English हिंदी

Blog

ഡല്‍ഹിയിലെ പുരാണ ക്വില, പഴയകോട്ട എന്നര്‍ത്ഥം. പാണ്ഡവരുടെ കോട്ടയായ ഇന്ദ്രപ്രസ്ഥം ഇവിടെയായിരുന്നു എന്നാണ് ഐതീഹ്യം.

അഖില്‍-ഡല്‍ഹി

”അകലത്തെ പച്ചപ്പിലേക്ക് നോക്കി നിന്നപ്പോള്‍, നഷ്ടപ്പെട്ട ശക്തി ഒഴുകി തിരിച്ചെത്തുന്നതുപോലെ തോന്നി, കാട്, ആനമേയുന്ന ഈന്തല്‍പ്പടര്‍പ്പുകള്‍, കാട്ടാടുകളുടെ കൊമ്പുരഞ്ഞു തീപാറുന്ന ശിലാശൃംഖങ്ങള്‍, വേട്ടക്കാരുടെ കൊലവിളികള്‍. കാട്ടാളരുടെ കളിത്തട്ടായ കാട്.
അവിടെയെങ്ങോ കാമത്തിന്റെ തീപ്പൊരികള്‍ കെടാതെ കാത്ത് ഒരു കറുത്ത സുന്ദരി അലയുന്നുണ്ട്. അവിടെയെങ്ങോ, വൃണം പൊട്ടിയൊലിക്കുന്ന ശിരസ്സുമായി ഒരു ശത്രുവും അലയുന്നുണ്ട്.
അതു രണ്ടുമുള്ളപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന രണ്ടാമത്തെ പീഠത്തിന് താനര്‍ഹനല്ല.
ചെങ്കുത്തായ വഴിയിലൂടെ ഇടറാത്ത കാലുകള്‍ അമര്‍ത്തിച്ചവിട്ടി, വീണുകിടക്കുന്ന ശ്യാമമേഖം പോലെ താഴത്തുകാണുന്ന വന ഭൂമിലെത്താന്‍ വേണ്ടി ഭീമസേനന്‍ നടന്നു.
അപ്പോള്‍ വഴികാട്ടാന്‍ വേണ്ടി, വെള്ളപ്പറവകള്‍ മേഘങ്ങളില്‍നിന്ന് ഇറങ്ങി വ്യൂഹം ചമച്ച് മുമ്പേ താഴ്‌വാരത്തിലേക്ക് പറന്നു.”….

പുരാണ ക്വില അകത്തു നിന്നുള്ള വീക്ഷണം.
പുരാണ ക്വില അകത്തു നിന്നുള്ള വീക്ഷണം.

എം.ടിയുടെ വിഖ്യാതമായ നോവല്‍ രണ്ടാമൂഴത്തിന്റെ അവസാന ഭാഗം ഓര്‍മ്മിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഇതിഹാസങ്ങളും പുരാണങ്ങളും വാഴ്ത്തിയതാണ് ഇന്ദ്രപ്രസ്ഥം.

ഡല്‍ഹിക്ക് ആ വിളിപ്പേരു കിട്ടാന്‍ കാരണമായ കോട്ടയും കൊത്തളങ്ങളും ഇന്നും ഉണ്ട്. ഇന്ദ്രപ്രസ്ഥം അസുര ശില്പിയായ മയന്‍ പാണ്ഡവര്‍ക്കായി നിര്‍മ്മിച്ചു നല്‍കി എന്നാണ് ഐതീഹ്യം. എന്നാല്‍ ഐതീഹ്യ കഥകളെയും മിത്തുകളെയും സാധൂകരിക്കുന്ന ചരിത്രശേഷിപ്പുകളൊന്നും ഇവിടെ ഇല്ല. പാണ്ഡവരുടെ കോട്ട നിലനിന്നിരുന്നു എന്ന് കരുതുന്ന പ്രദേശത്ത് ഇന്നുള്ള കോട്ട ‘പുരാണ ക്വില’ അല്ലെങ്കില്‍ പുരാതന കോട്ട എന്ന പേരില്‍ അറിയപ്പെടുന്നു. ഈ സ്ഥലത്തെ കോട്ടയും കൊത്തളങ്ങളും അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ മുഗള്‍ സാമ്രാട്ട് ഷെര്‍ഷ സൂരി നിര്‍മ്മിച്ചതാണ്. ഷെര്‍ഷയ്ക്ക് ശേഷം മകന്‍ ഹുമയൂണ്‍ പുനര്‍നിര്‍മ്മിച്ച കോട്ടയ്ക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ വലിയ പ്രാധാന്യം ഉണ്ട്. ഈ കോട്ടയുടെ കിഴക്കേ ഗോപുരത്തില്‍ നിന്നും നോക്കിയാല്‍ അധികം ദൂരെത്തല്ലാതെ നിസാമുദ്ദീന്‍ പ്രദേശത്ത് ഹുമയൂണിന്റെ ശവകുടീരവും കാണാം. സായാഹ്ന സമയത്തെ നിസ്‌കാരത്തിന് പോകാന്‍ തിടുക്കപ്പെട്ട് ഇറങ്ങവെ 1556-ലാണ് തന്റെ സ്വകാര്യ പുസ്തകാലയത്തിന്റെ മേല്‍ത്തട്ടില്‍ നിന്നാണ് ഹുമയൂണ്‍ വീണ് മരിക്കുന്നത്. ഷെര്‍ മണ്ഡല്‍ എന്ന പേരിലുള്ള ആ പുസ്തകാലയം ഇന്നും കോട്ടയ്ക്കത്ത് നിലനില്‍ക്കുന്നുണ്ട്.
22 യുദ്ധങ്ങള്‍ ജയിച്ച അവസാനത്തെ ഹിന്ദു സാമ്രാട്ട് ‘ഹേമു’ വിന്റെ (ഹേമചന്ദ്ര വിക്രമാദിത്യന്‍) തന്റെ കിരീട സ്വീകരണച്ചടങ്ങും നടത്തിയത് ഈ കോട്ടയ്ക്കകത്താണ്. പാനിപ്പട്ട് യുദ്ധത്തില്‍ പരാജയപ്പെട്ട ഹേമുവിന്റെ ശിരസില്ലാത്ത ശവം ആഴ്ചകളോളം തൂങ്ങിയാടിയതും ഈ കോട്ടയുടെ മുഖവാരത്തിലാണ്.

പുരാണ ക്വില തടാകത്തില്‍ നിന്നുള്ള ദൃശ്യം.

പുരാണ ക്വില (പഴയ കോട്ട എന്നര്‍ത്ഥം) എന്ന ഈ പഴയ കോട്ടക്കുളളില്‍ നില്‍ക്കുമ്പോള്‍ പുരാണങ്ങളും ഇതിഹാസ കഥകളും മിത്തുകളും, ചരിത്രവും ഇടകലര്‍ന്ന വികാരങ്ങളും ചിന്തകളും നമ്മുടെ മനസിലൂടെ കടന്നു പോകും.

കഥകളുറങ്ങാത്ത ഇതിഹാസമായ മഹാഭാരത കഥയിലെ സംഭവ പരമ്പരകള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് ഇന്ദ്രപ്രസ്ഥം. യമുനയുടെ തീരത്തെ നിബിഡ വനമായിരുന്ന ഖാണ്ഡവപ്രസ്ഥം. പാണ്ഡവരുടെ തോഴന്‍ ശ്രീകൃഷ്ണനും കൂട്ടാളികളായ യാദവരും ചേര്‍ന്ന് വെട്ടിത്തെളിച്ച പ്രദേശത്ത് അസുര ശില്പി മയന്‍ പാണ്ഡവര്‍ക്കായി പണികഴിപ്പിച്ചു ദേവന്മാരുടെ ദേവനായ ഇന്ദ്രന്റെ സഭക്ക് തുല്യമായ കൊട്ടാരം എന്നാണ് ഐതീഹ്യം.
അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ ആദ്യത്തെ മുഗള്‍ അധിനിവേശക്കാരനായിരുന്നു ഷെര്‍ഷാ സൂരി. എ.ഡി 1545-ല്‍ ഷെര്‍ഷായുടെ മരണശേഷം മകന്‍ ഇസ്‌ലാം ഷായും പിന്നിട് ഹുമൂണ്‍ ചക്രവര്‍ത്തിയും ഈ കോട്ട പുനര്‍നിര്‍മ്മിച്ചു എന്നാണ് എഴുതപ്പെട്ട മുഗള്‍ ചരിത്രം.
5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നില നിന്നിരുന്നു എന്നു കരുതപ്പെുന്ന ഇന്ദ്രപ്രസ്ഥത്തിന് ചരിത്രപരമായ തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ മുഗള്‍, ഗുപ്ത, മൗര്യ, കുശാക് വംശങ്ങളുടെയും, സിന്ധു നദീതട സംസ്‌കാരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഉല്‍ഖനനത്തിലൂടെ ഇവിടെ നിന്നും ലഭിച്ചു. 1930 വരെ ഈ കോട്ടയുടെ ഉള്ളില്‍ ‘ഇന്ദ്രപദം’ എന്നൊരു ഗ്രാമം നിലനിന്നിരുന്നു എന്നും ചരിത്രകാരന്മാര്‍ പറയുന്നു. ഈപഴയ കോട്ട ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. കോട്ടയോട് ചേര്‍ന്നാണ് ഡല്‍ഹി മൃഗശാല. ഇടത് വശത്ത് കോട്ടയുടെ മുന്നിലുള്ള വലിയ കിടങ്ങ് ഇന്ന് ടൂറിസ്റ്റുകള്‍ക്ക് ബോട്ടിംഗ് നടത്താനുളള കൃത്രിമ തടാകമാണ്. കോട്ടക്ക് വെളിയിലെ കിടങ്ങ് കാലാന്തരത്തില്‍ തടാകമായും രൂപപ്പെട്ടതാകാം എന്നും അനുമാനിക്കപ്പെടുന്നു.
യന്ത്രങ്ങളും വാഹനങ്ങളും ഇല്ലാത്ത കാലത്ത് മനുഷ്യന്‍ തന്റെ നഗ്നമായ കരങ്ങള്‍കൊണ്ട് തീര്‍ത്ത നിര്‍മ്മിതികള്‍ കാലത്തെ അതിജീവിച്ച് ഇന്നും നില നില്‍ക്കുന്നു എന്നത് കൗതുകമാണ്. മുഗള്‍ കാലത്തെ നിര്‍മ്മിതികളെല്ലാം കുമ്മായക്കൂട്ടും ചുണ്ണാമ്പുകല്ലും കരിക്കിന്‍ വെള്ളവും എല്ലാം ചേര്‍ന്ന സുര്‍ക്കി മിശ്രിതത്തില്‍ തീര്‍ത്തവയാണ്. ഈ കോട്ട പ്രത്യേക സംരക്ഷണം ഒന്നും ഇല്ലാതെ തന്നെ ഇന്നും നില നില്‍ക്കുന്നത് വലിയ അത്ഭുതമാണ്. ഡല്‍ഹിയിലെ ആദ്യത്തെ കോട്ടായാണ് ഡല്‍ഹി മഥുര റോഡില്‍ ഇന്ത്യാഗേറ്റിനും യമുനാ നദിക്കും മധ്യേയുള്ള ഈ കോട്ട. ‘പാണ്ഡവനോം കാ ക്വില’ (പാണ്ഡവരുടെ കോട്ട) എന്ന വാക്കില്‍ നിന്നും രൂപപ്പെട്ടതാണ് പുരാണ ക്വില എന്നും പറയപ്പെടുന്നു.

Also read:  മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍
പാക് അഭയാര്‍ത്ഥികള്‍ പുരാണ കോട്ടയ്ക്കുള്ളില്‍ 1947-ലെ ചിത്രം.

ഐതീഹ്യങ്ങളും, അവയുടെ കഥകളും മിത്തുകള്‍ക്കൊപ്പം ചേര്‍ത്തുവായിക്കാന്‍ ചില സ്ഥലനാമങ്ങളും അവയുടെ ഉല്‍പ്പത്തിയും ഇന്നും ശേഷിക്കുന്നു.

ലോകത്തെ അതിപുരാതന നഗരങ്ങളിലൊന്നായ ദില്ലിക്ക് ഇന്ദ്രപ്രസ്ഥം എന്ന മായിക നഗരത്തോട് ചേര്‍ത്തുവായിക്കാന്‍ ധാരാളം കഥകളുണ്ട്.
ഷെര്‍ഷാ സൂരിക്ക് ശേഷം അധികാരമേറ്റ ഹുമയൂണും തന്റേതായ നിര്‍മ്മാണവും ഈ കോട്ടയോട് ചേര്‍ത്തു. കാലങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് രാജാവ് ജോര്‍ജ് ആറാമനാണ് 1911-ല്‍ ഡിസംബര്‍ 12-ന് കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ബ്രിട്ടീഷ് രാജിന്റെ തലസ്ഥാനം മാറ്റി സ്ഥാപിക്കുന്നത്. പുരാണ ദില്ലിയിലെ കിംഗസ് വേ ക്യാമ്പില്‍ നിന്നും വൈസ്രോയിയുടെ കൊട്ടാരവും ഉദ്യോഗസ്ഥരുടെ താമസവും ന്യൂഡല്‍ഹിയിലേക്ക് മാറ്റിസ്ഥാപിച്ചപ്പോള്‍ ന്യൂഡല്‍ഹിയുടെ മുഖ്യ വാസ്തുശില്പി ബ്രിട്ടിഷ് എന്‍ജിനീയര്‍ സര്‍ എഡ്വേര്‍ഡ് ലുട്ടിന്‍സ് പുരാണ കിലയെ അവഗണിച്ചില്ല. ഇന്ദ്രപ്രസ്ഥവും അനുബന്ധ കഥകളും ഒരു സംസ്‌കാരത്തിന്റെ ഈടുവെയ്പുകളാണെന്ന് തിരിച്ചറിഞ്ഞ ലുട്ടിന്‍സ് സായിപ്പ്, റെയ്‌സിന കുന്നില്‍ ബ്രിട്ടീഷ് വൈസ്‌റോയിയുടെ ഔദ്യേഗിക ഭവനം (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) സ്ഥാപിച്ചപ്പോള്‍ രാഷ്ട്രപതി ഭവനും, രാജ് പഥും, ഇന്ത്യാ ഗേറ്റും എല്ലാം ഒരു നേര്‍ രേഖയില്‍ നിര്‍മ്മിച്ചു. രാഷ്ട്രപതി ഭവന്റെ താഴികക്കുടത്തില്‍ നിന്നും ഒരു നേര്‍രേഖ വരച്ചാല്‍ അത് കടന്നു പോകുന്നത് പുരാണ ക്വിലയുടെ പടിഞ്ഞാറെ ഗോപുരത്തിലെ മുഖ്യ കവാടത്തിന് മുകളിലൂടെയായിരിക്കും.

Also read:  ഇന്ത്യ അമേരിക്ക സഹകരണം ശക്തമാക്കുമെന്ന് ബൈഡന്‍;വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന് മോദി

പുരാണ ക്വിലയുടെ കോട്ടക്കുള്ളില്‍ ഹുമയൂണ്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ലൈബ്രറി ഇന്നും കേടില്ലാതെ നിലനില്‍ക്കുന്നു. തന്റെ സ്വകാര്യ ലൈബ്രറിയും നക്ഷത്ര നിരീക്ഷണ കേന്ദ്രവും ഇവിടെയായിരുന്നു. ഇതിന്റെ രണ്ടാം നാലാം നിലയില്‍ നിന്നും സായാഹ്ന നിസ്‌കാരത്തിന് പുറപ്പെടുമ്പോള്‍ 1556-ജനുവരി 24-ന് ഹുമയൂണ്‍ ചക്രവര്‍ത്തി വീണ് മരിക്കുന്നത്.

ഹരിയാനയിലെ പാനിപ്പട്ടിലുള്ള ഹേമ ചന്ദ്ര വിക്രമാദിത്യന്റെ പ്രതിമ.

മഹാഭാരത കഥകളില്‍ വര്‍ണിക്കുന്ന ഐതീഹ്യ കഥകളുടെ കേന്ദ്രങ്ങളെല്ലാം തന്നെ ഇന്ദ്രപ്രസ്ഥത്തോട് അടുത്തുതന്നെയാണ്. കൗരവരുടെ തലസ്ഥാനമായിരുന്ന ഹസ്തിനപുരത്തിന്റെ സ്ഥാനം ഡല്‍ഹിയില്‍ നിന്നും 165 കിലോമീറ്റര്‍ ദൂരെ ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമായിരുന്നു എന്ന് പറയപ്പെടുന്നു.

ഹസ്തിന്‍പൂര്‍ എന്നൊരു ഗ്രാമം ഇവിടെയുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഇന്ന് ഹരിയാനയിലാണ്. പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായിരുന്ന ദ്രോണാചാര്യന്റെ നാടായിരുന്നു ഗുര്‍ഗോണ്‍ (‘ഗുരുവിന്റെ ഗ്രാമം’) ഗുഡുഗാവ് എന്നും ഗുരുഗ്രാം എന്നും പറയാറുണ്ട്. ഇന്ന് വന്‍കിട ബഹുരാഷ്ട്ര കമ്പനികളും, ഫാക്ടറികളുടെയും കേന്ദ്രമായ ഹരിയാനയിലെ ഗുര്‍ഗോണ്‍ എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തിയും മഹാഭാരത ഐതീഹ്യ കഥകളോട് ബന്ധപ്പെട്ടതാണ്.
പുരാണ ക്വിലയുടെ നിര്‍മ്മിതി തനതായ മുഗള്‍ രീതിയിലാണ്. വലിയ കരിങ്കല്ലുകളും, ചുണ്ണാമ്പുകല്ലും, രാജസ്ഥാനില്‍ നിന്നും കൊണ്ടുവന്ന ചുമന്ന കല്ലുകളും ധാരാളം ഉപയോഗിച്ചിരിക്കുന്നു. ഉയര്‍ന്ന പ്രദേശത്താണ് കോട്ട ചുറ്റിനും കിടങ്ങുകള്‍.
പടയോട്ടങ്ങളും പിടിച്ചടക്കലുകളും, അതിജീവനവും ഡല്‍ഹി എന്ന പുരാതന നഗരത്തിന് പറയാന്‍ ഏറെയുണ്ട്. ഷെര്‍ഷാ സൂരിയോട് തോറ്റ ഹുമയൂണ്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കോട്ട തിരികെ പിടിച്ചെങ്കിലും ഒരു മാസത്തിനകം താന്‍ കീഴടക്കിയ കോട്ടയില്‍ താന്‍ നിര്‍മ്മിച്ച പുസ്താകാലയത്തിന്റെ രണ്ടാം നിലയില്‍ നിന്നും തലകുത്തി വീണ് മരിച്ചു. ജനുവരി 24 -1556 ലാണ് ഹുമയൂണിന്റെ മരണം എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
കോട്ടയുടെ പ്രത്യേകതകള്‍ ഇവയാണ്:

18 മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ലും സുര്‍ക്കി മിശ്രിതവും ചേര്‍ത്ത നിര്‍മ്മാണം. ഒന്നര കിലോ മീറ്റര്‍ ചുറ്റളവിലാണ് കോട്ട. 3 വലിയ വൃത്താകൃതിയിലുള്ള വലിയ വാതിലുകള്‍. കോട്ടയ്ക്ക് മകളില്‍ കാവല്‍ക്കാരുടെ ഇരിപ്പിടങ്ങള്‍. കോട്ടയുടെ പിന്നിലെ ചുറ്റു മതിലിനോട് ചോര്‍ന്ന് സൈനീകര്‍ക്ക് വിശ്രമിക്കാനുള്ള ഇടങ്ങള്‍. കിഴക്ക് ദിക്കിലേക്ക് അഭിമുഖമായ ബഡാ ദര്‍വാജയാണ് (വലിയ കവാടം) ഇന്നും ഉപയോഗിക്കുന്നത്. മറ്റൊന്ന് ഹുമയൂണ്‍ കവാടം (ഇവിടെ നിന്നു നോക്കിയാല്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകൂടീരം കാണാം. ഹുമയൂണ്‍ ചക്രവര്‍ത്തിയാണ് ഇത് നിര്‍മ്മിച്ചത്. മൂന്നാമത്തെ കവാടം തലാഖീ ദര്‍വാജ (ഉപേക്ഷിക്കപ്പെട്ട കവാടം) എന്നും അറിയപ്പെടുന്നു. എല്ലാ കവാടങ്ങളും രണ്ടു നിലകളില്‍ പടുത്തുയര്‍ത്തിയവയും, കാവല്‍ മാടങ്ങളും ഉള്‍ച്ചേര്‍ന്നതാണ്. കോട്ടയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന്റെ മ്യൂസിയം പ്രവര്‍ത്തിക്കുന്നു. ഉത്ഖനനത്തില്‍ ലഭിച്ച വസ്തുക്കളും ടെറാക്കോട്ട ശില്പങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

Also read:  ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റ് :കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റ് 
അക്ബറിന്റെ നഴ്‌സ് സ്ഥാപിച്ച ഖൈറുള്‍ മന്‍സില്‍ മന്‍സില്‍ മദ്രസയും മോസ്‌കും.

ഈ കോട്ട കൈയ്യടക്കിയവരാരും അധികനാള്‍ ഭരിക്കാനോ ജീവിക്കാനോ സാധിച്ചില്ല. ഷെര്‍ഷാ സൂരിയില്‍ നിന്നും കോട്ട പിടിച്ചെടുത്ത ഹുമയൂണ്‍ തന്റെ സായാഹ്ന നിസ്‌കാരത്തിന് പോകവെ തലകുത്തി വീണ് മരിച്ചു.

ഡല്‍ഹി സിഹാസനത്തിന്റെ അവസാനത്തെ ഹൈന്ദവ രാജവായ ഹേമു എന്ന ഹേം ചന്ദ്ര വിക്രമാദിത്യനെ ഹുമയൂണ്‍ വധിച്ചു. ഉത്തരേന്ത്യയിലാകെ 22 യുദ്ധങ്ങള്‍ ജയിച്ച ഹേമുവിന്റെ അന്ത്യം ദയനീയമായിരുന്നു, കൊലപ്പെടുത്തിയശേഷം ഹേമുവിന്റെ തലയറ്റ ശരീര ഭാഗം കോട്ട വാതിലിന് മുകളില്‍ കെട്ടിത്തൂക്കി, പ്രദേശവാസികളെ ഭയപ്പെടുത്താനായിരുന്നു ഇത്. എ.ഡി 1556 ഒക്ടോബര്‍ 7-നായിരുന്നു ഹേമുവിന്റെ രാജാഭിഷേകം, നവംബര്‍ മാസത്തില്‍ പാനിപ്പട്ടില്‍ നടന്ന യുദ്ധത്തില്‍ ഹുമയൂണിന്റെ പടയോട്ടത്തില്‍ ഹേമു കൊല്ലപ്പെട്ടു. അഭിഷേകം നടന്ന അതേ കോട്ടയുടെ വാതിലില്‍ അദ്ദേഹത്തിന്റെ തലയില്ലാത്ത ജഡവും പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഹുമയൂണിന് ശേഷം അക്ബറും, പിന്നെ ഷാജഹാനും ഡല്‍ഹി നഗരത്തിനായി യുദ്ധം ചെയ്‌തെങ്കിലും പുരാണ ക്വിലയില്‍ നിന്നും മാറി ലാല്‍ ക്വിലയിലേക്ക് തന്റെ കോട്ടയും രാജ കൊട്ടാരവും മാറ്റി സ്ഥാപിക്കുകയായിരുന്നു ഷാജഹാന്‍ ചക്രവര്‍ത്തി.

ഈ കോട്ടയെ എതിര്‍ വശത്തുള്ള ഖൈരുള്‍ മന്‍സില്‍ മസ്ജിദുമായി ഒരു കല്‍പ്പാത വഴി ബന്ധിപ്പിച്ചിരുന്നു. ഈ പാത മുറിച്ചാണ് ഡല്‍ഹി-മധുര റോഡ് കടന്നു പോകുന്നത്. ഖൈരുള്‍ മന്‍സില്‍ മസ്ജിദ് നിര്‍മ്മിച്ചത് മുഗള്‍ സാമ്രാട്ട് അകബര്‍ ചക്രവര്‍ത്തിയുടെ നഴ്‌സായിരുന്ന മഹം അംഗ എന്ന വനിതയാണ്.

കോട്ടയ്ക്കകത്തുള്ള പുരാവസ്ഥ വകുപ്പിന്റെ മ്യൂസിയവും ഗാലറിയും.
കോട്ടയ്ക്കകത്തുള്ള പുരാവസ്ഥ വകുപ്പിന്റെ മ്യൂസിയവും ഗാലറിയും.

സ്വതന്ത്ര്യ ഇന്ത്യയില്‍ ഈ പുരാതന കോട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യ-പാക് വിഭജന കാലത്ത് ലാഹോറിലേക്കുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്നത് ഈ കോട്ടയ്ക്കുള്ളിലെ താല്‍ക്കാലിക ക്യാമ്പുകളിലായിരുന്നു. ഡല്‍ഹിക്കും ലാഹോറിനുമിടയില്‍ ശവങ്ങള്‍ കുത്തിനിറച്ച് തീവണ്ടികളോടിയിരുന്ന കാലത്ത് സാധുക്കളായ അയര്‍ത്ഥികളെ സംരക്ഷിച്ചതും ഈ കോട്ടയാണ്.

പുരാണ ദില്ലി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് അന്ന് പാക്കിസ്ഥാനിലെ ലാഹോറിലേക്ക് മുസ്ലി അഭയാര്‍ത്ഥികള്‍ യാത്ര ചെയ്തിരുന്നത്. അതായത് ലോകം ഇന്നോളം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിച്ചതും ഈ കോട്ടയാണ്.

രാജാക്കന്മാര്‍ പോരാടി, വെട്ടിപ്പിടിച്ചും തച്ചുടച്ചും തലമുറകള്‍ കൈമറിയ ഈ കോട്ട ഇന്നും നിലനില്‍ക്കുന്നു. വരും തലമുറകള്‍ക്ക് കഥകളുടെ അക്ഷയ ഖനിയൊരുക്കി ഈ പഴയ കോട്ട കാത്തിരിക്കുന്നു.
രണ്ടാമൂഴത്തിന്റെ കഥാകാരന്‍ പറഞ്ഞതുപോലെ, ‘അതിനാല്‍ സഹജരേ കുരുവംശ മഹിമകള്‍ നമുക്ക് വീണ്ടും പാടാം. സൂതരേ മാഗധരേ, കണ്ഠമുണര്‍ന്നു പാടുക , കഥകള്‍ക്ക് അന്ത്യമുണ്ടാകാതിരിക്കട്ടെ’.