ഒരു ദിവസം 600 പേർക്ക് ദർശനം ലഭ്യമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറിൽ 150 പേർക്ക് ദർശനം സാധ്യമാകും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ദർശനം അനുവദിക്കുക. വി.ഐ.പി ദർശനം ഉണ്ടാകില്ല. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക സമയം അനുവദിക്കും. ബാച്ച് അടിസ്ഥാനത്തിൽ ദർശനം അനുവദിക്കും. ഓരോ ബാച്ചിലും 50 പേർ ഉണ്ടാകും. ഒരു മണിക്കൂറിൽ മൂന്ന് ബാച്ച് ദർശനത്തിന് അനുവദിക്കും.
സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നവിധം ക്രമീകരണങ്ങളുണ്ടാകും. ഓരോ ബാച്ച് ദർശനം നടത്തിപോകുമ്പോഴും ഗ്രില്ലുകൾ ഉൾപ്പെടെ സാനിറ്റൈസ് ചെയ്യും. ഹാൻഡ്വാഷ്, സാനിറ്റൈസിംഗ് സൗകര്യമുണ്ടാകും. ജീവനക്കാരും ദർശനത്തിനെത്തുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രസാദം, തീർഥം, നിവേദ്യം എന്നിവ നൽകില്ല.
ഗുരുവായൂരിൽ വിവാഹങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരുദിവസം പരമാവധി 60 വിവാഹം വരെയാകാമെന്നണ് തീരുമാനം. രാവിലെ അഞ്ചുമുതൽ ഉച്ചക്ക് ഒന്നരവരെയാണ് വിവാഹം നടത്താനുള്ള സമയം. രജിസ്ട്രേഷൻ ചെയ്യന്നതനുസരിച്ച് വിവാഹസമയം ക്രമീകരിക്കും. ഒരു വിവാഹത്തിന് 10 മിനിറ്റാകും അനുവദിക്കുക. വരനും വധുവുമടക്കം പരമാവധി 10 പേർക്ക് പങ്കെടുക്കാം.