കൊച്ചി : നാളികേരത്തിന്റെ താങ്ങുവില കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു. പൊതിച്ച നാളികേരത്തിന് 2020 സീസണിലെ പുതുക്കിയ താങ്ങുവില ക്വിന്റലിന് 2700 രൂപയാണ്. 2019 സീസണിൽ വില ക്വിന്റലിന് 2571 രൂപയായിരുന്നു. കഴിഞ്ഞ സീസണിനേക്കാൾ 5.02 ശതമാനം വർധനയാണ് വരുത്തിയത്.
രാജ്യമെമ്പാടുമുള്ള എല്ലാത്തരം വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രാധാന്യം നൽകുമെന്ന് താങ്ങുവില പ്രഖ്യാപി കേന്ദ്ര കൃഷി, കർഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. താങ്ങുവില കൂട്ടിയത് നാളികേര സംഭരണം വർദ്ധിപ്പിക്കുന്നതിനും അതുവഴി ദശലക്ഷക്കണക്കിന് ചെറുകിട നാളികേര കർഷകർക്ക് പ്രയോജനം ലഭിക്കുന്നതിനും വഴിയൊരുക്കും. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമാണ് പുതുക്കിയ വില. കർഷകർ ആവശ്യപ്പെട്ട വർദ്ധനവ് ലഭിച്ചില്ലെന്നും ഒരുവിഭാഗം പരാതിപ്പെടുന്നുണ്ട്.