കണ്ണൂർ ജില്ലയിലെ ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ്-19 ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേർതിരിക്കും. യാത്രക്കാരിൽ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കാനും ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും നിർദ്ദേശം നൽകി. ഇതിനാവശ്യമായ സജീകരണങ്ങൾ ബസ്സുകളിൽ ലഭ്യമാക്കും.
ആദ്യഘട്ടത്തിൽ കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സർവ്വീസ് നടത്തുന്ന ബസ്സുകളിലായിരിക്കും ഈ സംവിധാനങ്ങൾ ഏർപ്പെടുത്തുക. ആവശ്യമെന്നുകണ്ടാൽ മറ്റുസ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കോവിഡ്-19 ന്റെ സാഹചര്യത്തിൽ ജോലിചെയ്യുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അവരുടെ മനോവീര്യം ഉയർത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു