കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ നാളെ ചുമതലയേല്‍ക്കും. നാളെ ഉച്ചയ്ക്ക് 2.30ന് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് അദ്ദേഹം എത്തും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ശ്രീ. ബിജു പ്രഭാകര്‍ ഐ.എ.എസ്- ന് നല്‍കാന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രസഭാ യോഗത്തില്‍ തീരുമാനമാവുകയായിരുന്നു.തിരു വനന്തപുരം ജില്ലാ കളക്ടറായിരിക്കെ ‘ഓപ്പറേഷന്‍ അനന്ത’ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയ വ്യക്തിയാണ് ബിജു പ്രഭാകര്‍. മെക്കാനിക്കല്‍ എഞ്ചിനിയറിങ്, എം.ബി.എ, എല്‍.എല്‍.ബി ബിരുദധാരിയാണ്. വിവിധ വകുപ്പുകളില്‍ ബിജു പ്രഭാകര്‍ പ്രകടിപ്പിച്ച മികവ് തന്നെയാണ് ഇപ്പോള്‍ നഷ്ടത്തിലുള്ള കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതിനും അദ്ദേഹത്തിനെ തന്നെ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചതിന് പിന്നില്‍.
2010ല്‍ ലോട്ടറി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയ സമയത്ത് ഇതിന് പുതുജീവന്‍ നല്‍കുന്നതായിരുന്നു കാരുണ്യ പദ്ധതി. ലോട്ടറി വകുപ്പിന്റെ തലപ്പത്തിരിക്കെ 557 കോടി രൂപയുടെ ലാഭത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 2800 കോടിയിലേക്ക് എത്തിച്ചതും ബിജു പ്രഭാകറിന്റെ കാലത്തായിരുന്നു. കാരുണ്യ ഫാര്‍മസി എന്ന നിലയില്‍ സംസ്ഥാനത്ത് തന്നെ 60ല്‍ പരം യൂണിറ്റുകളുണ്ട് നിലവില്‍. വെറും അഞ്ച് യൂണിറ്റുകള്‍ മാത്രമുള്ള കാലത്ത് ആദ്യ വര്‍ഷം തന്നെ നൂറ് കോടിയുടെ ലാഭത്തില്‍ എത്തിച്ച് ഇന്ന് 61ാം യൂണിറ്റ് തുറക്കാനിരിക്കെ 250 കോടിയാണ് ആ വകുപ്പിലെ വാര്‍ഷിക ലാഭം. അദ്ദേഹം ഫുഡ് സേഫ്റ്റി കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന സമയത്താണ് രാജ്യത്ത് ആദ്യമായി ഫുഡ് സേഫ്റ്റി ആക്റ്റ് നടപ്പിലാക്കിയത്. പാന്‍ മസാല നിരോധനം ഉള്‍പ്പടെ നിരവധി പുതിയ പദ്ധതികള്‍ നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. നാഷണല്‍ ഹൈവേ, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ തലസ്ഥാനത്തെ വന്‍കിട പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടത്തിയതും അദ്ദേഹം തിരുവനന്തപുരം കളക്ടറായിരിക്കുന്ന കാലത്ത് തന്നെയാണ്.
ഐടി@സ്‌കൂള്‍ തലപ്പത്ത് അദ്ദേഹം ഉണ്ടായിരുന്ന കാലത്താണ് രാജ്യത്ത് ആദ്യമായി വിദ്യാഭ്യാസത്തിനായി ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതും. ഈ മികവുകള്‍ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് എത്തിക്കാന്‍ ബിജു പ്രഭാകറിന് കൈമുതലാകും എന്നാണ് സര്‍ക്കാരും വിശ്വസിക്കുന്നത്. എന്നാൽ യൂണിയൻകാർ നടമാടുന്ന ഈ സ്ഥാപനത്തിൽ ഇന്ന് വരെ ഒരു മന്ത്രിയും, എംഡിയും കാലാവധി തികച്ചിട്ടില്ല. മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണപിന്തുണയോടെ എത്തിയ ടോമിൻ തച്ചങ്കരി പോലും യൂണിയൻകാരുടെ പിടിവാശിയിൽ നിൽക്കാനാവാതെ സ്ഥാനം ഒഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ബിജു പ്രഭാകറിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്
![]() |
ReplyForward
|