‘ഒത്തു ചേരൽ, സമ്മേളനം, ആളുകൾ കൂടുന്ന ചടങ്ങുകൾ… ഏതു കാരണത്തിനായാലും ഈ അവസരത്തിൽ അപകടകരം തന്നെ.’ പറയുന്നത് ഡോ. രാജീവ് ജയദേവൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ബ്രാഞ്ച് പ്രസിഡന്റ്. പകർച്ചവ്യാധി രോഗ വിദഗ്ദ്ധൻ.
ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ഉൾപ്പെടെ തുറക്കാനുള്ള സർക്കാർ തീരുമാനത്തോട് വിയോജിച്ച് മുന്നറിയിപ്പുകളും ജാഗ്രതാനിർദ്ദേശങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.
സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ജോലിയിൽ ഏർപ്പെടുക, അതിജീവനം നടത്തുക. അതു നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. കാരണം ശ്വാസം ഒരു പരിധിയിൽ കൂടുതൽ പിടിച്ചു വയ്ക്കാനാവില്ലല്ലോ.
ഇന്ത്യയിൽ മരണങ്ങളും കേസുകളും ഓരോ 15 ദിവസവും ഇരട്ടിക്കുന്നു. വൈറസിന്റെ അതിവേഗ വ്യാപനത്തിന്റെ വ്യക്തമായ തെളിവാണിത്.
വൈറസിനെ പടിക്കു പുറത്തു നിർത്തുക, കഴിയുമെങ്കിൽ തുരത്തുക എന്നതാണ് നാം ചെയ്യേണ്ടത്. അല്ലാതെ വിളിച്ചു വീട്ടിൽ വരുത്തി ചായ കൊടുക്കുകയല്ല വേണ്ടത്. പറഞ്ഞു കേൾക്കുന്നതു പോലെ ‘ഒപ്പം ജീവിക്കാൻ’ നമ്മുടെ ബന്ധുവോ സുഹൃത്തോ ഒന്നുമല്ല മാരകമായ ഈ വൈറസ്.
ശാസ്ത്രത്തിന് പലപ്പോഴും മറ്റുള്ളവർ തുറന്നു പറയാൻ മടിക്കുന്ന അപ്രിയ സത്യങ്ങൾ പറയേണ്ടി വരും. അതിനാൽ ശാസ്ത്രീയ സംഘടനയായ ഐ.എം.എ ആരാധനാലയങ്ങൾ ധൃതി പിടിച്ചു തുറക്കരുതെന്ന് മുന്നറിയിപ്പു നൽകുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയാണിത്. ശാസ്ത്രീയ അവബോധമുള്ള എല്ലാ പൊതുജനങ്ങളും ഇതിനോടു യോജിക്കുന്നെന്നും മനസിലാക്കുന്നു.
തിരുവനതപുരം പാളയം ജുമാ മസ്ജിദ് തുറക്കുന്നില്ല എന്ന തീരുമാനം എത്രയോ മാതൃകാപരം. അഭിനന്ദനങ്ങൾ.
വൈറസിന് ആരാധനാലയമോ വിവാഹമോ സ്‌കൂളോ മാളോ കോടതിയോ എന്ന് തിരിച്ചറിയാൻ കഴിവില്ല. ആളുകൾ എവിടെ കൂടുന്നോ അത് അവിടെ വ്യാപിക്കും.
ഒരു ജെറ്റ് പ്ലെയ്ൻ ടേക്കോഫ് ചെയ്യുന്നതു പോലെ മുകളിലേക്ക് കുതിച്ചുയരുന്ന നമ്മുടെ ഗ്രാഫ്, താഴത്തേക്ക് വന്നു തുടങ്ങുമ്പോഴാണ് എല്ലാ രാജ്യങ്ങളും ഒത്തുകൂടൽ ചടങ്ങുകൾ പതിയെ അനുവദിക്കുക, നമുക്കും അതു തന്നെ മതി.
അല്ലെങ്കിൽ ഇന്നത്തെ ഈ ജെറ്റ് പ്ലെയ്ൻ, നാളെ ഒരു റോക്കറ്റ് ആയി മാറുന്നതും, പിന്നീട് പൊട്ടിത്തെറിക്കുന്നതും കണ്ടേണ്ടി വരും.