കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന രാജ്യത്തെ 10 സംസ്ഥാനങ്ങളിലുള്ള 38 ജില്ലകളിലെ 45 മുന്സിപ്പാലിറ്റികൾ/കോർപറേഷനുകൾ എന്നിവിടങ്ങളിലെ കളക്ടര്‍മാർ, മുനിസിപ്പല്‍ കമ്മീഷണര്‍മാർ, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാർ,
ജില്ലാ ആശുപത്രി സൂപ്രണ്ട്മാർ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്മാർ എന്നിവരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പ്രീതി സുദന്‍ ചര്‍ച്ച നടത്തി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സ്പെഷ്യല്‍ ഓഫീസര്‍ രാജേഷ് ഭൂഷണ്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്.
ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലെ രോഗവ്യാപനം, വീടുകള്‍ തോറും സര്‍വേ നടത്തേണ്ടതിന്റെ പ്രാധാന്യം, കൃത്യമായ പരിശോധന, ഐസൊലേഷന്‍, ചികിത്സാ രീതികള്‍, സ്വീകരിക്കേണ്ട രോഗവ്യാപന നിയന്ത്രണ നടപടികള്‍ എന്നിവയെപ്പറ്റി യോഗത്തില് ചര്‍ച്ച ചെയ്തു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മറ്റ് അത്യാവശ്യ ആരോഗ്യ സേവനങ്ങളും ജനങ്ങള്‍ക്ക് ഉറപ്പുവരുത്തണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നവര്‍ക്ക് ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും 24 മണിക്കൂറും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം റൊട്ടേഷന്‍ വ്യവസ്ഥയില്‍ ലഭ്യമാക്കണം. ജില്ലാ ആരോഗ്യ സംവിധാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായും ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത കൃത്യ സമയത്ത് ഉറപ്പു വരുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതിനെതുടര്‍ന്ന്, സംസ്ഥാനങ്ങളോട്, വരും മാസങ്ങളില്‍ ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കാനും നിര്‍ദേശിച്ചു.
ഇതുവരെ, 1,24,430 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 5,137 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 48.49% ആയി. നിലവില്‍ 1,24,981 പേരാണ് ചികിത്സയിലുള്ളത്.