കൊച്ചി : കൊവിഡ് മൂലം പ്രതിസന്ധിയിലായി നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് വാങ്ങാൻ കഴിവില്ലാത്ത പ്രവാസികൾ അപേക്ഷ നൽകിയാൽ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഗൾഫിലെ ഇന്ത്യൻ എംബസികളുടെ ക്ഷേമനിധി (ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ) ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കണമെന്ന ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികൾ ഇന്ത്യൻ എംബസികളിൽ അപേക്ഷ നൽകിയാൽ പരിശോധിച്ച് സഹായിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നു. ഉറപ്പു കണക്കിലെടുത്താണ് അടിയന്തര നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഭർത്താക്കന്മാരെ തിരിച്ചു കൊണ്ടുവരാൻ വടകര സ്വദേശിനി ജിഷ, തിരുവനന്തപുരം മടവൂർ സ്വദേശിനി ഷീബ, കോഴിക്കോട് ഒഞ്ചിയം സ്വദേശിനി മനീഷ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. നിരവധി പ്രവാസികൾ പണമില്ലാത്തതിനാൽ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സഹായിക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ഏറ്റവും അർഹതയുള്ളവർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും മുൻഗണന നൽകാമെന്ന് കേന്ദ്രത്തിന്റെ അഭിഭാഷക അറിയിച്ചു. മാനദണ്ഡങ്ങൾ തൃപ്തികരമാണെങ്കിൽ ഹർജിക്കാരുടെ അപേക്ഷകളിൽ ഉടൻ നടപടിയെടുക്കും. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.