കൊച്ചി: കൊവിഡ് വൈറസ് പ്രതിരോധ പോരാട്ടത്തിൽ സംസ്ഥാന സർക്കാരിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ് 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്‌സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ സംഭാവന ചെയ്തു. നേരത്തെ നൽകിയ 1,00,000 ഗുളികൾക്ക് പുറമെയാണിത്. മന്ത്രി ഇ.പി. ജയരാജൻ ഗുളികൾ ഏറ്റുവാങ്ങി.
മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനും ക്ലബ്ബിന്റെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പേജുകൾ വഴി ‘സല്യൂട്ട് അവർ ീറോസ്’ എന്ന കാമ്പെയ്ൻ ആരംഭിച്ചു. ഹീറോകൾക്ക് നന്ദി പറയാൻ ആരാധകരെ അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം ഫിൽട്ടറും ആരംഭിച്ചു. ഏഴ് ദിവസത്തിനുള്ളിൽ മൂന്ന് ദശലക്ഷം ആരാധകരിൽ എത്തി.
ദുഷ്‌കരമായ സാഹചര്യങ്ങളിൽ സമൂഹത്തിനായി എല്ലാവരെയും ഒരുമിപ്പിക്കാൻ പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.
1.5 ലക്ഷം പ്രതിരോധ ഗുളികകൾ സംഭാവന ചെയ്യുക വഴി ഫുട്‌ബോളിന് പുറമേ കേരള സമൂഹത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
2018 ൽ പ്രളയസമയത്ത് ക്ലബ്ബ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഫുട്‌ബോൾ, കായിക സംരംഭങ്ങൾ എന്നിവയോടൊപ്പം മാനുഷിക സംരംഭങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് സേവനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.