ഇന്ധന വില തുടര്‍ച്ചയായി രണ്ടാം ദിവസവും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത് കോവിഡ് കാലത്ത് വരുമാന നഷ്‌ടം നേരിടുന്ന സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളെ പരിഗണിക്കാതെയുള്ള തീരുമാനമാണ്. നേരത്തെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ വില ഉയര്‍ത്തി ജനങ്ങളെ പിഴിയുന്നത് തുടരുകയാണ്.
ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വില ഉയരുമ്പോള്‍ പെട്രോള്‍ വില കൂട്ടുകയും ഇടിയുമ്പോള്‍ തീരുവ ഉയര്‍ത്തി അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നത് വിചിത്രമായ നയമാണ്. ജനങ്ങളുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇന്ധന വില വര്‍ധന ഒഴിവാക്കാന്‍ സാധിക്കും വിധം ഖജനാവിനെ ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആ ബാധ്യത നിറവേറ്റാന്‍ പരാജയപ്പെടുന്ന സര്‍ക്കാരാണ് ഇത്തരം വിചിത്രം നയം പിന്തുരന്നത്.
പെട്രോള്‍ വിലയുടെ കാര്യത്തില്‍ `ഡീറെഗുലേഷന്‍’ നടപ്പിലാക്കിയതു കൊണ്ടാണ് ഇപ്പോള്‍ ഈ വിലവര്‍ധന ഒഴിവാക്കാന്‍ സാധിക്കാത്തത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. `ഡീറെഗുലേഷനി’ലും ഇഷ്‌ടം പോലെ വെള്ളം ചേര്‍ത്താണ് സര്‍ക്കാരിന്റെ നയം നടപ്പിലാക്കല്‍. പെട്രോള്‍ വില രാജ്യാന്തര ക്രൂഡ് ഓയില്‍ വിലക്ക് അനുസരിച്ച് തീരുമാനിക്കുന്നതിനെയാണ് `ഡീറെഗുലേഷന്‍’ എന്ന് പറയുന്നത്. അത് സര്‍ക്കാരിന് ഇഷ്‌ടമുള്ളപ്പോള്‍ നിര്‍ത്തിവെക്കാനും പിന്നീട് ഇഷ്‌ടമുള്ളപ്പോള്‍ ഒന്നിച്ച് വില വര്‍ധന അടിച്ചേല്‍പ്പിക്കാനും പറ്റുന്ന ഒരു സംവിധാനമാക്കി മാറ്റാമെങ്കില്‍ അതിനെയെങ്ങനെയാണ് `ഡീറെഗുലേഷന്‍’ എന്ന് വിളിക്കുന്നത്? 2018 ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാര്‍ ഇന്ധന വില കുറച്ചിരുന്നു. അന്ന്`ഡീറെഗുലേഷന്‍’ നയമൊന്നും ബാധകമായിരുന്നില്ല.
ഇന്ത്യ പോലൊരു രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന ഘടകങ്ങള്‍ കൃത്യമായി വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അവിടെയും കാണുന്നത് കെടുകാര്യസ്ഥതയുടെ മുഖം തന്നെ.
ഇന്ത്യക്ക് അത്തരമൊരു `ഹെഡ്‌ജിംഗ്’ തന്ത്രം- സംഭവിക്കാവുന്ന നഷ്‌ടത്തെയോ അധിക ചെലവിനെയോ പ്രതിരോധിക്കാന്‍ മുന്‍കൂട്ടി ചെയ്യുന്ന നിക്ഷേപതന്ത്രം- ക്രൂഡ് ഓയില്‍ വിലയുടെ ചാഞ്ചാട്ടം ശക്തമാകുമ്പോള്‍ ചെയ്യാമായിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 25-30 ഡോളറില്‍ നില്‍ക്കുമ്പോള്‍ ഹെഡ്‌ജിംഗിന് ആയുള്ള ഉപാധികള്‍ ഉപയോഗിച്ച് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നുവെങ്കില്‍ ആവശ്യമായ ക്രൂഡ് ഓയിലിന്റെ നാലില്‍ മൂന്നും ഇറക്കുമതി ചെയ്യുന്ന നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത് വളരെ ഫലവത്തായ ഒരു `ഹെഡ്‌ജിംഗ്’ ആകുമായിരുന്നു. ക്രൂഡ് ഓയില്‍ അന്നത്തെ കുറഞ്ഞ നിരക്കില്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന് ക്രൂഡ് വില 40 ഡോളറിന് മുകളില്‍ നില്‍ക്കുമ്പോള്‍ കുറഞ്ഞ വിലക്ക് ഇന്ധനം ലഭ്യമാക്കാനും ക്രൂഡ് ഓയില്‍ വില ഉയരുന്നത് നമ്മുടെ രാജ്യത്തെ ഇന്ധന വിലയില്‍ അതേ പടി പ്രതിഫലിക്കുന്നത് ഒഴിവാക്കാനും സര്‍ക്കാരിന് കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരം ദീര്‍ഘദര്‍ശനം നിറഞ്ഞ ഇടപെടലുകളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.