മുംബൈ: ഈ ആഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് ഓഹരി വിപണി കുതിപ്പോടെ തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്‌ച മൂന്ന് മാസത്തെ ഉയര്‍ന്ന നിലയിലേക്കെത്തിയ ഓഹരി സൂചികകള്‍ അവിടെ നിന്നുള്ള മുന്നേറ്റത്തിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നതാണ് കണ്ടത്.
വിപണി കുതിച്ചതോടെ സെന്‍സെക്‌സ് വീണ്ടും 35,000 പോയിന്റിന് മുകളിലേക്കും നിഫ്‌റ്റി 11,300 പോയിന്റിന് മുകളിലേക്കും ഉയര്‍ന്നു. പക്ഷേ സെന്‍സെക്‌സിന് 35,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്യാനായില്ല. വ്യാപാരത്തിനിടെ 35,213.52 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് 34911.32ലാണ് ക്ലോസ് ചെയ്‌തത്. 179.59 പോയിന്റാണ് ഇന്ന് സെന്‍സെക്‌സ് മുന്നേറിയത്.
നിഫ്‌റ്റി 66 പോയിന്റ് നേട്ടത്തോടെ 10,311.20 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 10,393.65 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.
ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, വേദാന്ത, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഓട്ടോ ആറ് ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാന്‍സ്, വേദാന്ത, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നീ നിഫ്‌റ്റി ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
റിലയന്‍സ് ഇന്റസ്‌ട്രീസ് എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ ഇന്ന് പുതിയ റെക്കോഡ് രേഖപ്പെടുത്തി. 1,804.20 രൂപ വരെ വില ഉയര്‍ന്നെങ്കിലും വ്യാപാരം അവസാനിപ്പിച്ചത് ഒരു ശതമാനം നഷ്‌ടത്തോടെയാണ്.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 13 ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്‌ടം നേരിട്ടത്. ബാങ്കിംഗ് ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 9.5 ശതമാനം നേട്ടം രേഖപ്പെടുത്തി.
ഫാര്‍മ ഓഹരികളാണ് ഏറ്റവും മികച്ച പ്രകടനം രേഖപ്പെടുത്തിയത്. നിഫ്‌റ്റി ഫാര്‍മ സൂചിക 2.16 ശതമാനം മുന്നേറി. കോവിഡിനുള്ള പുതിയ മരുന്ന് വിപണിയിലെത്തിച്ച ഗ്ലെന്‍മാര്‍ക് ഫാര്‍മയുടെ ഓഹരി വില ഇന്ന് 28 ശതമാനമാണ് ഉയര്‍ന്നത്. സിപ്ലയുടെ ഓാഹരി വില ഇന്ന് നാലര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.