English हिंदी

Blog

a

രണ്ടാം പെരുന്നാൾ ആയപ്പോഴേക്കും ,എൻ്റെ പനിയും തലവേദനയും കൂടിയിരുന്നു. പക്ഷെ , തൊട്ടടുത്ത ദിവസം നടക്കാൻ പോകുന്ന എസ്.എസ്. എൽ.സി , ഹയർ സെക്കൻ്ററി പരീക്ഷകളുടെ മീറ്റിംഗുകളും ,
നിർദേശങ്ങൾ കൊടുക്കലുമായി ആ അവധി ദിനവും വിശ്രമമില്ലാതെ കൊഴിഞ്ഞു പോയതറിഞ്ഞില്ല. പിറ്റെദിവസം, ഒരു കൂട്ടം അധ്യാപകരുടെയും ,
വിദ്യാർത്ഥികളുടെയും ,രക്ഷിതാക്കളുടെയും ആശങ്കകൾക്ക് വിരാമമിട്ട് പരീക്ഷകൾ -പ്രതീക്ഷതിലും ആശ്വാസകരമായും വിജയകരമായും നടന്നു.അതോടെ ആശങ്കാവഹമായ രക്ഷിതാക്കളുടെ ഫോൺ കോളുകൾക്കും വിരാമമായി. കേരള മുഖ്യമന്ത്രി പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ച അന്നു മുതലുള്ള ഫോൺ വിളികൾ എന്നെ വല്ലാതെ അലട്ടിയിരുന്നു. ഈ കാര്യങ്ങൾ നോക്കി നടത്തുന്നതിനിടയിൽ എൻ്റെ ശരീരത്തിൻ്റെ അസ്വസ്ഥതകൾ ഞാൻ അറിഞ്ഞതേയില്ല. അതങ്ങനെയാണല്ലോ… ജോലി തിരക്കിൽ നാം എല്ലാം മറക്കുമല്ലോ…. പിന്നീടാണല്ലോ ശരീരം കൂടുതൽ തളരുന്നത് .

അങ്ങിനെ വളരെ സുരക്ഷിതമായി പരീക്ഷ നടത്തുവാനുള്ള സ്കൂൾ അധികൃതരുടെ പരിശ്രമങ്ങൾ പൂവണിഞ്ഞു. അത്രക്കും കഠിന പരിശ്രമത്തിനൊടുവിലാണ് പരീക്ഷാ നടത്തിപ്പ് വിജയ കൊടി പാറിച്ചത്. അങ്ങനെ രക്ഷിതാക്കളും കുട്ടികളുമടക്കം എല്ലാവരും ഒരു വിധം മാനസികാശ്വാസം നേടുന്നതിനിടയിൽ – എൻ്റെ മാനസിക ശാരീരിക സ്ഥിതി വളരെ വഷളായികൊണ്ടിരുന്നു. അടുത്ത ദിവസം സ്കൂളിലെത്തിയ ഞാൻ കുട്ടികളെ പരീക്ഷാ ഹാളിലേക്ക് വിട്ട് കഴിഞ്ഞപ്പോഴേക്കും തീർത്തും തളർന്നു കഴിഞ്ഞിരുന്നു. മറ്റു അധ്യാപകരോട് എൻ്റെ അടുത്തേക്ക് വരല്ലേ എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. കാരണം എന്തോ പറ്റി കേട് എനിക്ക് തോന്നി. അവർക്ക് എൻ്റെ പനി പകരരുതല്ലോ.

എനിക്ക് തല ചുറ്റുന്നു…… ശ്വാസം മുട്ടുന്നു…… ആകെ താളം തെറ്റും പോലെ… ഉടനെ സ്കൂൾ അധികൃതർ ഡ്യൂട്ടി ഡോക്ടർ,നെഴ്സുമാരെ വിളിച്ചു. പനി 44°, സ്വതവേ പ്രഷർ കുറവായ എൻ്റെ പ്രഷർ 135 ആയി. ഒരു പക്ഷേ പേടിയാവാം . ടെൻഷൻ അല്ലാതെന്തു പറയാൻ…… ഹൃദയമിടിപ്പ് കൂടി….. കടുത്ത തലവേദന….. ശരീരവും, മനസ്സും എന്നിൽ നിന്നും കൈവിട്ട് തുടങ്ങിയിരുന്നു. പെട്ടെന്ന് തന്നെ ഡോക്ടറെ കാണാൻ പോയേ പറ്റൂ എന്ന് പറഞ്ഞ് സ്കൂൾ അധികൃതർ എന്നെ നിർബന്ധിച്ച് വീട്ടിലേക്ക് വിട്ടു.സ്കൂളിൻ്റെ തൊട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന എനിക്ക് (രണ്ട് മൂന്ന് അടിവക്കാനേ ഉള്ളൂ. ) വീട്ടിലേക്ക് നടക്കാനേ കഴിയുന്നില്ല. കണ്ണുകൾ നിറഞ്ഞ് ഒഴുകന്നതോടൊപ്പം കണ്ണിൽ ഇരുട്ട് കയറിയ പോലെ….. ലിഫ്റ്റിലെല്ലാം സൂക്ഷ്മത പാലിച്ചിരുന്ന ഞാൻ ലിഫ്റ്റിൽ കയറിയതും ഇറങ്ങിയതും അറിഞ്ഞതേയില്ല. എന്നെ കണ്ട വക്കീലും മകനും പേടിച്ചു പോയി. അതായിരുന്നു എൻ്റെ അവസ്ഥ. ഉടനെ ഞങ്ങൾ അബുദാബിയിലെ ഒരു ക്ലിനിക്കിലേക്ക് പോയി. ആശുപത്രികളിൽ പോകാൻ ധൈര്യം ഉണ്ടായില്ല. കെ.എം.സി.സി പ്രസിഡൻറ് മിസ്റ്റർ ഷുക്കൂർ, മിസ്റ്റർ മജീദ് എന്നിവർ വിളിച്ച് പറഞ്ഞത് അനുസരിച്ച് ഡോക്ടർ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അൽപം പോലും കാത്തു നിൽക്കാൻ ഇട നൽകാതെ ഡോക്ടർ പ്രത്യേക പരിഗണന തന്നത് കൊണ്ട് പെട്ടെന്ന് തന്നെ ഞങ്ങൾ ആൻറിബയോട്ടിക് വാങ്ങി വീട്ടിലേക്ക് തിരിച്ചു.
കോവിഡ് – 19 ടെസ്റ്റ് നടത്താൻ ഡോക്ടർ പറയുകയോ ഞങ്ങൾ തിരിച്ച് അദ്ദേഹത്തോട് ചോദിക്കുകയോ ചെയ്തില്ല. അതും കൂടി കേൾക്കാൻ എനിക്ക് ത്രാണിയും ഇല്ലായിരുന്നു.എത്രയും പെട്ടെന്ന് വീട്ടിലെത്തി, മാസ്ക് എല്ലാം മാറ്റി കിടക്കുകയായിരുന്നു എൻ്റെ ലക്ഷ്യം. അത്രമാത്രം അസ്വസ്ഥതയായിരുന്നു എനിക്ക്…..

Also read:  ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി ആറു ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 5,85,493 കോവിഡ് ബാധിതര്‍

വീട്ടിലെത്തുന്നതിന് മുമ്പേ -സ്കൂളിൽ നിന്നും പ്രിൻസിപ്പാൾ, മറ്റു പ്രധാന അധ്യാപകർ,
കെ.എം.സി. സി നേതാക്കൾ എന്നിവർ വിളിച്ച് വിവരങ്ങൾ തിരക്കി കൊണ്ടിരുന്നു. ഇത്രയും തിരക്കുള്ള വിശിഷ് വ്യക്തിത്വങ്ങൾ എനിക്കും വക്കീലിനും നൽകിയ സഹായഹസ്തങ്ങളും, സാന്ത്വന വാക്കുകളും ഞങ്ങൾക്ക് ഈ വലിയ വിഷമഘട്ടത്തിൽ കിട്ടിയ ആശ്വാസം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.

Also read:  സംസ്ഥാനത്തു സാമ്പിൾ പരിശോധന വർധിപ്പിക്കുന്നു: കൂടുതൽ കർശന നടപടികളും

വീട്ടിലെത്തി മരുന്നുകൾ കഴിച്ച് വളരെ റെസ്റ്റ് എടുത്തു എങ്കിലും – ശരീരം ഇവക്കൊന്നും കീഴ്പ്പെട്ടില്ല. അടുത്ത ദിവസം മൂന്ന് സെക്ഷനായി മൂന്ന് മണിക്കൂർ നീണ്ട “പാരൻ്റ് ഓറിയെൻ്റേഷൻ ” കഴിഞ്ഞു. —- പണിയെല്ലാം വേഗം തീർക്കുക. ഒരു പക്ഷേ ഇനിയിതെല്ലാം നടക്കുമോ എന്ന തോന്നൽ മനസ്സിൽ അലയടിച്ചിരുന്നു.

ഇരുട്ടാകും തോറും മനസ്സിൻ്റെ ഭീതിയും ഹൃദയമിടിപ്പും കൂടി. ഞാൻ വെട്ടി വിയർക്കുന്നുണ്ടായിരുന്നു. പനി മാറുന്നതാണ് എന്ന് ഞാൻ ആശ്വസിച്ചു. അല്പം ആശ്വാസം കിട്ടാനായി ഞാൻ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു. കണ്ണുകളിൽ ഇരുട്ട് കയറുംപോലെ….. വിശാലമായി കിടക്കുന്ന ആകാശത്തിൻ്റെ അതിർ ത്തികൾപ്പുറം ചിന്തകൾ കാടുകയറാൻ തുടങ്ങി. അശുഭ ചിന്തകൾ മനസ്സിനെ കീഴടക്കാൻ തുടങ്ങി. പ്രവാസ ജീവിതം വേണ്ടായിരുന്നു എന്ന് ഒരു നിമിഷം തോന്നി. ഒറ്റപ്പെട്ട പോലെ…… സത്യത്തിൽ ഗൾഫ് ജീവിതം ഇഷ്ടമായിരുന്ന എനിക്ക് ഒരു നിമിഷം – ഇത്തരം ദുഷ്ചിന്തകൾ എന്നെ വേട്ടയാടാൻ തുടങ്ങി. പുറത്തെ കാഴ്ചകൾ എന്നെ കൂടുതൽ വീർപ്പ് മുട്ടിച്ചു.തല പിളരും വേദന…

Also read:  കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോയ്ക്ക് കഴിഞ്ഞു ? ദുബായിൽ നിന്ന് അനുഭവ സാക്ഷ്യവുമായി ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം

അടഞ്ഞു കിടക്കുന്ന കടകൾ, ശൂന്യമായ റോഡുകൾ… ഇതൊന്നും കൂടാതെ ,പുറത്തിറങ്ങല്ലേ — ലോക് ഡൗൺ മുന്നറിപ്പ് അറിയിക്കുന്ന അബുദാബി പോലീസിൻ്റെ അലേർട്ട് വാണിംഗ് ശബ്ദം ഞങ്ങളുടെ മൂന്ന് പേരുടെയും മൊബൈലിൽ മുഴങ്ങുന്ന ശബ്ദം – എനിക്കൊരു മരണ കാഹളം മുഴങ്ങും പോലെ തോന്നി. നെഞ്ചിടിപ്പും കൂടി….
കണ്ണടച്ചാൽ അശുഭകരമായ സ്വപ്നങ്ങളും…..
വല്ലാത്ത അവസ്ഥ. എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു. ഇതു വരെ 24 മണിക്കൂർ തികയാതിരുന്ന എനിക്ക് ഇപ്പോൾ ക്ലോക്കിലെ മിനിറ്റ് സൂചികകൾ നിശ്ചലമായ പോലെ തോന്നി.

നേരം വെളുത്തപ്പോഴേക്കും ആരോഗ്യ വിവരം തിരക്കിയുള്ള കോളുകൾ. പ്രിൻസിപ്പലിൻ്റെ സ്നേഹം നിറഞ്ഞ സാന്ത്വനിപ്പിക്കൽ. പദവിയിലല്ല പ്രാധാന്യം, മനുഷ്യത്വത്തിലാണ് എന്ന ഗുണപാഠം .നാം ഏവരും പഠിക്കേണ്ടതും, ഉൾ കൊള്ളേണ്ടതും ആയ പാഠം.
പുറത്തേക്ക് നോക്കിയ ഞാൻ കണ്ടതോ ….. ഭാവിയെക്കുറിച്ച് ഒരെത്തും പിടിയുമില്ലാത്ത പോലെ, കുറെ ആളുകൾ സ്വപ്നങ്ങൾ തകർന്ന് കൊറോണ എന്ന സൂക്ഷ്മ വൈറസുമായി യുദ്ധകാഹളം മുഴക്കി നടന്നു നീങ്ങുന്നതായി എനിക്ക് തോന്നി. ഞാനും അവരോടൊപ്പം പങ്കുചേരാൻ പോകുന്നതായി മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.

നിയന്ത്രണം വിട്ട മനസ്സും, പിടിച്ചു നിർത്താനാവാത്ത കണ്ണുനീർ തുള്ളികൾ ആരും കാണാതിരിക്കാൻ ശക്തമായ ഒരു മഴയത്ത് ഇറങ്ങി നിൽക്കാൻ കൊതിച്ച ആ നിമിഷവുo, ടെസ്റ്റും റിസൾട്ടുകളും നൽകിയ അനുഭവങ്ങളും പങ്കുവെച്ച് ഞാൻ വീണ്ടും വരാം.എങ്ങിനെ കൊറോണയെ ആത്മവിശ്വാസത്തോടെ നേരിടണം എന്ന പാoവുമായി….

പ്രാർത്ഥിക്കാൻ മറക്കില്ലല്ലോ —

ഡോ.ഹസീനാ ബീഗം