വെച്ചുവിളമ്പേണ്ടത് പെണ്ണാണെന്ന് പറയുമെങ്കിലും ഹോട്ടലുകളില്‍ അടുക്കള കീഴടക്കുന്നത് ആണുങ്ങളാണ്. സ്ത്രീ പാചകം ചെയ്യേണ്ടത് വീടുകളില്‍ മാത്രമാണെന്ന് പറയുന്നവരുടെ വായടപ്പിച്ച് തലയുയര്‍ത്തി നില്‍ക്കുകയാണ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയായ ലത. ആഢംബര ഹോട്ടലുകളിലെ അടുക്കയിലുള്ള ആണ്‍കോയ്മയ്ക്ക് ഒരു മറുപടി കൂടിയാണ് അവര്‍. ഇന്ത്യയിലെ പേരുകേട്ട ഹോട്ടലുകളിലൊന്നായ ഗ്രാന്‍ഡ് ഹയാത്തിന്റെ മലബാര്‍ റസ്റ്റോറന്റില്‍ ചീഫ് ഷെഫായ ലത, കേരളത്തിലെ ആദ്യ വനിതാ ഷെഫ് കൂടിയാണ്.
പാചക കലയോടുള്ള ഇഷ്ടം തന്നെയാണ് നാട്ടിന്‍പുറത്തുകാരിയായ ലതയെ ഷെഫ് എന്ന പദവിയിലേക്ക് നയിച്ചത്. ഒന്‍പതാം വയസിലായിരുന്നു ലതയുടെ ആദ്യ പാചക പരീക്ഷണം. ചോറും മീന്‍കറിയും ആയിരുന്നു വിഭവം. വീട്ടുകാര്‍ക്ക് മുന്നില്‍ പാചകത്തില്‍ മിടുക്കിയാണെന്ന് തെളിയിച്ച ലത തന്റെ ഭാവി ഇതാണെന്ന് തിരിച്ചറിയുകയായിരുന്നു.
പതിനാറാം വയസില്‍ രുചികള്‍ സമ്മാനിക്കാന്‍ ഇറങ്ങിയ ലത, ഇന്ന് പതിനായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പുന്ന വന്‍കിട പാര്‍ട്ടികളുടെ മുഖ്യ പാചകക്കാരിയാണ്. 32 വര്‍ഷത്തെ സേവനത്തിനിടയില്‍ നരേന്ദ്രമോദി, പിണറായി വിജയന്‍, യൂസഫലി, രവി പിള്ള, മോഹന്‍ലാല്‍,നിവിന്‍ പോളി തുടങ്ങിയ പ്രമുഖരെല്ലാം ലതയുടെ കൈപ്പുണ്യം അറിഞ്ഞു.
വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ചും പാചക കലയെക്കുറിച്ചും പാചകറാണി ലത ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ നോട് പങ്കുവെയ്ക്കുന്നു.
പാചകം ജീവിതത്തിന്റെ ഭാഗം
കുഗ്രാമത്തിലാണ് എന്റെ ബാല്യകാലം. ഞങ്ങള്‍ മൂന്ന് മക്കളാണ്. കൃഷിയും പാചകവും മാത്രമാണ് നാട്ടില്‍ എവിടെയും കാണാന്‍ കഴിയുന്നത്. അമ്മയുടെ വീട്ടില്‍ ജോലിക്കാര്‍ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നതാണ് സ്ഥിരമായി കാണുന്നത്. അതുകൊണ്ട് തന്നെ പാചകം വലിയ സംഭവമാണെന്ന് ഞാന്‍ മനസ്സിലാക്കി. നാട്ടിലെ പരിപാടികള്‍ക്കെല്ലാം പാചകം ചെയ്യുന്നത് കേളുകുട്ടി നായര്‍ ആണ്. കേളുകുട്ടി നായര്‍ ഒറ്റയ്ക്ക് എല്ലാ കറികളും വേഗത്തില്‍ ഉണ്ടാക്കുമായിരുന്നു. നാട്ടിലെ ഏറ്റവും വലിയ പാചകക്കാരനായ അദ്ദേഹമായിരുന്നു എന്റെ മനസ്സിലെ ഏറ്റവും വലിയ ഷെഫ്.
അച്ഛന്‍ വായിക്കുന്ന സോവിയറ്റ് യൂണിയന്‍ എന്ന മാഗസിനില്‍ മാത്രമാണ് തൊപ്പിയിട്ട ഷെഫിനെ കാണാന്‍ കഴിയുന്നത്. അന്ന് എനിക്ക് എട്ടോ ഒന്‍പതോ വയസ് മാത്രമായിരുന്നു. പാചകത്തെക്കുറിച്ച് വരുന്ന ലേഖനങ്ങള്‍ അച്ഛന്‍ വായിച്ചുതരുമായിരുന്നു. പാചകം എന്ന വലിയൊരു മേഖല തനിക്ക് മുന്നിലുണ്ടെന്നും എന്തുകൊണ്ട് അത് തെരഞ്ഞെടുത്തുകൂടാ എന്നും ചിന്തിച്ചുതുടങ്ങി. 10-ാംക്ലാസ് കഴിഞ്ഞതോടെ പാചകം പഠിക്കാനുള്ള വഴികള്‍ ആലോചിച്ചു.
അകലം പാലിച്ച് സമൂഹവും വീട്ടുകാരും
പാചകം ജീവിത മാര്‍ഗമായി തെരഞ്ഞെടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ബന്ധുക്കളും സമൂഹവും എന്നെ അകറ്റി നിര്‍ത്തി. 1988-89 കാലഘട്ടത്തിലാണ് ഇതെന്ന് ഓര്‍ക്കണം. ഒരു പെണ്ണ് പാചകം പഠിക്കാന്‍ പോകുന്നത് സമൂഹം അംഗീകരിച്ചിരുന്നില്ല. അന്ന് ഞാന്‍ ഗര്‍ഭിണി കൂടിയായിരുന്നു. ഒരുപാട് പേര്‍ എന്റെ തീരുമാനത്തെ എതിര്‍ത്തു. വീട്ടുകാരും നാട്ടുകാരും എനിക്ക് പറ്റുന്ന പണിയല്ലെന്ന് പറഞ്ഞ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ ഭര്‍ത്താവിന്റെ പിന്തുണയോടെ ഞാന്‍ കോഴിക്കോട് ഫുഡ് ആന്റ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ തുടങ്ങി. 27 ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഏക പെണ്‍തരിയായിരുന്നു ഞാന്‍.
പാചക റാണിയിലേക്കുള്ള ചുവടുവെയ്പ്പ്
മക്കളായ ശേഷമാണ് ജോലി ചെയ്യാന്‍ തുടങ്ങിയത്. ‘ഹോട്ടല്‍ പണിക്ക് പോകുന്ന പെണ്ണ്’ എന്ന തരത്തില്‍ പലരും എന്നെ താഴ്ത്തി കെട്ടി. പത്ത് വര്‍ഷത്തോളം ഒരു പൊതുചടങ്ങുകളിലും പങ്കെടുത്തില്ല. കാന്റീനുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ ഏറ്റെടുത്ത് നടത്തി. കൈരളി എന്ന പേരില്‍ കാറ്ററിംഗ് സര്‍വീസ് തുടങ്ങി. പിന്നീട് പാചകം ഒരു സ്ഥലത്ത് ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് മനസ്സിലായതോടെ കൂടുതല്‍ പഠിക്കാനായി ചെന്നൈയിലേക്ക് പോയി. മക്കളെ അമ്മയുടെ അടുത്താക്കിയാണ് പോയത്.സാജ് റിസോര്‍ട്ട്, ആയില്യം ഗ്രൂപ്പ്, മഞ്ജുഷ ഹോളിഡേയ് എന്നിവിടങ്ങളില്‍ എക്‌സിക്യുട്ടീവ് ഷെഫായും കോര്‍പറേറ്റ് ഷെഫായും പ്രവര്‍ത്തിച്ചു.
കോപ്പിയടിയില്ല, കൈയൊപ്പോടെയുള്ള വിഭവങ്ങള്‍
ഒരു സ്ഥലത്ത് നിന്നും കഴിക്കുന്ന വിഭവം മാറ്റം വരുത്തി എങ്ങനെ പുതിയ വിഭവമാക്കാമെന്നാണ് ഞാന്‍ ആദ്യം ചിന്തിക്കുന്നത്. അല്ലാതെ കഴിച്ച ഭക്ഷണം തന്നെ ഉണ്ടാക്കി കൊടുക്കാറില്ല. വറുത്തരച്ച ചിക്കന്‍ കറി എല്ലാ ഹോട്ടലുകളിലും കിട്ടും. എന്നാല്‍ അത് തന്നെ ചെറിയ മാറ്റം വരുത്തി പുതിയ പേരില്‍ അവതരിപ്പിക്കും. ചിക്കന്‍ ഹൈറേഞ്ച്, ക്യാരറ്റിട്ട ചിക്കന്‍ കറി തുടങ്ങിയവയെല്ലാം എന്റേതായ സ്‌പെഷല്‍ ഐറ്റംസ് ആണ്. മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത് കൊണ്ട് തന്നെയാണ് ഇത്രയും കാലം ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാവുന്നത്.
കേരളത്തനിമയില്‍ തായ് ഫുഡ്
സാജില്‍ ജോലി ചെയ്യുമ്പോഴാണ് തായ് വിഭവങ്ങള്‍ പഠിക്കുന്നത്. തായ്‌ലാന്‍ഡിലെ കുടുംബം ആയിരുന്നു സാജില്‍ തായ് ക്യുസിന്‍ നടത്തിയിരുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുപോകുകയും ഞാനത് ഏറ്റെടുക്കുകയും ചെയ്തു. തായ് ഫുഡും കേരളത്തിലെ ഫുഡും ട്രൈബല്‍ ഫുഡും ചേര്‍ന്നാല്‍ കേരള-തായ് ഫുഡ് ആകും. അങ്ങനെ പരീക്ഷണങ്ങളിലൂടെ പുതിയ വിഭവങ്ങള്‍ കണ്ടെത്തി. ചൈനീസ് ഫുഡും ഉണ്ടാക്കാറുണ്ട്. ഇപ്പോള്‍ ഗ്രാന്‍ഡ് ഹയാത്തില്‍ സൗത്ത് ഇന്ത്യന്‍ ഫുഡ് മാത്രമാണ് ചെയ്യുന്നത്.
ട്രൈബല്‍ ഫുഡ്- ലോകത്തിലെ പോഷകഗുണമുള്ള ഭക്ഷണം
ട്രൈബല്‍ ഭക്ഷണശൈലിയെക്കുറിച്ച് പഠിക്കാന്‍ വയനാട്ടില്‍ എട്ട് മാസത്തോളം ചെലവഴിച്ചു. പണിയര്‍, കുറിച്യര്‍ തുടങ്ങിയവരുടെ ഭക്ഷണശൈലികള്‍ പഠിച്ചു. അവര്‍ വൈകുന്നേരങ്ങളില്‍ മാത്രമാണ് ഭക്ഷണം ഉണ്ടാക്കുന്നത്. രാവിലെ ആ ഭക്ഷണം തന്നെയാണ് കഴിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അവര്‍ തന്നെയാണ്. അവരുടെ ഭക്ഷണം ആയുസ് കൂട്ടാനും യൗവ്വനം നിലനിര്‍ത്താനും സഹായിക്കും. ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അവര്‍ ഭക്ഷണം ഉണ്ടാക്കുന്നത്. സ്വന്തമായി കൃഷി ചെയ്ത ഗന്ധകശാല അരിയാണ് അവര്‍ ഉപയോഗിക്കുന്നത്. പ്രത്യേക തരം മണമുള്ള ചെറിയ അരിയാണ്. മലംചെരുവുകളില്‍ തണലേറ്റാണ് ഗന്ധകശാല വളരുന്നത്.
ആളെ അറിയില്ല, പേര് കേട്ടാല്‍ അവര്‍ക്കുള്ള ഫുഡ് റെഡി
ഭക്ഷണം കഴിക്കാനെത്തുന്ന ഒട്ടുമിക്ക പ്രമുഖരെയും നേരിട്ട് കണ്ടാല്‍ അറിയില്ല. പക്ഷേ അവരുടെ പേര് കേട്ടാല്‍ അവര്‍ക്ക് കൊടുക്കേണ്ട ഭക്ഷണം ഏതാണെന്ന് അറിയാം. മുഖം ഓര്‍ത്തുവെക്കാന്‍ പലപ്പോഴും എനിക്ക് കഴിയാറില്ല. എന്നാല്‍ അവരുടെ ഭക്ഷണത്തെക്കുറിച്ച് പൂര്‍ണബോധ്യമുണ്ട്. ലത ഷെഫ് ഉണ്ടോ എന്ന് ചോദിച്ചാണ് മനോജ് കെ ജയന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ വരാറുള്ളത്. ഞാനുണ്ടാക്കുന്ന ഫുഡ് ആണെങ്കില്‍ അവര്‍ ഓകെ ആണ്. എനിക്ക് ഏറ്റവും വിലപ്പെട്ടവര്‍ എന്റെ അതിഥികളാണ്. അവരുടെ ആരോഗ്യം അതിപ്രധാനമാണ്. അവര്‍ക്ക് യോജ്യമായ രീതിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പാചകം ആണ് എന്റെ എല്ലാം. ഞാന്‍ ആദ്യം പ്രസവിച്ച കുട്ടികള്‍ എന്റെ പാചകം ആണ്. ഞാന്‍ ആദ്യം കണ്ട അമ്പലം എന്റെ അടുക്കളയാണ്.
മോദി മുതല്‍ നിവിന്‍ പോളി വരെ
പ്രമുഖര്‍ക്ക് പ്രിയം കേരള ഫുഡിനോടാണ്. നാടന്‍ വിഭവങ്ങളോടാണ് പിണറായി സാറിന് താല്‍പര്യം. രവി പിള്ള, യൂസഫലി തുടങ്ങിയ സമ്പന്നരെല്ലാം വെസ്റ്റേണ്‍ ഫുഡിന്‍റെ ആള്‍ക്കാരാണെന്ന ധാരണയുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം നാടന്‍ വിഭവങ്ങളോടാണ് പ്രിയം. പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തിയപ്പോള്‍ ഭക്ഷണം നല്‍കാന്‍ എനിക്ക് കഴിഞ്ഞു. ചക്കയുടെ സ്റ്റഫ് ചെയ്ത വിഭവമാണ് ഉണ്ടാക്കിയത്. ഓയില്‍ ഫുഡ് കഴിക്കാത്തത് കൊണ്ട് സ്റ്റീം ചെയ്താണ് നല്‍കിയത്. മറ്റ് ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ സ്‌പെഷല്‍ ഷെഫ് ഉണ്ടായിരുന്നു. മോഹന്‍ലാലും മനോജ് കെ ജയനുമെല്ലാം നാടന്‍ ഭക്ഷണത്തിന്റെ ആളുകളാണ്. പുളികുറച്ച് നല്ലപോലെ മുളകിട്ട മീന്‍കറിയാണ് മനോജിന് വേണ്ടത്. എന്തെങ്കിലും സ്‌പെഷല്‍ വേണമെന്നുണ്ടെങ്കില്‍ വിജയ് യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ വിളിച്ചുപറയാറുണ്ട്. എന്റെ കീഴില്‍ 23 പേര്‍ ജോലി ചെയ്യുന്നുണ്ട്. എങ്കിലും പ്രിയപ്പെട്ട അതിഥികള്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍ ഞാന്‍ തന്നെയാണ് പാകം ചെയ്യുന്നത്.
തന്തൂരി ഉണ്ടാക്കാന്‍ പഠിക്കണമെങ്കില്‍ കൂടെ കിടക്കണം
സ്വാര്‍ത്ഥത നിറഞ്ഞ മേഖലയാണ് പാചകം. ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരള ഫുഡ് കഴിഞ്ഞാല്‍ പിന്നെ നോര്‍ത്ത് ഇന്ത്യന്‍ ഫുഡ് ഉണ്ടാക്കാനാണ് ഇഷ്ടം. സാജില്‍ ഒരു സിംഗ് ഷെഫ് ഉണ്ടായിരുന്നു.അദ്ദേഹത്തോട് റുമാലി റൊട്ടി അടിക്കാനും തന്തൂരി ഉണ്ടാക്കാനും പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ഒരു രാത്രി എന്റെ കൂടെ വരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതല്ലെങ്കില്‍ നിന്റെ വലത് കൈ വെട്ടി തരൂ എന്ന് പറഞ്ഞു. ചിലപ്പോള്‍ തമാശയായി പറഞ്ഞതാവാം. പക്ഷേ അതെന്റെ മനസ്സില്‍ ഉണ്ടാക്കിയത് വലിയ മുറിവാണ്. ചെറുപ്രായമായതിനാല്‍ പ്രതികരിക്കാനൊക്കെ പേടിയായിരുന്നു. ഒരു കാര്യം പഠിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ചു.
ഇതുപോലെയുള്ള ഓരോ അനുഭവങ്ങളും എനിക്ക് പാഠങ്ങളാണ്. കൊതുകില്‍ നിന്ന് പോലും പഠിക്കാനുണ്ടെന്ന് എന്റെ അച്ഛന്‍ പറയാറുണ്ട്. കൊതുക് ചെവിയില്‍ വന്ന് വട്ടം ചുറ്റുന്നത് നീ ഉറങ്ങിയോ എന്ന് അറിയാനാണെന്നാണ് അച്ഛന്‍ പറഞ്ഞത്. എല്ലാവരില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്. നല്ല പാഠങ്ങള്‍ മാത്രം പഠിക്കുക. നിലവില്‍ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. എല്ലാവരുടെ ഭാഗത്ത് നിന്നും പൂര്‍ണ സഹകരണമുണ്ട്. ഇനി മോശം അനുഭവം ഉണ്ടാകുകയാണെങ്കില്‍ തന്നെ കൃത്യമായ മറുപടി ഇപ്പോള്‍ എന്റെ പക്കലുണ്ട്.
അതിഥിയെ അറിഞ്ഞ് ഭക്ഷണം നല്‍കുക
ഭക്ഷണം കഴിക്കാന്‍ വരുന്നയാളുടെ ഭക്ഷണശൈലി അറിഞ്ഞാണ് വിഭവം പാകം ചെയ്യുന്നത്. ദുബായില്‍ നിന്നുമാണ് ഒരാള്‍ വന്നതെങ്കില്‍ അദ്ദേഹം നാട്ടിലെ മീന്‍ കറി കഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അനുമാനിക്കാം. എന്നാല്‍ എരിവ് കുറയ്ക്കുകയും വേണം. വര്‍ഷങ്ങളായി ദുബായില്‍ എരിവ് കുറച്ച് ഭക്ഷണം കഴിക്കുന്നയാളായിരിക്കും.അതുപോ
‘ഫുഡ് അടിപൊളി…’ ഷെഫിന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം
നിരവധി അവാര്‍ഡുകളും സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കുന്ന ഭക്ഷണത്തിന് ലഭിക്കുന്ന ഫീഡ്ബാക്ക് ആണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. റാവിസില്‍ രവി പിള്ളയുടെ പേഴ്‌സണല്‍ ഷെഫ് ആയി ജോലി ചെയ്തിട്ടുണ്ട്. അദ്ദേത്തിന് ഞാനുണ്ടാക്കുന്ന നാടന്‍ വിഭവങ്ങള്‍ ഇഷ്ടമാണ്. ഭക്ഷണം കഴിച്ചയുടന്‍ വിളിച്ച് അഭിനന്ദിക്കാറുണ്ട്. രവി സാറിന്റെ മകളുടെ കല്ല്യാണത്തിന് മുഴുവന്‍ സമയവും അവിടെയായിരുന്നു. യൂസഫലി സാറും ഫുഡിനെക്കുറിച്ചുള്ള അഭിപ്രായം അപ്പോള്‍ തന്നെ അറിയിക്കും. സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്.
ഹൈടെക് യുഗത്തിലും സ്ത്രീകള്‍ക്ക് പരിമിതികള്‍
ആധുനിക സൗകര്യങ്ങളോടെയാണ് ഇന്ന് നമ്മുടെ ജീവിതം. എങ്കിലും സ്ത്രീകള്‍ പരിമിതികള്‍ ഏറെയാണ്. സ്ത്രീകളില്ലാത്ത മേഖലയില്‍ ഒരു സ്ത്രീ ചുവടുവെയ്പ്പ് നടത്തുമ്പോള്‍ ആരും പിന്തുണയ്ക്കില്ല, അംഗീകരിക്കില്ല. പുരുഷന്മാരുടെ കൂടെ നിന്ന് രാത്രിയിലും ജോലി ചെയ്യേണ്ടിവരും. കഠിനമായ ജോലിയാണ്. ഇതൊന്നും ഒരു സ്ത്രീയ്ക്ക് കഴിയില്ലെന്ന് ആ സ്ത്രീയുടെ മനസ്സില്‍ തന്നെയുണ്ട്. അലിഖിത നിയമങ്ങള്‍ക്കുള്ളിലാണ് സ്ത്രീയുടെ ജീവിതം. അത്തരം നിയമങ്ങള്‍ സ്വയം തകര്‍ത്തെറിയുകയാണ് വേണ്ടത്. എന്റെ ചില തീരുമാനങ്ങള്‍ സമൂഹം അംഗീകരിച്ചില്ല. എന്നാല്‍ പത്തിരുപത് വര്‍ഷത്തിന് ശേഷം അവര്‍ അംഗീകരിച്ചു. ഇന്ന് ഞാന്‍ സഞ്ചരിച്ച പാതയിലൂടെ നിരവധി സ്ത്രീകള്‍ എത്തുന്നുണ്ട്.
മൂന്ന് പെണ്‍മക്കളുടെ അമ്മ
മൂന്ന് മക്കള്‍ക്കും പാചകം അറിയാം. മൂത്ത മകള്‍ കാലിക്കറ്റ് മെഡിക്കല്‍ കോളെജില്‍ നഴ്‌സായി വര്‍ക്ക് ചെയ്യുന്നു. അവള്‍ക്ക് അച്ചൂസ് ഫുഡീസ്’ എന്ന ഫുഡ് കോര്‍ട്ട് ഉണ്ട്. നാടന്‍ വിഭവങ്ങളാണ് സ്‌പെഷല്‍. മറ്റൊരാള്‍ അബുദാബിയിലാണ്. ചെറിയവള്‍ക്ക് കുക്കിങ് ഇഷ്ടമാണ്. അവള്‍ പഠിക്കണമെന്ന് പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. വളരെ ബുദ്ധിമുട്ടുള്ള ഫീല്‍ഡാണിത്. ഇന്നത്തെ കുട്ടികള്‍ക്ക് മറ്റുള്ളവര്‍ വഴക്കുപറയുന്നത് തന്നെ താങ്ങാനാവില്ല. ഡിപ്രഷനിലേക്ക് നീങ്ങുന്ന മനസ്സാണ്. ഇപ്പോള്‍ അവള്‍ കാലിക്കറ്റ് ബീച്ച് ഹോസ്പിറ്റലില്‍ അനസ്തീഷ്യോലജിസ്റ്റായി ജോലി ചെയ്യുന്നു.
ലോക്ക്ഡൗണ്‍ കാലത്തെ റസിപി പങ്കുവെയ്ക്കല്‍
ലോക്ക്ഡൗണില്‍ എന്റെ ഫോണിന് വിശ്രമം ഇല്ല. പലയിടത്ത് നിന്നും പാചക കുറിപ്പുകളും സംശയങ്ങളുമായി കോളുകളാണ്. ഒരു റസിപിക്ക് 50 രൂപ വെച്ച് ബിസിനസ് തുടങ്ങിയാലോ എന്ന് മക്കള്‍ കളിയാക്കി തുടങ്ങി. ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ വാട്‌സാപ്പില്‍ വോയ് നോട്ടുകളായാണ് റസിപ്പികള്‍ അയക്കുന്നത്.
ലോക്ക്ഡൗണിലെ ചക്ക, മുരിങ്ങ ട്രോളുകള്‍
ലോക്ക് ഡൗണ്‍ കാലത്ത് ചക്ക, മുരിങ്ങ, മാങ്ങ, വാഴ തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങള്‍ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്. എന്നും വീട്ടില്‍ ഇതാണെന്നും കഴിച്ചു മടുത്തുവെന്നും പറഞ്ഞാണ് രസകരമായ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ നിങ്ങള്‍ കഴിച്ച ഭക്ഷണം ഏറെ പോഷക ഗുണമുള്ളവയാണ്. ലോക്ക്ഡൗണിന് മുന്‍പ് കൊളസ്‌ട്രോളും ഷുഗറും പരിശോധിച്ചയാള്‍, രണ്ടര മാസത്തെ ലോക്ക്ഡൗണില്‍ ശേഷവും പരിശോധിക്കണം. തീര്‍ച്ചയായും നല്ല മാറ്റം കാണാനാകും. വിഷമുള്ള പച്ചക്കറികള്‍ ഒഴിവാക്കി കൊണ്ടുള്ള പാചകമാണിത്. പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരിക്കലും നമ്മള്‍ അത് ഒഴിവാക്കില്ല.യൂറിക് ആസിഡ് കൂടുതലുള്ളവരോട് പപ്പായ കഴിച്ചോളൂ, ഒരു ഡോക്ടറേയും കാണേണ്ടതില്ലെന്ന് നമുക്ക് ധൈര്യമായി പറയാം.
യൂട്യൂബില്‍ നടക്കുന്നത് ‘പാചക’ കൊല
ചിലരുടെ പാചക വീഡിയോകള്‍ കാണുമ്പോള്‍ സങ്കടവും കരച്ചിലും വരാറുണ്ട്. പാചകത്തിനെ ചിലര്‍ കൊല ചെയ്യുകയാണ്. ആര്‍ക്കും ഗുണമുള്ള ഭക്ഷണമല്ല അവര്‍ ഉണ്ടാക്കുന്നത്. പ്രകൃതിയിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് പുതിയ വിഭവങ്ങള്‍ ചെയ്യൂ. എന്നിട്ട് ആ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ പറഞ്ഞുകൊടുക്കൂ. എല്ലാവരും പാചകം ചെയ്യുന്നുണ്ട്. എന്നാല്‍ എത്ര നേരം പാചകം ചെയ്യണം, എങ്ങനെ പാചകം ചെയ്യണം, ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ട്, അങ്ങനെയുള്ള കാര്യങ്ങള്‍ വിശദമായി ആരും പറഞ്ഞുകൊടുക്കുന്നില്ല. നോണ്‍വെജ് കുക്ക് ചെയ്യുമ്പോള്‍ ടെംപറേച്ചര്‍ കണ്‍ട്രോള്‍ ചെയ്യണം. ഒരുപാട് തീയിട്ട് വേവിച്ചാല്‍ ചിക്കന്റെ പുറംഭാഗം ഹാര്‍ഡ് ആകും. ഇങ്ങനെ ഓവര്‍ കുക്ക് ചെയ്യുന്ന ചിക്കന്‍ കറി ദഹിക്കില്ല.
പുതുതലമുറകള്‍ പ്രകൃതിയിലേക്ക് നോക്കൂ…
പുതുതലമുറകളെല്ലാം കമ്പ്യൂട്ടര്‍ കുട്ടികളാണ്. എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവര്‍… പ്രകൃതിയിലേക്ക് ഇറങ്ങി പഠിക്കൂ എന്നാണ് അവരോട് പറയാനുള്ളത്. നമുക്ക് ചുറ്റും പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഷെഫ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ പാചകമേഖലയില്‍ മറ്റുള്ളവരുടെ പാത പിന്തുടരാതെ നിങ്ങളുടേതായ കൈയൊപ്പ് പതിപ്പിക്കൂ. അല്ലെങ്കില്‍ നിലനില്‍പ്പുണ്ടാകില്ല. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന സാധനമാണ് ചക്ക. പുഴുക്ക്, ഉപ്പേരി, എലിശേരി എന്നിവയിലൊതുങ്ങാതെ എന്തൊക്കെ ഉണ്ടാക്കാമെന്ന് പഠിക്കൂ. മുരിങ്ങയിലെ കൊണ്ട് ഒരു വിഭവം ഉണ്ടാക്കുമ്പോള്‍ അത് ആര്‍ക്കൊക്കെ കഴിക്കാം, എത്ര കഴിക്കാം എന്നൊക്കെ പഠിക്കേണ്ടതുണ്ട്. കഴിക്കുന്നയാളുടെ ആരോഗ്യം നോക്കിവേണം അവര്‍ക്കുവേണ്ടി പാചകം ചെയ്യാന്‍.
‘ലത ടിപ്‌സ്’ ഇനി എല്ലാവര്‍ക്കും
എന്റെ പാചകരീതി പുതുതലമുറകള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുകയാണ് അതിനായി ‘ഫൊര്‍ഗോറ്റന്‍ റെസിപി’ എന്ന പേരില്‍ പുസ്തകം പുറത്തിറക്കുന്നുണ്ട്. ആദ്യം മലയാളത്തിലായിരിക്കും പുസ്തകം പുറത്തിറങ്ങുക. 350 പാചക കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.
വൃദ്ധര്‍ക്ക് മാത്രമുള്ള ‘റസ്‌റ്റോറന്റ്’
മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി ഒരു റസ്റ്റോറന്റ് തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. വൃദ്ധരായവര്‍ക്ക് താമസ സൗകര്യവും അവര്‍ക്ക് ഇഷ്ടമുള്ള എന്ത് ഭക്ഷണവും നല്‍കി സന്തോഷിപ്പിക്കുന്ന ഒരു റസ്റ്റോറന്റ്. സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയവ പാചകം ചെയ്ത് കൊടുക്കും. അവര്‍ക്ക് കളിക്കാനും പാടാനുമുള്ള സൗകര്യവും വേണം. ചെറിയ തുകയില്‍ ഒതുങ്ങുന്ന കാര്യങ്ങള്‍ അല്ല. അതുകൊണ്ട് തന്നെ ഇതുപോലെ ആഗ്രഹങ്ങള്‍ ഉള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനേ നിലവില്‍ സാധിക്കുകയുള്ളൂ.
ജിഷ ബാലൻ