റമദാൻ്റെ അവസാന ദിനങ്ങൾ ആയപ്പോഴേക്കും
എന്നിൽ അൽപം ക്ഷീണവും, അസ്വസ്ഥതകളും, തലവേദനയും കണ്ട് തുടങ്ങിയിരുന്നു.എല്ലാ വർഷവും റമദാൻ്റെ അവസാന നാളിൽ ഇത്തരം ക്ഷീണങ്ങൾ ഉണ്ടാവാറുള്ളത് കൊണ്ട് ഇതത്ര കാര്യമായി ഗൗനിച്ചും ഇല്ല. മാത്രമല്ല പകൽ മുഴുവൻ
ഇ-ലേണിംഗ് ക്ലാസ്സും, വിവിധ മീറ്റിംഗുകളും എല്ലാമായി തീർത്തും
തിരക്കായിരുന്നു. പകൽ അഞ്ച് മണി വരെ സ്കൂളിലെ ജോലി തിരക്കും, പിന്നീട് ഭക്ഷണമുണ്ടാക്കലും, അതിന് ശേഷം നോമ്പ് തുറക്ക് ശേഷം രാത്രിയിൽ തറാവീഹ് നമസ്കാരവും ,പ്രാർത്ഥനകളും ,ഖുർആൻ പാരായണവും എല്ലാമായി ആകെ തിരക്ക് പിടിച്ച ദിനങ്ങൾ. ഒരു ദിവസം ഇരുപത്തിനാല് മണിക്കൂർ പോര എന്ന് തോന്നിയിരുന്നു അന്നെല്ലാം . കാരണം എല്ലാ പണികളും കൃത്യമായി ചെയ്തു തീർക്കാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു.
ഈ തിരക്കിനിടയിലും മനസ്സിൽ അൽപം ആശ്വാസം കിട്ടിയിരുന്നത് ചില സാമൂഹ്യ സേവനങ്ങളിലൂടെയായിരുന്നു. എനിക്ക് വന്നിരുന്ന കോളുകൾ – – – – – ഫുഡ്, മരുന്ന്, കേരളത്തിലേക്കുള്ള യാത്രാ അനുമതിക്കായുള്ള വിഷമം നിറഞ്ഞ അന്വേഷണങ്ങൾ, മറ്റു പല ആവശ്യങ്ങൾ……… എല്ലാമൊരു പരിധി വരെ സർവ്വശക്തൻ്റെ അനുഗ്രഹത്താൽ നിറവേറ്റി കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്ന സംതൃപ്തി മാത്രമാണ് മനസ്സിൻ്റെ ആകെയൊരാശ്വാസം. ഇപ്പോഴും ഇത്തരം പ്രവർത്തികളിൽ മുഴുകുമ്പോൾ എല്ലാ ദു:ഖങ്ങളും മറക്കുന്നു.
പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഒരു പാട് നേരിട്ടറിയാൻ കഴിഞ്ഞ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്. മറ്റ് ഏത് ഗൾഫ് രാജ്യങ്ങളെക്കാളും യു.എ.ഇ പ്രവാസികളുടെ കാര്യത്തിൽ വളരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്ന് നേരിട്ടറിഞ്ഞു. യു.എ.ഇ ഭരണാധികാരികൾ എല്ലാ വിധ പ്രശംസകളും അർഹിക്കുന്നവരാണ്. കാരണം അവർ നമ്മോട് കാണിക്കുന്ന മമത, സ്നേഹം, കരുതൽ എല്ലാമെല്ലാം ….. സ്വദേശി, വിദേശിയെന്ന യാതൊരു വകഭേദവുമില്ലാത്ത ആ സ്നേഹം. പറയാതെ വയ്യ. നമ്മുടെ പോറ്റമ്മയായ രാജ്യത്തോടുള്ള കടപ്പാട് വർധിപ്പിച്ച് കൊണ്ടിരിക്കും.
ഗവൺമെൻ്റിൻ്റെ സപ്പോർട്ടും, അതോടൊപ്പം സന്നദ്ധ സംഘടനകളും ആത്മാർത്ഥമായ് ശ്രമിക്കുമ്പോഴും, കർമ്മനിരതരാകുമ്പോഴും — എത്രമാത്രം പ്രവാസികൾ ഇനിയും കണ്ണീരൊഴുക്കി ഇവിടെ ജീവിക്കുന്നുണ്ട് എന്നതും ഒരു നഗ്ന സത്യം തന്നെയാണ്. സർവ്വശക്തൻ്റെ
അപാരമായ അനുഗ്രഹം എത്രമാത്രം നമ്മിൽ ചൊരിഞ്ഞിട്ടുണ്ടെന്ന് നാം തിരിച്ചറിയും നിമിഷങ്ങൾ.
നാം എത്ര ഭാഗ്യവാൻമാർ എന്ന് നമുക്ക് മനസ്സിലാകും.
സർവ്വശക്തൻ ആരെയും ഈ മഹാമാരിയാൽ ദുരിതമനുഭവിപ്പിക്കല്ലേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാനേ നമുക്കാവൂ. ഈ ഭൂമിയിലെ ഒരോരുത്തരെയും സർവ്വശക്തൻ കാത്തുരക്ഷിക്കട്ടെ.
മഹാമാരി തുടങ്ങി അധികം വൈകാതെ തന്നെ ഗവൺമെൻ്റ് സ്കൂളുകൾ അടച്ച്
ഇ-ലേണിംഗ് സംവിധാനം തുടങ്ങി എന്നത് അധ്യാപകർക്കും,കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഒരു പാട് ആശ്വാസം നൽകിയിരുന്ന വാർത്തയാണ്. അധ്യാപകരെ സംബന്ധിച്ച് പണി അൽപം കൂടിയെങ്കിലും ഭീതിയിൽ നിന്ന് ശമനം കിട്ടാൻ ഇത് വളരെ ഉപകരിച്ചു എന്ന് പറയാതെ വയ്യ. ഗവൺമെൻറ് (അഡെക് – വിദ്യാഭ്യാസ കൗൺസിൽ) സ്കൂൾ അധികൃതരുമായി കുട്ടികളുടെ പ0നനരീതി വളരെ കൃത്യമായി വിളിച്ചന്വേഷിക്കുകയും, നെറ്റ് കണക്ഷൻ, ടാബ്, എന്നിവ ഇല്ലാത്ത കുട്ടികൾക്ക് എത്തിച്ച് കൊടുക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. ഇതിലെല്ലാമുപരി ,ആതുര സേവന രംഗത്തുള്ള ഡോക്ടേഴ്സ്, നേഴ്സ് എന്നിവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും ഒരുക്കുന്നു എന്ന ശുഭ വാർത്തയും ഏറെ സന്തോഷംതന്നെയാണ്.
പെരുന്നാൾ നമസ്കാര ശേഷം, എങ്ങിനെയോ ഞാൻ കുറച്ച് ഭക്ഷണം ഉണ്ടാക്കി. അത് കഴിഞ്ഞപ്പോഴേക്കും എനിക്ക് പനി തുടങ്ങിയിരുന്നു. കൊറോണ സുഹൃത്ത് മറ്റുള്ളവരിൽ ആഗമനം അറിയിച്ചിരുന്ന ഓരോരോ ലക്ഷണങ്ങൾ എന്നിലും കണ്ട് തുടങ്ങി . പനിയോടൊപ്പം, കടുത്ത തലവേദന, ശ്വാസം മുട്ട്, അങ്ങിനെ ഓരോന്നായി. അതിനിടയിൽ നടക്കാതെ പോയ എസ്.എസ്.എൽ.സി, പ്ലസ്‌വൺ, പ്ലസ് ടു പരീക്ഷ പുനർ നിശ്ചയിച്ച തിയ്യതികളും വന്നു. അതിന് സ്കൂളിൽ പോകണം എന്നതും വേവലാതിയായി. ഇനിയുള്ള എൻ്റെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങൾ – അധ്യായങ്ങൾ……..
ജീവിതത്തിലെ ഇരുൾ നിറഞ്ഞ ആദിനങ്ങളും – അറിഞ്ഞും അറിയാതെയും എന്നെ സാന്ത്വനിപ്പിച്ച ആ വിശിഷ്ട വ്യക്തിത്വങ്ങളോടുള്ള കടപ്പാടുമായി ഞാൻ വരാം.
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ വ്യക്തികൾ. (ഓരോ വ്യക്തികൾ എന്നെ വ്യക്തിപരമായി അറിയിച്ച സാന്ത്വനം – ഈ സമയത്ത് എനിക്ക് എത്ര ആശ്വാസമേകിയെന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല)
സുഹൃത്ത് തന്ന ചില സമ്മാനപൊതികൾ ഇനിയും ബാക്കിയാണേ എൻ്റെ കയ്യിൽ. —– സുഹൃത്തിന് വിട്ടു പോകാൻ നല്ല മടിയാണ്. അത്രക്കങ്ങ് പിടിച്ചു എന്ന് തോന്നുന്നു.
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ……
വീണ്ടും വരാം …… പ്രധാന വിശേഷങ്ങളുമായി ……
ഡോ.ഹസീനാ ബീഗം