കൊച്ചി: ചെറുകിട കാർഷിക, വാണിജ്യ മേഖലകളിലെയും എല്ലാവർക്കും സാമ്പത്തിക സേവനങ്ങൾ നൽകുന്ന രംഗത്തേയും വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക വിഭാഗം ആരംഭിച്ചു.
രാജ്യവ്യാപകമായി എണ്ണായിരത്തിലേറെ ഗ്രാമീണ, ചെറുപട്ടണ ശാഖകളിലൂടെയാണ് ബന്ധപ്പെട്ട സൂക്ഷ്മ വായ്പകൾ നൽകുക. ബാങ്കിന്റെ 63,000 ത്തിലേറെയുള്ള കസ്റ്റമർ സർവീസ് പോയിന്റുകളുടെ സേവനവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മൈക്രോ ഫിനാൻസ് രംഗത്ത് കൂടുതൽ പ്രധാന്യം നൽകുന്നതു കൂടിയായിരിക്കും പുതിയ മേഖല. രാജ്യത്തിന്റെ ഉൾനാടൻ മേഖലകളിലുള്ളവർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്ന സുപ്രധാനമായൊരു നീക്കമാണിതെന്ന് എസ.്ബി.ഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സഞ്ജീവ് നൗടിയാണ് പുതിയ വിഭാഗത്തിന്റെ മേധാവി.