ദേവസ്വം ബോർഡും തന്ത്രിയും തമ്മിൽ പ്രശ്‌നങ്ങളോ ആശയക്കുഴപ്പമോ ഇല്ലെന്ന് ശബരിമല തന്ത്രി മഹേഷ് മോഹനര് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞതുകൊണ്ടാണ് ഉത്സവം ഉപേക്ഷിക്കുന്ന തീരുമാനം എടുത്തതെന്ന വാദം ശരിയല്ലെന്നും തന്ത്രി പറഞ്ഞു. ഇതൊക്കെ ആഘോഷമാക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണമെങ്കിൽ അങ്ങനെയൊക്കെ വ്യാഖ്യാനിക്കാം. പക്ഷേ സത്യം അതല്ല. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ഏറ്റവും പ്രായോഗികമായ കാര്യമാണ് സർക്കാരും ദേവസ്വംബോർഡുമായി ആലോചിച്ച് തീരുമാനിക്കുന്നത് – തന്ത്രി പറഞ്ഞു.
ഭക്തരെ പ്രവേശിപ്പിക്കാനും ഉത്സവം നടത്താനും ദേവസ്വംബോര്‍ഡ് കഴിഞ്ഞ മാസം ഏകപക്ഷീയമായിട്ടല്ല തീരുമാനമെടുത്തത്. ഉത്സവം നടത്താന്‍ ഞാനും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ബോര്‍ഡിന് കത്തെഴുതുകയുമുണ്ടായി. ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ചില പ്രചാരണങ്ങള്‍ കണ്ടു. അത് തെറ്റാണെന്നും തന്ത്രി പറഞ്ഞു. തന്റെ തീരുമാനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് തനിക്ക് പ്രത്യേക അടുപ്പമില്ല. മനുഷ്യനെ മനുഷ്യനായി കാണുന്നവനാണ് താനെന്നും തന്ത്രി പറഞ്ഞു.
‘കഴിഞ്ഞ മാസത്തെ ശാന്തമായ സ്ഥിതിയല്ല ഇപ്പോൾ. ഈ മാസം സംസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികൾ മോശമാണ്. ദർശനത്തിനെത്തുന്ന ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ക്ഷേത്രത്തിലെ എല്ലാവരും ക്വാറന്റീനിൽ പോകേണ്ടി വരും. ഈ പശ്ചാത്തലത്തിൽ ഉത്സവം ഒഴിവാക്കാനാണ് ആലോചിക്കുന്നത്. നേരത്തെ ദേവസ്വം ബോർഡ് ചോദിച്ചപ്പോൾ ഉത്സവത്തിനു തീയതി താൻ തന്നെയാണു കുറിച്ചു നൽകിയത്. ദേവസ്വം ബോർഡ് തീയതി സ്വയം തീരുമാനിച്ചതല്ല’– തന്ത്രി മഹേഷ് മോഹനര് വ്യക്തമാക്കി.
തന്ത്രിയുടെ അഭിപ്രായം മാനിക്കുമെന്നു മന്ത്രിയും വ്യക്തമാക്കിയിരുന്നു. സുരക്ഷ മുൻനിർത്തിയാണ് പുതിയ നിർദേശമെന്നു തന്ത്രി പറഞ്ഞു. ‘സ്ഥിതി അനുകൂലമെങ്കിൽ ഉത്സവം നടത്താമെന്നു തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ശാന്തമല്ലാത്തതിനാൽ മാറ്റിവയ്ക്കുന്നതാകും ഉചിതം.’ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ സമ്മർദമില്ലെന്നും സർക്കാരുമായോ ദേവസ്വം ബോർഡുമായോ യാതൊരു തർക്കവുമില്ലെന്നും ചോദ്യത്തിനു മറുപടിയായി തന്ത്രി പറഞ്ഞു