കൊച്ചി: മോശം വഴിയിലൂടെ സഞ്ചരിക്കുന്ന ചൈനയെ മറികടക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി പറഞ്ഞു. എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കും. കൊറോണയേയും ഇപ്പോഴത്തെ ചൈനീസ് ആക്രമണത്തേയും ഇന്ത്യ അതിജീവിക്കും. ഇന്ത്യൻ പട്ടാളക്കാർ ധൈര്യശാലികളുടെ കൂട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വിർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡും ഇപ്പോഴത്തെ ചൈനീസ് നീക്കങ്ങളും സാമ്പത്തികരംഗത്തെ എങ്ങനെ സ്വാധീനിക്കും എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
1965 ലും 1991 ലും ഇന്ത്യ തകരുമെന്ന് പലരും പറഞ്ഞിരുന്നു. പിന്നീട് മികച്ച നിലയിലേക്ക് ഇന്ത്യ വളരുകയാണ് ചെയ്തത്. ശക്തമായ കഴിവുകളുള്ള രാജ്യമാണ് ഇന്ത്യ. ആദ്യകാലത്ത് ആവശ്യത്തിന് ഉത്പാദനമില്ലായ്മയാണ് ഇന്ത്യയെ വലച്ചിരുന്നതെങ്കിൽ ആസൂത്രിതമായ പദ്ധതികളിലൂടെ 10 വർഷംകൊണ്ട് മികച്ച കാർഷികോത്പാദന രാജ്യമായി മാറാൻ കഴിഞ്ഞു.
കഴിഞ്ഞ ആറു വർഷമായി കൃത്യമായ നയങ്ങളിലൂടെയല്ല ഇന്ത്യ സഞ്ചരിക്കുന്നത്. സാമ്പത്തിക രംഗത്തുള്ളവർ കാര്യങ്ങളുടെ ഗൗരവം ഉൾക്കൊള്ളുന്നില്ലെന്നും മോശം നയങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൈനയുടെ നീക്കങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇന്ത്യൻ മേഖലയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ചൈനക്കാർ അവിടം ഒഴിവാക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്‌മോഹൻ നായർ, സീനിയർ വൈസ് പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, ഹോണററി സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.