തിരുവനന്തപുരം: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ആഭിമുഖ്യത്തിൽ പൊൻമുടി വനപരിധിയിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി. വൈദ്യുതിയെത്താത്ത ഇരുപത്തിയാറാം നമ്പർ ലയത്തിലെ കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഓൺലൈൻ പഠനത്തിനു സൗകര്യം ഒരുക്കുന്നതിൽ ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സിനൊപ്പം വനം വകുപ്പും പൊന്മുടി വനസംരക്ഷണ സമിതിയും പങ്കു ചേർന്നു. വൈദ്യുതി എത്താത്ത മേഖലയായതിനാൽ പഠന സൗകര്യമൊരുക്കുന്നതിനായി സോളാർ പാനൽ, ടെലിവിഷൻ, ഡിഷ് കണക്ഷൻ എന്നിവ ലഭ്യമാക്കുകയായിരുന്നു.
നിർധനരായ പല കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സു തുടങ്ങിയതു മുതൽ വൈദ്യുതിയും ടെലിവിഷനുമൊന്നും ഇല്ലാത്തതു കാരണം ക്ലാസ്സുകൾ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് തീരുവനന്തപുരം ശാഖയുടെ ശ്രദ്ധയിൽ പെട്ടു . ഇതോടെയാണ് പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് വേണ്ട സഹായം ചെയ്യാൻ ശിശുരോഗ വിദഗ്ദ്ധരുടെ സംഘടന തീരുമാനമെടുത്തത്. പ്രൈമറി ക്ലാസു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഇവിടെയുണ്ട്. നാടെങ്ങും ഓൺലൈൻ പഠന സൗകര്യമൊരുങ്ങുമ്പോൾ പഠന സാഹചര്യങ്ങളൊന്നുമില്ലാതെ വിഷമിക്കുകയായിരുന്നു വൈദ്യുതി പോലുമില്ലാത്ത ഈ ലയത്തിലെ കുട്ടികളും രക്ഷിതാക്കളും. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നേതൃത്വത്തിൽ പഠന സൗകര്യമൊരുങ്ങുക മാത്രമല്ല, ടെലിവിഷനിൽ വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തിയിട്ടാണ് അവർ മടങ്ങിയത്. സോളാർ പാനലിന്റെയും ടെലിവിഷന്റെയും ഉദ്ഘാടനം കഴിഞ്ഞ ദിവസം വാർഡ് മെമ്പർ ജിഷ നിർവഹിച്ചു. തീരുവനന്തപുരം ശാഖാ പ്രസിഡന്റ് ഡോ പി ബെന്നറ്റ് സൈലം, സെക്രട്ടറി ഡോ പ്രിയ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് ഡോ അഞ്ചു കൺമണി, ടീം ലീഡർ ഡോ അഭിരാം ചന്ദ്രൻ, ഫോറസ്റ്റ് ഓഫീസർ സെൽവരാജ്, എന്നിവർ സംസാരിച്ചു.