കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ യോഗം കൂടി , താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് കത്തയച്ചത് .ഇതാദ്യമല്ല താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത് .ഇതുവരെയും ഏതെങ്കിലും താരങ്ങൾ അങ്ങിനെ കുറച്ചിട്ടുണ്ടോ എന്ന് സംശയമാണ് . എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ കോമ്പ്രമൈസ് ചെയ്തു പൂർത്തിയാക്കിയ നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് .
പണ്ട് പ്രേം നസീർ, താൻ അഭിനയിച്ച സിനിമ നഷ്ടത്തിലായാൽ , അതെ പ്രൊഡൂസറിനു വേണ്ടി അടുത്ത സിനിമ സൗജന്യമായി ചെയ്തു കൊടുത്ത കഥകൾ കേട്ടിട്ടുണ്ട് . മലയാളത്തിലെ പല താരങ്ങളും അത്തരത്തിൽ വിട്ടു വീഴ്ച ചെയ്തു സിനിമകളുമായി സഹകരിച്ച കഥകളുമുണ്ട് . മമ്മൂട്ടി നായകനായി അഭിനയിച്ച കൈയ്യൊപ്പ് , ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെ ആണെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞിട്ടുണ്ട് , ദിലീപ് നായകനായ വെട്ടം , അതിന്റെ നിർമ്മാതാവായ സുരേഷ്‌കുമാറിന്റെ സഹായിക്കാനായി ചെയ്തതാണെന്ന് കേട്ടിട്ടുണ്ട് .മോഹൻ ലാലും സുരേഷ് ഗോപിയുമൊക്കെ അത്തരത്തിൽ നിർമ്മാതാക്കളെ സഹായിച്ചിട്ടുണ്ട് . പക്ഷെ അതെല്ലാം ബന്ധത്തിന്റെ പേരിൽ മാത്രം . അല്ലാതെ നിലവിലുള്ള തങ്ങളുടെ പ്രതിഫലം എല്ലാവര്ക്കും വേണ്ടി കുറച്ച ചരിത്രം ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല . തന്റെ കയ്യിലുള്ള വണ്ടിച്ചെക്കുകളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് ഒരിക്കൽ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്
പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തയച്ചു കാത്തിരിക്കുകയാണ്. താര സംഘടനയായ അമ്മ, സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്ക എന്നീ സംഘടനകൾക്കാണ് കത്തയച്ചത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം എത്രയും വേഗം സംഘടനക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. തുടര്‍ന്ന് എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും നിര്‍മാതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു . മലയാള സിനിമയുടെ നിർമാണ ചെലവ് പകുതിയായി കുറച്ചുകൊണ്ടു സിനിമ നിർമ്മിക്കുമെന്നു നിർമ്മാതാക്കൾ അവകാശപ്പെടുന്നു . ഇതിന്‍റെ ഭാഗമായി താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് നിർമാതാക്കൾക്കുള്ളത്..
യഥാർത്ഥത്തിൽ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും നിർമ്മാതാക്കൾ കൂടിയാണ് , തങ്ങളുടെ അഭിനയത്തിന്റെ പ്രതിഫലം മൂലധനമായി ഇട്ടുകൊണ്ട് നിർമ്മാണത്തിൽ പങ്കാളിയാവുന്ന ട്രെൻഡ് ഇപ്പോൾ വ്യാപകമാണ് .അങ്ങിനെ നോക്കുമ്പോൾ ഇവരും നിർമ്മാതാക്കളാണ് . ,വിതരണവും , തീയേറ്ററും സ്വന്തമായി ഉള്ള താരങ്ങളും ഉണ്ട് . മൊത്തത്തിൽ സിനിമ മുഴുവനായി അടക്കി ഭരിക്കാനുള്ള കെൽപ്പു നേടാനുള്ള ശ്രമത്തിലാണ് പല താരങ്ങളും .
കോവിഡ് പ്രതിസന്ധിയിലായ നിർമ്മാതാക്കളും , തീയ്യേറ്റർ ഉടമകളും , വിതരണക്കാരുമുണ്ട് ,എന്നാൽ ഈ ലിസ്റ്റിൽ ഒരു മുന്നിര താരങ്ങൾ പോലും വരാൻ ഒരു സാധ്യതയുമില്ലന്നു ഒരു പ്രൊഡ്യൂസർ യോഗത്തിൽ തുറന്നടിച്ചു എന്നാണ് വാർത്തകൾ . നാളെ ‘അമ്മ’ അസോസിയേഷൻ യോഗം കൂടി , തങ്ങളുടെ കയ്യിലുള്ള വണ്ടി ചെക്കുകൾ മാറ്റിത്തന്നാൽ പ്രതിഫല കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യാമെന്ന് പറഞ്ഞാൽ നിർമ്മാതാക്കളിൽ ചിലരെങ്കിലും പെട്ട് പോകും. അങ്ങിനെ നിർമ്മാതാക്കൾ ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ഈ ആവശ്യം തള്ളിപ്പോവാനാണ് സാധ്യത . സൂപ്പർ താരങ്ങളുടെ തീയതി കിട്ടിയാൽ ഇപ്പോൾ ബഹളം വെയ്ക്കുന്ന പല നിർമ്മാതാക്കളും അവരുടെ പുറകെ പോയി സിനിമ ചെയ്യുന്ന കാഴ്ച പല തവണ കണ്ട പ്രേക്ഷകർക്ക് ഇതിൽ ഒരു പുതുമയും തോന്നുന്നില്ല എന്നതാണ് സത്യം . ഒരു ചൊല്ലുണ്ട് സിനിമയിലും രാഷ്ട്രീയത്തിലും സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല . അപ്പൊ പൂച്ചക്കാര്… എന്ന് മണികെട്ടും …?
– സാഗർ കോട്ടപ്പുറം-