ഗൾഫ് രാജ്യങ്ങളിൽ ഏകദേശം ഫെബ്രുവരി ആദ്യവാരത്തിലാണ് കൊറോണ എന്ന മഹാമാരി കൊടുങ്കാറ്റായി ആടിയുലയാൻ തുടങ്ങിയത് എങ്കിലും ,ലോകത്തിൻ്റെ മറ്റു പല ഭാഗങ്ങളിലും ഈ വിപത്തിൻ്റെ വിത്ത് അതിലും മുമ്പേ പാകിയിരുന്നു.
എന്നാണോ ഈ മഹാവിപത്തിനെക്കുറിച്ച് ഞാൻ അറിയാൻ തുടങ്ങിയത് അന്ന് മുതലേ എൻ്റെ മനസ്സിൽ ഭീതിയും കയറിക്കൂടി. ഓരോ കാര്യങ്ങളും വളരെ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന, മറ്റുള്ളവർക്ക് കൗൺസിലിംഗിലൂടെയും മറ്റും ആശ്വാസം പകർന്നിരുന്ന ഞാൻ സ്വന്തം കാര്യത്തിൽ വട്ടപൂജ്യമായി .
അല്ലാഹുവേ! തൻ്റെ കൊറോണ ടെസ്റ്റ് റിസൾട്ട്
” പോസറ്റീവ് ” എന്ന് മെസേജ് വായിക്കുന്ന നിമിഷം – ഏത് കൊലകൊമ്പനും ഞെട്ടും നിമിഷം.
അതെ , തലപൊക്കാനാവാതെ കട്ടിലിൽ കിടന്നിരുന്ന ഞാൻ മൊബൈലിലെ മെസേജിൻ്റെ അലേർട്ട് ശബ്ദം കേട്ട് പതുക്കെ തലയുയർത്തി നോക്കി. ചതിച്ചു…… ആദ്യം കണ്ട അക്ഷരം “P ” ഞെട്ടിപ്പോയി.
എപ്പോഴും എല്ലാ ടെസ്റ്റ് റിസൾട്ടും പോസിറ്റീവ് കാണാൻ ആഗ്രഹിക്കുന്ന, പോസറ്റീവ് ചിന്താഗതിയേ പാടൂ എന്ന് ആഗ്രഹിക്കുന്ന നാമെല്ലാവരും എപ്പോഴും ഒരു നിമിഷം ആഗ്രഹിക്കുന്ന വാക്ക് നെഗറ്റീവ്.(കൊറോണ റിസൾട്ട്)
എൻ്റെ റിസൾട്ട് അന്ന് ഞാൻ ഒരു പത്ത് പ്രാവശ്യമെങ്കിലും തിരിച്ചും മറിച്ചും നോക്കിയിട്ടുണ്ടാവും. എൻ്റെ മകനെ കൊണ്ടും വായിപ്പിച്ചു. ഒന്നും കൂടി ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. സാക്ഷരതയുടെ മൂല്യം അറിഞ്ഞ ദിനം .
ഞാൻ തളർന്നു. ഹസ്ബന്റിനെ വിളിച്ചു. ഓഫീസിലായിരുന്ന മൂപ്പരും ഞെട്ടി. അഞ്ച് മിനിറ്റിന് ശേഷം പുള്ളിയുടെ റിസൾട്ട് നെഗറ്റീവ് എന്ന് പറഞ്ഞ് ഫോൺ ചെയ്തപ്പോൾ അത് കേൾക്കാനോ മറുപടി പറയാനോ എനിക്കായില്ല.
അതായിരുന്നു എൻ്റെ സ്ഥിതി. എൻ്റെ മനസ്സ് എവിടെയോ എത്തിയിരുന്നു.
“മനസ്സ്”…. അതാണെല്ലാം.
വളരെ ശ്രദ്ധയോടെ മാത്രമാണ് ഞാൻ സ്കൂളിൽ പോയിരുന്നത്.മാസ്കിനൊപ്പം ഹിജാബും, ഗ്ലൗസും അതിനുള്ളിൽ മറ്റൊരു ഗ്ലൗസും ധരിക്കുമായിരുന്നു. എങ്കിലും ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ ചെറിയ അണു എന്നിലും കടന്നു കൂടി. എന്നോട് പോലും ചോദിക്കാതെ ….. ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് . ആർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഏവരും അമ്പരപ്പിലാണ്.
ഞാൻ അനുഭവിച്ച വിഷമങ്ങളുമായി പിന്നീട് വരാം. ആരോഗ്യം ശരിയായിട്ടില്ല .വൈറസ് സുഹൃത്ത് എന്നോട് യാത്ര പറഞ്ഞു പോയി എങ്കിലും , ഓർക്കാൻ ഒത്തിരി വിശേഷങ്ങളും, കൊച്ചു കൊച്ചു സമ്മാനങ്ങളും കൂടപ്പിറപ്പായി തന്നിട്ടുണ്ട്.
അതും കൂടി തിരിച്ചേൽപിച്ച് കൂടുതൽ വിശേഷങ്ങളുമായി ഞാൻ വരാം.
പ്രാർത്ഥിക്കുമല്ലോ…..
സ്നേഹത്തോടെ….
ഡോ.ഹസീനാ ബീഗം
(തുടരും)