കലൈഞ്ജർ എന്ന എം. കരുണാനിധി 1924 ജൂൺ 3 ആം തിയതി നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു.
തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായ ഇദ്ദേഹം 1969 ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു.
അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി.
സേലം മോഡേൺ തിയേറ്റേഴ്സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ പരിചയത്തിൽ 1949 ൽ മോഡേൺ തിയേറ്റേഴ്സിൽ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി.
മോഡേൺ തിയറ്റേവ്സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്റെ ആഗ്രഹ പ്രകാരം മന്ത്രികുമാരി എന്ന അദ്ദേഹത്തിന്റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംബാഷണവും രചിച്ചു.
എല്ലിസ്.ആർ. ഡങ്കണായിരുന്നു സംവിധായകൻ. ജാതി മത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി.
1969-71/1971-74/1989-91/1996-2001/ 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് നേടുന്നത്.
മൂന്ന് ഭാര്യമാരിലായി ഇദ്ദേഹത്തിന് ആറ് മക്കളുണ്ട്. മക്കളിൽ സ്റ്റാലിൻ തമിഴ്നാട് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിട്ടുണ്ട്. വേറൊരു മകനായ അഴഗിരി കേന്ദ്രമന്ത്രിയും മകൾ കനിമൊഴി രാജ്യസഭാംഗവുമായിരുന്നു.
2018 ആഗസ്റ്റ് 7 ആം തിയതി ലോകം മുഴുവനുള്ള അദ്ദേഹത്തിന്റെ ആരാധകരേയും പാർട്ടി പ്രവർത്തരേയും കണ്ണീരിലാഴ്ത്തി അദ്ദേഹം വിടവാങ്ങി.