കൊച്ചി: രാജ്യത്തെ കോവിഡ് പരിശോധനക്ക് വേഗതയും നൂറു ശതമാനം കൃത്യതയും ഉറപ്പു വരുത്താൻ സഹായകരമാകുന്ന തദ്ദേശ നിർമ്മിത കിറ്റിന് ഇന്ത്യൻ കൗൺസിൽ റിസർച്ചിന്റെയും (ഐ.സി.എം.ആർ) നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയുടെയും (എൻ.ഐ.വി) അംഗീകാരം ലഭിച്ചു. മുംബൈ ആസ്ഥാനമായ ഐജെനറ്റിക്‌സ് ഡയഗ്‌നോസ്റ്റിക്സും താനെ ആസ്ഥാനമായ ബയോജിനോമിക്സും സംയുക്തമായാണ് കിറ്റ് വികസിപ്പിച്ചത്. കൃത്യമായ പോസിറ്റിവ്, നെഗേറ്റിവ് കേസുകൾ തിരിച്ചറിയുന്ന തരത്തിലാണ് കിറ്റ് വികസിപ്പിച്ചത്. ആഴ്ചകൾക്കുള്ളിൽ കിറ്റുകൾ വിപണിയിലെത്തും.
പ്രതിദിനം ഒരു ലക്ഷം കൊവിഡ് പരിശോധനകളാണ് ഇന്ത്യയിൽ നടക്കുന്നത. തദ്ദേശ നിർമിത കിറ്റുകൾ വിപണിയിൽ എത്തുന്നതോടെ പരിശോധനകളുടെ എണ്ണത്തിൽ ഗണ്യമായ വർധന വരുത്താൻ സാധിക്കുമെന്ന് ഐജെനെറ്റിക്‌സ് ഡയഗ്‌നോസ്റ്റിക്‌സ് സ്ഥാപകയും സി.ഇ.ഒയുമായ അരുണിമ പട്ടേൽ പറഞ്ഞു. തെറ്റായ പോസിറ്റിവ്, നെഗറ്റിവ് കേസുകൾ കിറ്റ് രേഖപ്പെടുത്തില്ലെന്ന് നൂറു ശതമാനവും ഉറപ്പാക്കിയിട്ടുണ്ട്. ഗുണമേന്മ, വില, ഉപയോഗം എന്നിവയിൽ മികച്ചതാണ് തദ്ദേശീയമായി നിർമ്മിച്ച ആർ.ടി – പി.സി.ആർ പരിശോധന കിറ്റെന്ന് അരുണിമ പട്ടേൽ അവകാശപ്പെട്ടു.
കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഐജെനെറ്റിക്സിനൊപ്പം പങ്ക് ചേരാൻ അവസരം ലഭിച്ചതു അഭിമാനമായി കരുതുന്നുവെന്ന് ബയോജിനോമിക്‌സ് സ്ഥാപക ഡയറക്ടർ ഡോ. അർച്ചന കൃഷ്ണൻ പറഞ്ഞു. കിട്ടുകളുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ മുന്നേറുകയാണെന്നും രാജ്യത്ത് ആവശ്യമായ കിറ്റുകൾ എത്രയും വേഗം ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.
