എജിആര്‍ (അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യു) സംബന്ധിച്ച കേസില്‍ വരുന്ന 18-ാം തീയതിയിലേക്കാണ് സുപ്രിം കോടതി വാദം നീട്ടിവെച്ചത്. ഈ വിധിയില്‍ അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യു ഇനത്തില്‍ സര്‍ക്കാരിന് വന്‍തുക നല്‍കാനുള്ള ടെലികോം കമ്പനികള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇതു വരെയുള്ള സുപ്രിം കോടതിയുടെ പരാമര്‍ശങ്ങളെല്ലാം ടെലികോം കമ്പനികള്‍ക്ക് എതിരായിരുന്നു.
ലൈസന്‍സ് ഫീസ്, സ്‌പെക്‌ട്രം ഉപയോഗിക്കുന്നതിനുള്ള ചാര്‍ജ്, പിഴയും പലിശയും തുടങ്ങിയ വിവിധ ഇനങ്ങളിലായി 1.3 ലക്ഷം കോടി രൂപയാണ് ടെലികോം കമ്പനികള്‍ സര്‍ ക്കാരിന് നല്‍കാനുള്ള കുടിശിക. എജിആറി (അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യൂ) ല്‍ പ്രധാനമല്ലാത്ത ഇനങ്ങളും ഉള്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിലപാടിനെ നേരത്തെ സുപ്രിം കോടതിയും പിന്തുണച്ചിരുന്നു. ഭാരതി എയര്‍ടെല്‍ 41,000 കോടി രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ളത്. വൊഡാഫോണ്‍ ഐഡിയ 39,000 കോടി രൂപ നല്‍കേണ്ടതുണ്ട്.
അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യു ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനായി ഭാരതി എയര്‍ടെല്‍ ഒരു തുക മാറ്റിവെച്ചിട്ടുണ്ട്. അതിനാല്‍ സുപ്രിം കോടതി വിധി ടെലികോം കമ്പനികള്‍ക്ക് എതിരാണെങ്കിലും ഭാരതി എയര്‍ടെല്ലിനെ അത് കാര്യമായി ബാധിച്ചേക്കില്ല. അതേ സമയം വൊഡാഫോണ്‍ ഐഡിയയെ ശക്തമായി ബാധിക്കുകയും ചെയ്യും.
2016ല്‍ ഒരു ഡസനോളം കമ്പനികള്‍ ടെലികോം രം ഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഏതാനും വര്‍ഷങ്ങ ള്‍ കൊണ്ട് അത് മൂന്നില്‍ രണ്ട് മാത്രമായി ചുരുങ്ങുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നാല് കമ്പനികള്‍ മാത്രമാണ് ഈ രംഗത്ത് അവശേഷിക്കാന്‍ സാധ്യതയുള്ളത് – റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, ബിഎസ്‌എന്‍എല്‍/എംടിഎന്‍എല്‍. ഇതില്‍ തന്നെ വൊഡാഫോണ്‍ ഐഡിയ ഒരു ഘട്ടത്തില്‍ ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് പോലും പ്രഖ്യാപിച്ചിരുന്നു.
ഒരു ഇന്ത്യന്‍ കമ്പനി ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ത്രൈമാസ നഷ്‌ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വൊഡാഫോണ്‍ ഐഡിയ നേരിട്ടത്. നഷ്‌ട പ്രഖ്യാപനത്തിനു പിന്നാലെ വൊഡാഫോണ്‍ ഇന്ത്യ വിടുന്നതായി ആലോചിക്കുന്നതായും ഇന്ത്യയിലെ ബി സിനസിന് തങ്ങള്‍ ഇപ്പോള്‍ കാ ണുന്ന മൂല്യം പൂജ്യം മാത്രമാണെന്നും വൊഡാഫോണ്‍ സി ഇഒ നിക് റീഡ് പറഞ്ഞതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ താമസിയാതെ നിക് റീഡ് തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന മറുവാദവുമായി രംഗത്തെത്തി. വൊഡാഫോണ്‍ ഇന്ത്യ വിടുകയാണെന്ന പ്രഖ്യാപനം നടത്തിയതിന് അദ്ദേഹം പ്രധാനമന്ത്രി നരേ ന്ദ്ര മോദിയോട് മാപ്പ് പറഞ്ഞു, വൊഡാഫോണ്‍ ഇന്ത്യ `ഗ്രോത്ത് സ്റ്റോറി’യില്‍ വിശ്വാസം അര്‍പ്പിച്ച് നിക്ഷേപം തുടരുമെന്ന് മാറ്റിപ്പറഞ്ഞു.
ഒരു കമ്പനിക്കു വേണ്ടി മറ്റ് കമ്പനികളെ തകര്‍ക്കുക എന്ന നയമാണ് സര്‍ക്കാരും ട്രായിയും തുടരുന്നതെന്നാണ് ജിയോ ഒഴികെയുള്ള എല്ലാ ടെലികോം കമ്പനികളും ആരോപിക്കുന്നത്. ഭാരതി എയര്‍ടെല്ലിന്റെ സുനില്‍ മിത്തലും റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അനില്‍ അംബാനിയും ഈ ആരോപണം വ്യത്യസ്‌ത രീതിയില്‍ തുറന്നടിച്ചിരുന്നു.
നിയമയുദ്ധത്തിലൂടെ ഈ പക്ഷപാതത്തെ നേരിടാന്‍ തുനിഞ്ഞ കമ്പനികള്‍ക്ക് പക്ഷേ കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു ഭാഗത്ത് ചാര്‍ജുകളും നികുതിയും വഴിയുള്ള കടുത്ത ബാധ്യത, മറുഭാഗത്ത് റിലയന്‍സ് ജിയോയുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായി ഉദാരമായ പ്ലാനുകള്‍ ആവിഷ്‌കരിക്കേണ്ടി വന്നതു മൂലമുണ്ടായ വരുമാന ചോര്‍ച്ച. ഇതാണ് ജിയോ ഒഴിെയുള്ള ടെലിംകോം കമ്പനികളെ നഷ്‌ടത്തില്‍ നിന്ന് നഷ്‌ടത്തിലേക്ക് നയിച്ചത്.