കൊച്ചി: ഗതാഗത നിയമം ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉടനടി പിഴയടച്ച് തലയൂരാം. കുറ്റകൃത്യത്തിന്റെയും പിഴയുടെയും വിവരങ്ങൾ അടങ്ങിയ സ്ലിപും കൈയോടെ ലഭിക്കും. മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന ഇ ചലാൻ പദ്ധതിക്ക് ആൻഡ്രോയ്ഡ് അടിസ്ഥാനമായ പദ്ധതി കേരളത്തിൽ ആദ്യമായി എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു. പിഴ ഈടാക്കാനുള്ള പി.ഒ എസ് മെഷീനുകൾ ഫെഡറൽ ബാങ്കാണ് നൽകിയത്.
പൂർണമായും വെബ് അധിഷ്ഠിതമായ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമനടപടികൾ സ്വീകരിക്കാം. രാജ്യവ്യാപക കേന്ദ്രീകൃത സംവിധാനമായ വാഹൻ സോഫ്റ്റ്‌വെയറുമായി ഇ ചെലാൻ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. പി.ഒ.എസ് മെക്ഷീനുകൾ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ കേരളത്തിന്റെ പിന്തുണയോടെ സർക്കാരിന്റെ ഇ ട്രഷറി സംവിധാനവുമായി സംയോജിപ്പിച്ചാണ് പിഴകൾ ഡിജിറ്റലായി സ്വീകരിക്കുന്നത്. ജൂൺ അവസാനം കേരളത്തിലെ എല്ലാ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും നടപ്പിലാകും. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിലാണ് ഇ ചെലാൻ സംവിധാനം നിലവിൽ വന്നത്. പരിശോധനാ സമയത്ത് ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും കുറ്റക്കാരന് പ്രിന്റ് ചെയ്ത് നൽകും.
കുറ്റകൃത്യത്തിൽ ഏർപ്പെട്ട വാഹനത്തെ വാഹൻ സംവിധാനത്തിലൂടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയും. നിയമലംഘനത്തിന് പിഴയടക്കാത്തവരെ വെർച്വൽ കോടതിക്ക് മുമ്പാകെ എത്തിക്കാനും കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.