കൊച്ചി: വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ വിപ്ലവത്തിലേക്ക് നീങ്ങുന്നതിന് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരമാണ് കൊവിഡ് ലോക്ക് ഡൗണെന്ന് പഠന റിപ്പോർട്ട്. വീടുകളെ സ്‌കൂളുകൾക്ക് ബദലാക്കാനാകില്ല. ലോക്ക് ഡൗണിൽ അധ്യാപകരുമായുള്ള ഇടപെടൽ, കായികം, കല, മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടതായി 88 ശതമാനം വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ പൂട്ടിയിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് തിരിയുന്നതായും പഠനത്തിൽ വ്യക്തമായി.
വിവിധ സംസ്ഥാനങ്ങളിലെ 466 വിദ്യാർത്ഥികൾക്കിടയിലും 483 അധ്യാപകർക്കിടയിലും അസോച്ചം െ്രെപമൂസ് പാർട്‌നേഴ്‌സ് നടത്തിയ സർവേയിലാണ് ഇക്കാര്യം. സ്വകാര്യ, സർക്കാർ സ്‌കൂളുകളും കോളജുകളും ഉൾപ്പെടെ വിദ്യാർത്ഥികൾ, അധ്യാപകർ, നിലവിലെ ഓൺലൈൻ സന്നദ്ധതയും വെല്ലുവിളികളും സർവേ വിശകലനം ചെയ്തു.
ലോക്ക് ഡൗൺ മുന്നോട്ട് കൊണ്ടു പോകുന്നതിനും വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കുന്നതിനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിനോട് ഇന്ത്യ പെട്ടെന്ന് പൊരുത്തപ്പെടേണ്ടതും പുന:സ്ഥാപിക്കേണ്ടതും ആവശ്യമാണ്. ഉൾപ്രദേശങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ ലഭ്യതയും സർവെ വിശകലനം ചെയ്തു. സർവെയിൽ പങ്കെടുത്ത 89 ശതമാനം പേർക്കും വിഭവങ്ങൾ പ്രാപ്യമാണെങ്കിലും സ്ഥാപനങ്ങൾ ആവശ്യമായ പിന്തുണ നൽകുന്നില്ല. റിമോട്ട് അല്ലെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾ തീർക്കാൻ അത്രകണ്ട് സാധിക്കുന്നില്ലെന്നാണ് 51 ശതമാനം അധ്യാപകരും പ്രതികരിച്ചത്.
വിദ്യാഭ്യാസ സേവനങ്ങളുടെ വിന്യാസത്തിലും വ്യതിയാനമുണ്ട്. സാമ്പത്തിക ശേഷിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന സമയം ലഭിക്കുകയും സ്വകാര്യ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും പിന്തുണയ്ക്കുകയും ചെയ്യുന്നു. പിന്നോക്കം നിൽക്കുന്നവർക്ക് കുറച്ച് പഠനസമയം മാത്രമാണ് ലഭിക്കുന്നത്. അധ്യാപകരുടെ ശേഷി നിർണായകമാണ്. ഓൺലൈൻ ക്ലാസുകൾക്ക് 17 ശതമാനം സർക്കാർ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ 44 ശതമാനം അധ്യാപകർക്ക് ഇത് ലഭ്യമായിട്ടുണ്ട്.
തത്സമയ ഓൺലൈൻ ക്ലാസ് മുറികളിലൂടെയോ ഇ മെയിൽ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി അയച്ച അസൈൻമെന്റുകൾ, വർക്ക്ഷീറ്റുകൾ എന്നിവ പോലുള്ള രേഖകളിലൂടെയോ ആണ് പഠനം നടക്കുന്നതെന്ന് സർവേ വെളിപ്പെടുത്തി.
കോവിഡ് സ്‌കൂൾ വിദ്യാഭ്യാസ വ്യവസ്ഥയെ വെല്ലുവിളിച്ചു. പഠനം സൗകര്യപ്രദമാക്കാൻ ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഒരു കുട്ടിയും വിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ എഡ്‌ടെക് പോലുള്ള ഉത്തരവാദിത്ത മാതൃകകൾ ആവശ്യമാണെന്നും െ്രെപമൂസ് പാർട്ട്‌നേഴ്‌സ് മാനേജിംഗ് ഡയറക്ടർ ചാരു മൽഹോത്ര പറഞ്ഞു. പൊതു സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ സൗകര്യങ്ങൾ ഒരുക്കണം. പ്രൊഫഷണൽ മാനേജ്‌മെന്റിനെ ഉപയോഗിച്ച് ബൃഹത്തായ പഠന പരിഹാരത്തിന് ശ്രമിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്‌വ.