കൊച്ചി: കോവിഡ് 19 ന് ശേഷം മനുഷ്യരുടെ ജീവിതശൈലിയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും ഗൗരവതരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഉത്പാദന മേഖലയുടെ വളർച്ചയിലൂടെ മാത്രമേ രാജ്യത്തിന് മുന്നോട്ട് കുതിക്കാൻ കഴിയൂ. വ്യവസായ ക്ലസ്റ്ററുകളിലേക്കും ഉത്പാദന, നിർമാണ മേഖലകളിലേക്കും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്നും തരൂർ പറഞ്ഞു.
റിയൽ എസ്‌റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായ് കേരള സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ഡോ. ശശി തരൂർ.
കോവിഡ് ബാധ ലോകരാജ്യങ്ങളെ തന്നെ സ്തംഭിപ്പിപ്പിച്ചു. 175 രാജ്യങ്ങളിലെ പ്രതിശീർഷ വരുമാനത്തെ ദോഷകരമായി ബാധിച്ചു. 600 ദശലക്ഷം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടും. ആഗോള വ്യാപാരമേഖലയെ കോവിഡ് തളർത്തി. ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു പുതിയ സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ മാനസികമായി തയാറെടുക്കുകയാണ് വേണ്ടത്. ആദ്യം പകച്ചു നിന്നെങ്കിലും ചൈന വളർച്ചയുടെ വേഗത കൈവരിച്ചു. പല പ്രമുഖ രാജ്യങ്ങളും ചൈനയുമായി വ്യാപാര ബന്ധം ഉപേക്ഷിച്ചെങ്കിലും ഇച്ഛാശക്തി കൈവിടാതെ ചൈന മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
കോവിഡ് ബാധ ഏറെ ദോഷകരമായി ബാധിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെയാണ്. നഗരകേന്ദ്രീകൃതമായ പദ്ധതികൾ കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വീടുകളിൽ ഇരുന്ന് ജോലി ചെയ്യാമെന്ന സ്ഥിതി വന്നതോടെ നഗര കേന്ദ്രീകൃതമായ വികസനങ്ങൾക്ക് ഇനി പ്രസക്തിയില്ല. വെർച്വൽ റിയാലിറ്റിയിലേക്ക് ലോകം മാറുമ്പോൾ ഇന്ത്യയും അതിനനുസരിച്ച് മാറേണ്ടതുണ്ട്. അതിനു ഭരണാധികാരികൾക്ക് ദീർഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടാകേണ്ടതുണ്ട്.
പാർപ്പിട സമുച്ചയങ്ങൾക്കൊപ്പം ആശുപത്രി സമുച്ചയങ്ങൾക്കായും മുതൽമുടക്കണം. ഉത്പാദന മേഖല മെച്ചപ്പെടുത്താൻ കൂടുതൽ ഫാക്ടറികൾ സ്ഥാപിക്കണം. ഉത്പാദന മേഖല മെച്ചപ്പെടുത്താൻ ഗൗരവതരമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.
വിവിധ രാജ്യങ്ങൾ ചൈനയുമായി വ്യാപാരബന്ധം വിച്ഛേദിച്ചത് മുതലെടുക്കാൻ ഇന്ത്യക്ക് കഴിയണം. ഒരു വർഷത്തിനിടെ 53 കമ്പനികൾ ചൈന വിട്ടപ്പോൾ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയിൽ താത്പര്യം പ്രകടിപ്പിച്ചത്. അനാവശ്യ കാലതാമസം, നീതീകരിക്കാനാകാത്ത നിയന്ത്രണങ്ങൾ, വിദഗ്ധ തൊഴിലാളികളുടെ അഭാവം, നിക്ഷേപ സൗഹൃദമില്ലായ്മ, വ്യക്തമായ നയങ്ങളുടെ അഭാവം തുടങ്ങിയവ നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.
ക്രെഡായ് വൈസ് പ്രസിഡന്റ് ബൊമൻ ആർ. ഇറാനി മോഡറേറ്ററായിരുന്നു.