മുംബൈ: ഓഹരി വിപണി ഇന്ന് ശക്തമായ വില്‍പ്പന സമ്മര്‍ദത്തെ അതിജീവിച്ച് ലാഭത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 242.52 പോയിന്റ് നേട്ടമാണ് രേഖപ്പെടുത്തിയത്.
യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനങ്ങളാണ് വിപണിയെ തളര്‍ത്തിയ ഒരു പ്രധാന ഘടകം. യുഎസിന്റെ ജിഡിപി 2020ല്‍ 6.5 ശതമാനം താഴുമെന്ന യുഎസ് ഫെഡിന്റെ നിഗമനമാണ് ഓഹരി വിപണി രാവിലെ ശക്തമായി ഇടിയുന്നതിന് വഴിവെച്ചത്. യുഎസ് ഓഹരി വിപണി ഇടിഞ്ഞതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും കണ്ടു. ലോകവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്നതും വിപണിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ രാവിലത്തെ വില്‍പ്പന സമ്മര്‍ദത്തിനു ശേഷം പിന്നീട് വിപണി ഇന്ന് ശക്തമായി തിരിച്ചുകയറി.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33780.89 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. നിഫ്‌റ്റി 70 പോയിന്റ് നേട്ടത്തോടെ 9,972.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 9,544.35 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. 9500 പോയിന്റിലാണ് അടുത്ത താങ്ങ്.
ഇന്ന് 9500ലെ താങ്ങ് നിലവാരം നിലനിര്‍ത്താന്‍ നിഫ്‌റ്റിക്ക് സാധിച്ചു. എന്നാല്‍ തിങ്കളാഴ്‌ച അത് നിലനിര്‍ത്താന്‍ സാധിക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. 9500ലെ താങ്ങു നിലവാരം ഭേദിക്കുകയാണെങ്കില്‍ 9000നും 10,000നും ഇടയില്‍ വ്യാപാരം ചെയ്യുന്ന റേഞ്ചിലേക്ക് വിപണിയുടെ ഗതി നീങ്ങാനാണ് സാധ്യത.
മഹീന്ദ്ര & മഹീന്ദ്ര, ഇന്‍ഫ്രാടെല്‍, ശ്രീ സിമന്റ്‌സ്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയ അഞ്ച് ഓഹരികള്‍.