കോവിഡ്-19ന് കവറേജ് നല്‍കുന്ന പോളിസികള്‍ വിപണിയിലെത്തിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മടിക്കുന്നു. കെട്ടിടത്തിന് തീ പിടിച്ചിരിക്കുമ്പോള്‍ ഫയര്‍ ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കാന്‍ ശ്രമിക്കുന്നമോ എന്ന ചോദ്യമാണ് കോവിഡ്-19ന് കവറേജ് നല്‍കുന്ന പോളിസികള്‍ പുറത്തിറക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മടിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ വിദഗ്‌ധര്‍ പറയുന്നത്. കോവിഡ്-19 പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആ രോഗത്തിന് കവറേജ് നല്‍കുന്ന പോളിസികള്‍ പുറത്തിറക്കുന്നത് തങ്ങളുടെ ലാഭക്ഷമതയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് കമ്പനികള്‍ക്കുള്ളത്.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ) അംഗീകാരം നല്‍കിയിട്ടുള്ള 29 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നാലെണ്ണം മാത്രമാണ് കോവിഡ്-19ന് കവറേജ് നല്‍കുന്ന പോളിസികള്‍ വിപണിയിലെത്തിച്ചത്. കോവിഡ്-19 രോഗത്തിനുള്ള ചികിത്സാ ചെലവ് അപ്രവചനീയമാം വിധം ഉയരുന്ന സാഹചര്യത്തില്‍ നിശ്ചിത സം അഷ്വേര്‍ഡ് തുക മാത്രം പോളിസി ഉടമകള്‍ക്ക് ലഭിക്കുന്ന പോളിസികളാണ് ഇവ. കൊറോണക്ക് കവറേജ് നല്‍കുന്ന പോളിസി ആദ്യം വിപണിയിലെത്തിച്ച കമ്പനി ഇപ്പോള്‍ അത്തരം പോളിസികളുടെ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്.
സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ കോവിഡ്-19ന് പരിരക്ഷ ലഭ്യമാണ്. ഇത്തരം പോളിസികളില്‍ ചികിത്സാ ചെലവ് പൂര്‍ണമായും (സം അഷ്വേര്‍ഡ് തുകയ്‌ക്കു താഴെയാണെങ്കില്‍) പോളിസി ഉടമയ്‌ക്ക് ലഭിക്കും. അതേ സമയം നേരത്തെ പോളിസികളെടുത്തവര്‍ക്ക് മാത്രമേ ഈ പരിരക്ഷ ലഭ്യമാകൂ. പുതുതായി സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നവര്‍ക്ക് ആദ്യത്തെ മൂന്ന് മാസം ഒരു രോഗത്തിനും കവറേജ് ലഭ്യമാകില്ല.
ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലംബാര്‍ഡ്, ഫ്യൂച്ചര്‍ ജനറലി, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയാണ് കോവിഡ്-19ന് കവറേജ് നല്‍കുന്ന പോളിസികള്‍ വിപണിയിലെത്തിച്ചത്. ആദ്യം പോളിസി വിപണിയിലെത്തിച്ച ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്. ഐആര്‍ഡിഎയുടെ പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരം ലൈസന്‍സ് ലഭിച്ച കമ്പനിയാണ് ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ്. ഇത്തരം കമ്പനികള്‍ക്ക് ഒരു പ്രത്യേക പോളിസി പരമാവധി 10,000 എണ്ണം മാത്രമാണ് വില്‍ക്കാനാകുന്നത്. ഈ സംഖ്യ കവിഞ്ഞതോടെയാണ് ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് കോവിഡ്-19ന് കവറേജ് നല്‍കുന്ന പോളിസിയുടെ വില്‍പ്പന നിര്‍ത്തിയത്.
ഐസിഐസിഐ ലംബാര്‍ഡിന്റെ പോളിസി എടുക്കാവുന്നത് 18നും 75നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്. 149 രൂപയാണ് പോളിസി പ്രീമിയം. 25,000 രൂപയാണ് സം അഷ്വേര്‍ഡ്. കൊറോണ വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞാല്‍ മുഴുവന്‍ സം അഷ്വേര്‍ഡ് തുകയും പോളിസി ഉടമയ്‌ക്ക് നല്‍കുന്ന രീതിയിലുള്ള പോളിസിയാണ് ഇത്.
ഫ്യൂച്ചര്‍ ജനറലിയുടെ പോളിസി എടുക്കുന്നവര്‍ക്ക് ക്വാറണ്ടൈന്‍ ചെയ്യപ്പെടുകയാണെങ്കില്‍ 50 ശതമാനവും കൊറോണ വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞാല്‍ 100 ശതമാനവും അഷ്വേര്‍ഡ് തുക ലഭ്യമാകും.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പോളിസി ലഭ്യമാക്കുന്നത്. 21,000 സം ഇന്‍ഷൂര്‍ഡുള്ള പോളിസിക്ക് 459 രൂപയും 42,000 സം ഇന്‍ഷൂര്‍ഡുള്ള പോളിസിക്ക് 918 രൂപയുമാണ് പ്രീമിയം.