കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം വിദ്യാഭാസ ചരിത്രത്തിൽ ആദ്യമായിരിക്കണം ജൂൺ മാസം സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നത്. അങ്ങനെ ഈ കൊറോണക്കാലം അതിനും സാക്ഷിയായി.
കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിൽ അദ്ധ്യയന ദിനങ്ങളിൽ പ്രഭാതത്തിൽ കേട്ടുകൊണ്ടിരുന്ന ഒരു പ്രാർത്ഥനാ ഗാനമാണ് ദൈവമേ കൈതൊഴാം കേൾക്കുമാറാകണം പാവമാമെന്നെ നീ കാക്കുമാറാകണം എന്ന കവിത.
ലോക്ക്ഡൗണിന് ശേഷം സ്ക്കൂളുകൾ തുറക്കുന്നതോടെ ഈ ഗാനം രാവിലത്തെ പ്രാർത്ഥനാഗാനമായി വീണ്ടും മുഴങ്ങിക്കേൾക്കും.
പഴയ തലമുറയിലും ഇന്നത്തെ തലമുറയിലും ഈ ഗാനം അറിയാത്തവരായി ആരും ഉണ്ടാവുകയില്ല.1963ൽ റിലീസായ അമ്മയെ കാണാൻ എന്ന മലയാള ചലച്ചിത്രത്തിൽ കെ. രാഘവന്‍റെ സംഗീത സംവിധാനത്തിൽ എ.പി. കോമളയും സംഘവും പാടിയ ഗാനത്തിന്‍റെ ട്യൂണിലാണ് മിക്ക സ്‌കൂളുകളിലും ഈശ്വര പ്രാർത്ഥനയായി ഈ ഗാനം പാടുന്നതെങ്കിലും മറ്റൊരു ട്യൂണും കൂടി ഈ ഗാനത്തിനുണ്ട്. സ്‌കൂളുകളിൽ ഈ കവിത പഠിപ്പിക്കുമ്പോൾ അധ്യാപകർ രണ്ടാമതായി പറഞ്ഞ ട്യൂണാണ് ഉപയോഗിക്കുന്നത്.
അത്യന്തം ലളിതമായ പദങ്ങളെക്കൊണ്ട് സമ്പന്നമായ ഈ ഗാനം വളരെപ്പെട്ടെന്ന് പഠിക്കാം എന്നതും എടുത്തു പറയേണ്ടതാണ്. ജാതിമത ഭേദമെന്യേ കേരളജനത ഏറ്റുപാടുന്ന ആ കവിതയുടെ ലളിതമായ വരികൾ ഇപ്രകാരമാണ്.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ടസംസർഗം വരാതെയായീടണം
ശിഷ്ടരായുള്ളവർ തോഴരായീടണം
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം
സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം
കേൾക്കുമാറാകണം
ഈ ഗാനം എഴുതിയ മഹാകവി പന്തളം കേരളവർമ്മയുടെ നൂറ്റിയൊന്നാം ചരമ വാർഷിക ദിനമാണിന്ന്.
പന്തളം രാജകുടുംബത്തിൽ 1879 ജനുവരി 22 നാണു കേരളവർമയുടെ ജനനം. അമ്മ പുത്തൻകോയിക്കൽ അശ്വതിനാൾ തന്വംഗിത്തമ്പുരാട്ടി. അച്ഛൻ കോട്ടയം പുതുപ്പളളി തൃക്കോതമംഗലം പെരിഞ്ഞേലി ഇല്ലത്ത് വിഷ്ണുനമ്പൂതിരി. പാരമ്പര്യ രീതിയിലുള്ള സംസ്കൃത വിദ്യാഭ്യാസം നേടി. പന്ത്രണ്ടാം വയസിൽ സംസ്‌കൃതത്തിൽ കവിതാരചന തുടങ്ങിയ കേരളവർമ പത്തൊൻപതാം വയസിൽ മലയാളത്തിലും കവിതകൾ എഴുതിത്തുടങ്ങി.
കവികളെ പ്രോൽസാഹിപ്പിക്കുന്നതിനായി ‘കവനകൗമുദി’ എന്നൊരു പദ്യപത്രം കേരളവർമ ആരംഭിച്ചു. കായംകുളത്തെ സുവർണ്ണരത്നപ്രഭ പ്രസ്സിൽ അച്ചടിച്ച് പന്തളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന്റെ മുഖ്യപത്രാധിപരും ഉടമസ്ഥനും അദ്ദേഹമായിരുന്നു. പ്രാദേശികവാർത്തകൾ, അറിയിപ്പുകൾ, പരസ്യങ്ങൾ, മുഖപ്രസംഗം, ഗ്രന്ഥനിരൂപണങ്ങൾ പോലും പദ്യരൂപത്തിലായിരുന്നു. നൂറുശതമാനം പദ്യമയമായ ഇത്തരം ഒരു പത്രം ലോകത്തിൽ മറ്റെവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണറിവ്. ഏതൊക്കെ ദിവസങ്ങളിലാണ് കവനകൗമുദി പ്രസിദ്ധീകരിക്കുന്നത് എന്ന അറിയിപ്പ് പോലും പദ്യരൂപത്തിലായിരുന്നു.
“എന്നും തീയതി മാസത്തിലൊന്നിലും പതിനഞ്ചിലും
മണ്ണിൽ പ്രസിദ്ധി ചെയ്തീടും മാന്യാകവനകൗമുദി.”
അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാരോട് കവനകൗമുദിയിലേക്ക് സൃഷ്ടികൾ ചോദിച്ചുകൊണ്ടെഴുതുന്ന കത്തുകളും പദ്യരൂപത്തിലായിരുന്നു എന്നത് ശ്രദ്ധേയം. മലയാളത്തിൽ വിശേഷാൽപ്രതികൾക്കു നാന്ദികുറിച്ചതും കവനകൗമുദിയാണ്.
പ്രശസ്ത ആംഗലേയ കവികളായ പി.ബി ഷെല്ലി, വില്യം വെർഡ്‌സ്‌വർത്ത്, ജോൺ കീറ്റ്സ് എന്നിവരുടെ കവിതകൾ പള്ളത്ത് രാമൻ പരിഭാഷപ്പെടുത്തി കവനകൗമുദിയിൽ പ്രസിദ്ധീകരിച്ചു. ഇങ്ങനെ വായനക്കാരിൽ പ്രത്യേക താല്പര്യം ഉണ്ടാക്കാൻ കവനകൗമുദിക്ക് കഴിഞ്ഞു. അക്കാലത്തെ പ്രമുഖ കവികളായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ, എ. ആർ. രാജരാജവർമ, കെ. സി. കേശവപിള്ള, കുഞ്ഞിക്കുട്ടൻതമ്പുരാൻ, വള്ളത്തോൾ, ഉള്ളൂർ മുതലായവരുടെ രചനകൾ ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അടുത്ത സുഹൃത്തായ കുമാരനാശാന്റെ ഒരു കവിത പോലും ഇതിൽ പ്രസിദ്ധീകരിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്.
ദ്വൈവാരികയായി പ്രസിദ്ധീകരിച്ചുവന്ന കവനകൗമുദി മൂന്ന് വർഷം കഴിഞ്ഞപ്പോൾ മാസികയായി മാറി. 1909 മുതൽ കോട്ടയ്ക്കലിൽ നിന്നും കവി പി. വി. കൃഷ്ണവാര്യർ ആയിരുന്നു മാസിക പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ മരണം വരെ കേരളവർമ തന്നെയായിരുന്നു പത്രാധിപർ. മലയാള മനോരമ, ഭാഷാപോഷിണി, കവനകൗമുദി എന്നിവയിൽ കേരളവർമയുടെ അനേക കവിതകൾ പ്രസിദ്ധീകരിച്ചു.
‘പദം കൊണ്ടു പന്താടുന്ന പന്തളം ‘എന്നാണ് കേരളവർമയെ മഹാകവി വള്ളത്തോൾ വിശേഷിപ്പിച്ചത്.മഹാകവികളായ കുമാരനാശാനും ഉള്ളൂരും കേരളവർമ്മയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരത്ത് ഇവർ താമസിച്ചിരുന്ന കാലത്ത് വൈകുന്നേരങ്ങളിൽ മൂസ എന്ന ആളിന്‍റെ കാളവണ്ടിയിൽ സായാഹ്‌ന സവാരി നടത്തിയിരുന്നു.
സംസ്‌കൃത മഹാകാവ്യങ്ങളുടെ രീതിയിൽ മഹാകാവ്യങ്ങൾ എഴുതുന്ന അവസ്ഥയിൽ കുമാരനാശാന് കടുത്ത വിരോധമായിരുന്നു . പന്തളം കേരളവർമയുടെ രുഗ്മാംഗദാചരിതം, ഉള്ളൂരിൻറെ ഉമാകേരളം, വള്ളത്തോളിൻറെ ചിത്രയോഗം എന്നീ മഹാകാവ്യങ്ങളുടെ രചനയെ വിമർശിച്ച് ആശാൻ അക്കാലത്ത് വിവേകോദയം മാസികയിൽ ഈ പ്രശസ്തമായ നിരൂപണങ്ങൾ എഴുതിയിരുന്നു. ആശാന്‍റെ നിരൂപണത്തെ കേരളവർമ ഒരു ആദരമായാണ് കണ്ടത്.
തിരുവിതാംകൂർ മഹാരാജാവിൻറെ വിദ്വൽ സദസ്സിലെ അംഗമായിരുന്ന ഇദ്ദേഹത്തിന് കൊച്ചി മഹാരാജാവ് കവിതിലകൻ ബിരുദം നൽകി ആദരിച്ചിരുന്നു.
1914ൽ തിരുവനന്തപുരം എസ്.എം.വി. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെ കൈതമുക്കിൽ സ്വന്തമായി വീടുവാങ്ങി താമസമുറപ്പിച്ചു. ഭാര്യ: ഒടുവിൽ കുഞ്ഞികൃഷ്ണമേനോന്‍റെ സഹോദരി അമ്മുക്കുട്ടിഅമ്മ.
അകാലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ നിര്യാണം , നാല്പതാം വയസിൽ 1919 ജൂൺ 11ന് ‘ബോംബെപനി’ എന്ന രോഗം ബാധിച്ചാണ് കേരളവർമ അന്തരിച്ചത്. അന്ന് അന്തരിച്ചില്ലായിരുന്നെങ്കിൽ മലയാള കവിതയിൽ പിൽക്കാലത്തുണ്ടായ പരിവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നവരിൽ പ്രധാനിയായേനെ അദ്ദേഹം.
രുഗ്മാംഗദചരിതം മഹാകാവ്യം, വിജയോദയം കാവ്യം, കഥാകൗമുദി, വഞ്ചീശശതകം, മാർത്താണ്ഡദേവോദയം, സൂക്തിമാല, വേണീസംഹാരം, ദൂതവാക്യം, ശബരിമലയാത്ര, സുംഭനിസുംഭവധം,ഭുജംഗസന്ദേശം ,ഓട്ടൻതുള്ളൽ, ഭാഗീരഥി വഞ്ചിപ്പാട്ട് എന്നിവയാണ് പ്രധാന കൃതികൾ.
അനേകം ബാലകവിതകൾ എഴുതിയ കേരളവർമയുടെ പ്രശസ്തമായ ഒരു കവിതയാണ് ആന. ആ കവിതയുടെ വരികൾ ഇങ്ങനെയാണ്.
വട്ടമേറും മുറം പോലെ കാതു;നൽ-
ച്ചട്ടിപോലെ പരന്നുള്ള കാലുകൾ
മുട്ടനാകും കുമള പതിച്ചിടും
മട്ടിൽ മൂന്നുമുഴകളാനെറ്റിയിൽ
നീണ്ടുരുണ്ടുള്ള തുമ്പിക്കരത്തിന്റെ
രണ്ടുഭാഗത്തും വമ്പിച്ചകൊമ്പുകൾ
അമ്പിലീമട്ടിൽ വാഴുന്ന വമ്പനാം
കൊമ്പനാനയെക്കാണുവിൻ കൂട്ടരേ!
അന്തരിച്ച പ്രശസ്ത കവി ഡോ. അയ്യപ്പപ്പണിക്കർ കേരള ജനതക്കിടയിൽ വളർന്നു വന്ന അഴിമതിയും ഉച്ഛനീചത്വങ്ങളും കണ്ടിട്ട് കേരളവർമയുടെ ദൈവമേ കൈതൊഴാം എന്ന കവിതയ്ക്ക് ഒരു പാരഡി എഴുതി. അത്യന്തം ചിന്തോദ്ദീപകവും രസകരവുമായ ആ കവിതയിലെ വരികൾ ചുവടെ.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
ബോറനാമെന്നെ നീ കാക്കുമാറാകണം
കള്ളം പറയുവാൻ ത്രാണിയുണ്ടാക്കണം
കള്ളപ്പണത്തിനു മാർഗ്ഗമുണ്ടാക്കണം.
കമ്പനികൂടുമ്പോൾ കമ്പ്യൂട്ടറാക്കണം
കമ്മിബജറ്റിന്റെ കാമുകനാക്കണം
ലക്ഷ്യബോധം കുറച്ചേറെ നൽകീടണം
ലക്ഷത്തിൽ നിന്നതു കോടിയിലെത്തണം
പഞ്ഞം കളയുവാൻ പദ്ധതി തേടണം
പഞ്ചായത്തിൽ പത്തു വോട്ടു തന്നീടണം
എസ്‌കോർട്ടുകാർ വന്നു തട്ടാതെ നോക്കണം.
എക്സിമ ആത്മാവിലെത്താതെ നോക്കണം.
അർത്ഥം പഠിക്കുവാൻ ഡിക്‌ഷ്‌ണറി നൽകണം
ഡിക്‌ഷ്‌ണറി നോക്കുവാൻ സ്റ്റൈപ്പന്റ് നൽകണം
സ്റ്റൈപ്പന്‍റു വാങ്ങുവാൻ സൈക്കിൾ ലോൺ നൽകണം
സൈക്കിൾ ചവിട്ടുവാൻ കാലു തന്നീടണം
കാലുമാറീടുവാൻ കാശു വാങ്ങീടണം
കാശിന്മീതേ പരുന്തും പറക്കാതിരിക്കണം.
ലോട്ടറിയിലൊന്നാം സമ്മാനമേകണം
ലോക്കപ്പിൽ മുൻ കൂറു ജാമ്യം ലഭിക്കണം.
വാശിപിടിക്കുന്ന വാധ്യാരാക്കീടണം
രാഷ്ട്രീയം പേശുന്ന ജഡ്ജിയാക്കീടണം
മദ്യം നിരോധിക്കാൻ മദ്യം തന്നീടണം
സദ്യ നടത്തുമ്പോൾ പദ്യം വിളമ്പണം
നാളെ കിട്ടേണ്ടുന്നതിന്നേ കിടയ്ക്കണം
വന്നു പിറക്കുമ്പോൾ വായ്ക്കരി വാങ്ങണം.
ചൂതുകളിയിലെ ദുശ്ശാസനനാക്കണം
രംഭാപ്രവേശത്തിൽ രാവണനാകണം
കാബറേ കാണുവാൻ ത്രാണിയുണ്ടാകണം
മാതൃകാപൗരനെന്നാൾക്കാർക്കു തോന്നണം
കൂടെക്കൂടെ മുഞ്ഞി ടി വി യിൽ കാണണം
ഗൂഢമായും നീല വീഡിയോ കാണണം
ഏകാംഗപാർട്ടിയിൽ നേതാവാക്കീടണം
എൻ.ഓ.സി വാങ്ങിക്കൊടുക്കാൻ കഴിയണം.
എന്നുള്ളിൽ പാർട്ടി പിളരുമാറാകണം
പാർട്ടി പിളർന്നതിന്നുള്ളിൽ ഞാൻ കേറണം
ഉണ്ടിട്ടിരിക്കുമ്പോൾ ഒരു വിളി തോന്നണം
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം.
കവി പന്തളം കേരളവർമയുടേയും ഡോ .അയ്യപ്പപ്പണിക്കരുടെയും ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ.
രോഗമാം കൊറോണ ഈ ലോകത്തു നിന്നും പോകുമാറേകണം എന്ന പ്രാർത്ഥനയോടെ.
എഴുത്ത്: റോജിൻ പൈനുംമൂട്