മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 700 പോയിന്റ് മുന്നേറി. സെന്‍സെക് വീണ്ടും 34,000 പോയിന്റിന് മുകളിലേക്കും നിഫ്‌റ്റി 10,000 പോയിന്റിന് മുകളിലേക്കും ഉയര്‍ന്നു എന്നതാണ് ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോഴത്തെ പ്രധാന വിശേഷം.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 34208.05 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. നിഫ്‌റ്റി 210 പോയിന്റ് നേട്ടത്തോടെ 10,091.65ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, സീ എന്റര്‍ടെയിന്‍മെന്റ്, എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിന്‍സെര്‍വ് 8 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാന്‍സ് അഞ്ചര ശതമാനം നേട്ടം രേഖപ്പെടുത്തി.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ പത്ത് ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്‌ടം നേരിട്ടത്. ബാങ്കിംഗ് ഓഹരികള്‍ കുതിച്ചു. നിഫ്‌റ്റി ബാങ്ക് സൂചിക 3.75 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. കോട്ടക്ക് മഹീന്ദ്ര ബാങ്ക് നാലര ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്‌റ്റി മെറ്റല്‍ സൂചിക 3 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. അതേ സമയം ഫാര്‍മ ഓഹരികളുടെ പ്രകടനം ഇന്ന് മന്ദഗതിയിലായിരുന്നു.