിക്ക് കൊണ്ടുപോകുന്നതിലെ `ചൊരുക്ക്’ ആണ് ഒരു കെപിസിസി പ്രസിഡന്റിനെ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. അതേ സമയം ചര്‍ച്ചാവിഷയമാകേണ്ട പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കപ്പെടുന്നു എന്നതാണ് ഈ നെഗറ്റീവ് പൊളിറ്റിക്‌സിന്റെ ദോഷവശം. കെപിസിസി പ്രസിഡന്റ് ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ചത് കേരളത്തിലേക്ക് വരുന്ന പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന നിഷേധാത്മകമായ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്. ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍ വിവാദ പരാമര്‍ശങ്ങളെ കുറിച്ചാണ്. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ദുരിതം എന്ന അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയം ചര്‍ച്ചകളില്‍ നിന്ന് മാറ്റിവെക്കപ്പെട്ടു.
സാധാരണ ഇത്തരം ശ്രദ്ധ തിരിക്കല്‍ തന്ത്രങ്ങള്‍ നടപ്പിലാക്കുന്നത് വീഴ്‌ച വരുത്തുന്ന സര്‍ക്കാരുകളാണ്. ഇവിടെ പ്രതിപക്ഷം തന്നെ അവര്‍ക്കു വേണ്ടി ആ റോള്‍ ഭംഗിയായി നിറവേറ്റി കൊടുത്തിരിക്കുന്നു! പിന്‍ബുദ്ധി അലങ്കാരമായി കൊണ്ടുനടക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ ഒരു ജനതയെ തന്നെയാണ് ദുരിതത്തിലേക്ക് നയിക്കുന്നത്.
സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന മൃദുസമീപനം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണ്. കേരള സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ കാട്ടിയ മികവിനെ സ്‌തുതിച്ച മാധ്യമങ്ങളും സാംസ്‌കാരിക നായകരും ആ മികവ് പതുക്കെ പിഴവുകളിലേക്ക് വഴിമാറുന്ന സാഹചര്യത്തില്‍ അത് ചൂണ്ടികാട്ടാന്‍ മടിക്കുമ്പോള്‍ പ്രതിപക്ഷമാണ് പോസിറ്റീവ് പൊളിറ്റിക്‌സിന്റെ ആയുധമെന്ന നിലയില്‍ അതി നെ ഉപയോഗിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത നെഗറ്റീവ് പൊളിറ്റിക്‌സിന്റെ റോക്ക് സ്റ്റാറുമാര്‍ സര്‍ക്കാരുകള്‍ കാട്ടുന്ന അലംഭാവത്തിനും നിഷേധാത്മക സമീപനത്തിനും കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്.