കൊച്ചി: മെട്രോ റെയിലിൽ ലിമിറ്റഡിന്റെ കോർപറേറ്റ് ഓഫീസിന് ഗ്രീൻ ബിൽഡിംഗ്‌സ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റിംഗ് സ്വന്തമാക്കി. 100ൽ 86 പോയിന്റുകൾ നേടിയാണ് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷൻ സമുച്ചയത്തിലെ കോർപറേറ്റ് ഓഫീസ് നേട്ടം കൈവരിച്ചത്.
പരിസ്ഥിതി സൗഹൃദ രീതിയിലുള്ള നിർമാണം, രൂപകല്പന, കെട്ടിടത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പരിസ്ഥിതി സൗഹൃദ സ്വഭാവം, ഊർജ ഉപഭോഗം പരമാവധി കുറയ്ക്കൽ, പ്രകൃതിദത്ത ഊർജത്തിന്റെയും വസ്തുക്കളുടെയും പരമാവധി ഉപയോഗം തുടങ്ങിയവ പരിശോധിച്ചാണ് ഗ്രീൻ റേറ്റിംഗ് നൽകിയത്.
ഓഫീസിന്റെ ഡിസൈൻ ഘട്ടം മുതൽ ഹരിതചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. മെട്രോയുടെ മുഴുവൻ സ്റ്റേഷനുകൾ, മുട്ടത്തെ ഓപ്പറേഷൻ ആൻഡ് കമാൻഡ് സെന്റർ എന്നിവയ്ക്കും പ്ലാറ്റിനം റേറ്റിംഗ് നേരത്തെ ലഭിച്ചിരുന്നു.