കൊച്ചി: ബാങ്കിംഗ് രംഗത്തെ നവീന ഡിജിറ്റൽ സേവനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌ക്കാരമായ ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇനവേഷൻ അവാർഡ് 2020 ൽ ഫെഡറൽ ബാങ്ക് മൂന്ന് വിഭാഗങ്ങളിൽ നേടി. ഉപഭോക്തൃ സേവനം ലളിതമാക്കാൻ നടപ്പാക്കിയ നൂതന ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾക്ക് ‘കസ്റ്റമർ ജേർണി റി ഇമാജിനേഷൻ’ വിഭാഗത്തിലും കോർപ്പറേറ്റ് ബാങ്കിംഗിലെ മികവുറ്റ ഡിജിറ്റൽ സേവനങ്ങൾക്ക് ‘കോർപ്പറേറ്റ് ബാങ്കിംഗ് ഡിജിറ്റൈസേഷൻ’ വിഭാഗത്തിലും ഒന്നാമതും ‘പ്രൊഡക്ട് ഇനവേഷൻ’ വിഭാഗത്തിൽ രണ്ടാം സ്ഥാനവുമാണ് ഫെഡറൽ ബാങ്കിനു ലഭിച്ചത്.
ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ബാങ്ക് ഉപയോഗിക്കുന്ന ഏറ്റവും നൂതന സാങ്കേതികവിദ്യാ സേവനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാരിയർ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് പുരസ്‌ക്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്.