മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ കുതിപ്പിനു ശേഷം ഇന്ന് ഓഹരി വിപണിയില്‍ ലാഭമെടുപ്പ് ദൃശ്യമായി. സെന്‍സെക്‌സ് 561 പോയിന്റും നിഫ്‌റ്റി 165 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്.
രാവിലെ മികച്ച തുടക്കമായിരുന്നെങ്കിലും പിന്നീട് ലാഭമെടുപ്പ് വിപണിയെ താഴേക്ക് നയിക്കുകയായിരുന്നു. വ്യാപാരത്തിനിടെ 35,706.55 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് അവിടെ നിന്നും ആയിരത്തിലേറെ പോയിന്റ് ഇടിവ് നേരിട്ട് 34868.98ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി 10,305.30 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 10,553.15 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 10 ഓഹരികള്‍ മാത്രമാണ് ഇന്ന് ലാഭമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോഴ്‌സ്, ഗെയില്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഏയ്‌ഷര്‍ മോട്ടോഴ്‌സ് എന്നിവ മൂന്ന് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയിന്‍മെന്റ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഐസിഐസിഐ ബാങ്ക് 7 ശതമാനം നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് എന്നീ നിഫ്‌റ്റി ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നഷ്‌ടം രേഖപ്പെടുത്തി.
ബാങ്കിംഗ് ഓഹരികള്‍ ശക്തമായ ഇടിവാണ് നേരിട്ടത്. നിഫ്‌റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 4 ശതമാനം നഷ്‌ടം നേരിട്ടു. ഫാര്‍മ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായിരുന്നു.