English हिंदी

Blog

കോവിഡ്‌-19 സമ്പദ്‌വ്യവസ്ഥയെയും ബിസിനസുകളെയും കുറിച്ചുള്ള സങ്കല്‍പ്പം തന്നെയാണ്‌ അടിമുടി മാറ്റിയത്‌. ഒന്നും പഴയതു പോലെയാകില്ല എന്ന തോന്നല്‍ ആണ്‌ ശക്തിപ്പെട്ടിരിക്കുന്നത്‌. മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. മാറ്റം അടിസ്ഥാനപരമായി സംഭവിക്കുന്ന മേഖലകളേതെന്ന്‌ തിരിച്ചറിയുക എന്നത്‌ കോവിഡ്‌ കാലത്തെ ലോകത്തെ കുറിച്ച്‌ വിലയിരുത്തുമ്പോള്‍ പ്രധാനമാണ്‌. വിവിധ തൊഴില്‍ മേഖലകളില്‍ വ്യാപരിച്ചിരിക്കുന്നവര്‍ മുന്നോട്ടു പോകുന്നതിനായി സ്വീകരിക്കേണ്ട നിലപാടുകള്‍ ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാകണം.

ബിസിനസുകള്‍ ഓണ്‍ലൈന്‍ അധിഷ്‌ഠിതമാകുന്നുവെന്നാണ്‌ കോവിഡ്‌ കാലത്തെ ഏറ്റവും വലിയ മാറ്റം. സേവനങ്ങളും ഉല്‍പ്പന്നങ്ങളുടെ വിതരണവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ മാറുന്ന പരിവര്‍ത്തനം ഭാവിയില്‍ സംഭവിക്കുമെന്ന തിരിച്ചറിവ്‌ നമുക്ക്‌ നേരത്തെയുണ്ടായിരുന്നു. സാങ്കേതികവിദ്യയില്‍ ഉണ്ടായികൊണ്ടിരുന്ന നവീകരണം അത്തരമൊരു പരിവര്‍ത്തനം ഒഴിവാക്കാനാകാത്തതാണെന്ന സൂചനയാണ്‌ നല്‍കിയത്‌. എന്നാല്‍ ഒരു പതിറ്റാണ്ട്‌ കൊണ്ട്‌ ഉണ്ടാകേണ്ട ആ മാറ്റത്തെ കോവിഡ്‌-19 അതിവേഗത്തിലാക്കുകയാണ്‌ ചെയ്‌തത്‌. നാളെ സംഭവിക്കേണ്ടത്‌ ഇന്നു തന്നെ സംഭവിച്ചു എന്ന്‌ കരുതിയാല്‍ മതി.

Also read:  രാ​ജ്യ​ത്ത് 24 മണിക്കൂറിനിടെ 48,916 പേ​ര്‍​ക്ക് രോ​ഗം; 13 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​ര്‍

വിതരണ, സേവന മേഖലകളിലാണ്‌ കോവിഡ്‌-19 കൊണ്ടു വന്ന മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്‌. അതേ സമയം ഉല്‍പ്പാദകരെ ഡിമാന്റ്‌ മാത്രമാണ്‌ സ്വാധീനിക്കുന്ന ഘടകം. അവരുടെ ബിസിനസ്‌ മോഡലുകളില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല.

വിദ്യാഭ്യാസം പോലുള്ള സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക്‌ ലഭ്യമാകുന്ന രീതിയാണ്‌ മാറിയത്‌. സേവനങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല. അത്‌ ലഭ്യമാകുന്ന മീഡിയമാണ്‌ മാറുന്നത്‌. ഈ രീതിയില്‍ വിവിധ തരം ഇടപാടുകള്‍ ഓണ്‍ലൈന്‍ അധിഷ്‌ഠിതമാകുന്നുവെന്നതാണ്‌ കോവിഡ്‌ കാലത്തെ മാറ്റം.

ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന പ്ലാറ്റ്‌ഫോം മാത്രമാണ്‌ മാറുന്നത്‌. ഉദാഹരണത്തിന്‌ സിനിമകള്‍ കോവിഡ്‌ കാലത്തും ഉണ്ടായി കൊണ്ടിരിക്കും. അത്‌ പക്ഷേ ആളുകള്‍ കാണുന്നത്‌ തിയേറ്ററുകളില്‍ ചെന്നായിരിക്കണമന്നില്ല. നെറ്റ്‌ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാകും സിനിമകള്‍ കാണികള്‍ക്ക്‌ മുന്നിലെത്തുന്നത്‌. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗകര്യവും ചെലവ്‌ കുറവും കൂടുതല്‍ ആളുകള്‍ക്ക്‌ ലോക്‌ ഡൗണ്‍ കാലത്ത്‌ ബോധ്യപ്പെട്ട നിലയ്‌ക്ക്‌ അവയ്‌ക്കുള്ള പ്രചാരം സ്വാഭാവികമായി വര്‍ധിക്കുകയേ ചെയ്യുകയുള്ളൂ.

Also read:  ഫേസ്ബുക്ക്-ബിജെപി ബന്ധം; വിവാദം പാര്‍ലമെന്‍റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും

സേവനങ്ങള്‍ക്ക്‌ ഡിമാന്റ്‌ കുറയുമ്പോള്‍ സ്വാഭാവികമായും മറ്റ്‌ വരുമാന മാര്‍ഗങ്ങളിലേക്ക്‌ മാറാന്‍ നിലവിലുള്ള ബിസിനസ്‌ മാതൃകകള്‍ അഴിച്ചു പണിയേണ്ടി വരും. ഉദാഹരണത്തിന്‌ ബാങ്കിങ്‌ മേഖലയിലെ വായ്‌പാ ബിസിനസ്‌ ഗണ്യമായി കുറയുമ്പോള്‍ ഫീ ഇനത്തിലുള്ള വരുമാനം വര്‍ധിപ്പിക്കാനായിരിക്കും ബാങ്കുകള്‍ ശ്രമിക്കുന്നത്‌.

അതേ സമയം ഏത്‌ കോവിഡ്‌ കാലത്തും പകരം വെക്കാനാകാത്ത ചിലതുണ്ട്‌. അനുഭവാധിഷ്‌ഠിതമായ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഉദാഹരണം. കോവിഡ്‌ കാലത്ത്‌ ട്രാവല്‍ & ടൂറിസം മേഖല തകര്‍ന്നുപോയത്‌ അതിനെ മറ്റൊരു പ്ലാറ്റ്‌ഫോം കൊണ്ടും പകരം വെക്കാനാകില്ല എന്നതു കൊണ്ടാണ്‌. അതേ സമയം കോവിഡ്‌ ഭീതി കുറയുമ്പോള്‍ ഇത്തരം മേഖലകളിലേക്ക്‌ സ്വാഭാവികമായും വീണ്ടും ഉപഭോക്താക്കളെത്തും. മുന്‍കരുതലിന്റെ ഭാഗമായി താല്‍ക്കാലികമായി വേണ്ടെന്നുവെച്ച വിനോദ യാത്രകളിലേക്ക്‌ ഭീതി ഒഴിയുന്നതോടെ ആളുകള്‍ വീണ്ടും തിരിയും.

Also read:  തിരുവനന്തപുരം മേയര്‍ ആര്യക്ക് അഭിനന്ദനങ്ങളുമായി കമല്‍ഹാസന്‍; തമിഴ്നാടും ഇത്തരത്തിലൊരു മാറ്റത്തിന് തയ്യാറെടുക്കുന്നു

ഡിമാന്റിലുണ്ടാകുന്ന ഏറ്റ കുറച്ചിലുകള്‍ ഏത്‌ വ്യവസായത്തെയും ബാധിക്കും. അത്‌ കോവിഡ്‌ കാലത്ത്‌ നമ്മുടെ മുന്നില്‍ ദൃശ്യമാകുന്ന യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ പകരം വെക്കാനാകാത്ത സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ കോവിഡ്‌ അനന്തര ലോകത്ത്‌ ഇല്ലാതാകില്ല. പകരം വെക്കാനാകുന്നതിനൊക്കെ സ്വയം തിരുത്തല്‍ എന്ന പ്രക്രിയയിലൂടെ സദാ കടന്നു പോകുന്ന വിപണി ബദല്‍ കണ്ടെത്തുകയും ചെയ്യും. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ്‌ കോവിഡ്‌ അനന്തര കാലത്തെ തൊഴില്‍ മേഖലകളുടെ സാധ്യതയും സാധ്യതയില്ലായ്‌മയും തിരിച്ചറിയേണ്ടത്‌.