ഓഹരി സൂചികയായ നിഫ്‌റ്റി 3 മാസത്തിനു ശേഷം ആദ്യമായി 10,200 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്യുന്നതാണ് പോയ വാരം കണ്ടത്. പ്രധാനമായും ആഗോള സൂചനകളാണ് ഈ കരകയറ്റത്തിന് കാരണമായത്.
കോര്‍പ്പറേറ്റുകളുടെ ബോണ്ട് വാങ്ങുന്നതു സംബന്ധിച്ച യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനം ഓഹരി വിപണിക്ക് ഉണര്‍വ് പകരുന്നതായിരുന്നു. കഴിഞ്ഞയാഴ്‌ച പലിശ നിരക്കുകള്‍ രണ്ട് വര്‍ഷത്തേക്ക് മാറ്റമില്ലാതെ പൂജ്യത്തോട് അടുത്ത് തുടരുമെന്ന സൂചനയും യുഎസ് ഫെഡ് നല്‍കിയിരുന്നു. ഈ ആഗോള സൂചനകളുടെ പിറകേയാണ് പിന്നീടുള്ള ദിവസങ്ങളില്‍ വിപണി നീങ്ങിയത്.
കഴിഞ്ഞ ആഴ്‌ച റിലയന്‍സ് ഇന്റസ്‌ട്രീസും മുത്തൂറ്റ് ഫിനാന്‍സും കാഴ്‌ച വെച്ചത് ഓഹരി അധിഷ്‌ഠിതമായ വേറിട്ട പ്രകടനങ്ങളായിരുന്നു. റിലയന്‍സ് ഇന്റസ്‌ട്രീസിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിയത് ഈ ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് കുതിക്കുന്നതിന് കാരണമായി. ഈ നിക്ഷേപങ്ങള്‍ കടബാധ്യതയില്ലാത്ത കമ്പനിയായി മാറുന്നതിന് റിലയന്‍സിന് സഹായകമായി. അടുത്ത വര്‍ഷം മാര്‍ച്ച് 31നുള്ളില്‍ കടമില്ലാത്ത കമ്പനിയായി മാറുക എന്ന ലക്ഷ്യമാണ് എട്ട് മാസങ്ങള്‍ക്ക് മുമ്പേ റിലയന്‍സ് കൈവരിച്ചത്. നിഫ്‌റ്റിയില്‍ പത്ത് ശതമാനം വെയിറ്റേജുള്ള കമ്പനിയായ റിലയന്‍സിന്റെ ഓഹരിയിലുണ്ടായ കുതിപ്പ് നിഫ്‌റ്റിയുടെ മുന്നേറ്റത്തെ തുണച്ച ഘടകമാണ്.
മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. മുത്തൂറ്റ് ഫിനാന്‍സിന്റെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ ലാഭം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മികച്ച നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നതാണ് ഓഹരി വിലയിലെയും കുതിപ്പിന് കാരണമായത്.
നിഫ്‌റ്റിക്ക് 10,500 പോയിന്റിലാണ് അടുത്ത സമ്മര്‍ദമുള്ളത്. ഈ നിലവാരം ഭേദിക്കുകയാണെങ്കില്‍ മാത്രമേ തുടര്‍ന്നുള്ള ശക്തമായ കുതിപ്പ് സാധ്യമാകൂ. 9500 പോയിന്റിലാണ് സാങ്കേതികമായ താങ്ങ്. 10,000 പോയിന്റിന് മുകളില്‍ നില്‍ക്കുന്നിടത്തോളം വിപണി മുന്നേറ്റ പ്രവണത നിലനിര്‍ത്തുകയാണെന്ന് പറയാം.