കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്ക് ആഗോള പ്രമുഖരായ മാസ്റ്റർ കാർഡുമായി ചേർന്ന് കർഷകർ, ചെറുകിട, ഇടത്തരം സംരംഭകർ, ചില്ലറ ഉപഭോക്താക്കൾ തുടങ്ങിയവർക്കായി സാമ്പത്തിക പാക്കേജുകൾ അവതരിപ്പിക്കും.
ഡിജിറ്റൽ ഇന്ത്യ, എല്ലാവർക്കും ബാങ്കിംഗ് എന്നീ സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ ദൗത്യം. ഇതിലൂടെ മാസ്റ്റർകാർഡിന്റെ ആഗോള, പ്രാദേശിക പരിചയവും എയർടെലിന്റെ ശക്തമായ ശൃംഖലയും ഒന്നിക്കുമെന്ന് എയർടെൽ അധികൃതർ പറഞ്ഞു.
കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും വിപണിയുമായുള്ള ബന്ധവും വികസിപ്പിക്കാൻ കഴിയും. അതുവഴി സാമ്പത്തിക ഇടപാടുകൾ നേരിട്ട് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കാനുമുള്ള സൗകര്യം ലഭിക്കും. അഞ്ചു ലക്ഷത്തോളം എയർടെൽ ബാങ്കിംഗ് പോയിന്റുകളുടെ പിന്തുണയും ലഭിക്കും. കർഷകർക്ക് ഏറ്റവും അടുത്ത് തന്നെ ബാങ്കിംഗ് സേവനം ഇത് വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ചെറുകിട സംരംഭകർക്കായി വിവിധ സേവനങ്ങളും വികസിപ്പിക്കും. ബാങ്കിംഗ് രംഗത്ത് പരിമിതമായ പങ്കാളിത്തമുള്ള ചെറുകിട, ഇടത്തരം സംരംഭകരെ പേയ്മെന്റുകളിൽ പിന്തുണച്ചും സാമ്പത്തിക ഇടപാടുകളിൽ പരിപാലിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ മൂലധനം ലഭ്യമാക്കിയും ശാക്തീകരിക്കാൻ സാധിക്കും.
ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും എൻ.എഫ.്സി പോലുള്ള സ്പർശന രഹിത പേയ്മെന്റ് സാധ്യമാക്കുന്നതുൾപ്പടെ വിവിധ കാർഡുകൾ വികസിപ്പിക്കുമെന്ന് എയർടെൽ പേയ്മെന്റ്സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു. ഇന്ത്യയിലെ വ്യാപാരികളെ ഡിജിറ്റൽ പേയ്മെന്റുകളിലൂടെ ശാക്തീകരിക്കുക എന്ന മാസ്റ്റർ കാർഡിന്റെ ലക്ഷ്യത്തിന് സഹകരണം പങ്കുവഹിക്കുമെന്ന് മാസ്റ്റർ കാർഡ് ദക്ഷിണേഷ്യ ഡിവിഷൻ പ്രസിഡന്റ് പൊരുഷ് സിംഗ് പറഞ്ഞു.